കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്ര സർക്കാർ മണ്ണുവാരിയിടുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.
രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് നിതി അയോഗിന്റെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനമായ ഫിറ്റ്ചിന്റെയും റിപ്പോർട്ടുകളിൽ ഇക്കാര്യമുണ്ട്. കടബാധ്യത രണ്ടുവർഷം കൊണ്ട് 38 ശതമാനത്തിൽനിന്ന് 34 ശതമാനമായി കുറഞ്ഞു. തനത് നികുതി വരുമാനം 50 ശതമാനത്തിലേറെ വർധിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്.
എന്നിട്ടും സംസ്ഥാനത്തിന് അർഹമായ തുക നൽകാതെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. നെല്ലുസംഭരണം, ഉച്ചഭക്ഷണവിതരണം, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്. സംസ്ഥാനത്തിനുള്ള ഗ്രാന്റും നികുതിവിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു. വായ്പാ പരിധിയിൽ അനാവശ്യ നിയന്ത്രണം കൊണ്ടുവന്നു. ഒരുശതമാനം അധികവായ്പയോ, പാക്കേജോ വേണമെന്ന ആവശ്യം നിരസിച്ചു. പൂർണമായും കേന്ദ്രസഹായത്തോടെയുള്ള 18 പദ്ധതികളുടെ വിഹിതം 60 ശതമാനമായി കുറച്ചു.
ഈ രാഷ്ട്രീയ നീക്കത്തെ എതിർക്കാനും സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനും പകരം കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ പാർലിമെന്റിൽ ഉൾപ്പെടെ കേരളത്തിനു വേണ്ടി ഒരു കാര്യവും സംസാരിക്കാൻ അവർ തയ്യാറാവാത്തത്. യുഡിഎഫിന്റെ നേതാക്കൾ എടുക്കുന്ന സമീപനം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിപരീതമാണ്. യുഡിഎഫ് എന്നു പറഞ്ഞാൽ ബിജെപിയ്ക്കു വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്നവരാണ്.