കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ പറ്റിയുള്ള അന്താരാഷ്ട്ര കോൺക്ലേവ് സെപ്തംബർ 30ന് ആരംഭിക്കുകയാണ്. ‘നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നിർമ്മിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസത്തിന്റെ ഭാവി എന്ത്’ എന്ന വിഷയത്തിൽ ഐ എച്ച് ആർ ഡിയുടെ ആഭിമുഖ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. സെപ്തംബർ 30, ഒക്ടോബർ 1 ദിവസങ്ങളിലായി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കോൺക്ലേവിൽ ദേശീയ, അന്തർദേശീയ വിദഗ്‌ദ്ധരും വിദ്യാഭ്യാസ നയരൂപീകരണ രംഗത്തെ പ്രതിനിധികളും വ്യവസായ പ്രമുഖരും ഒത്തു ചേരും.
ചാറ്റ് ജിപിടി പോലുള്ള ജനറേറ്റീവ് നിർമ്മിത ബുദ്ധി വിവരസാങ്കേതിക വിദ്യാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സമയമാണിത്. നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ആലോചനകൾക്കും ശ്രമങ്ങൾക്കും തുടക്കമിടാനാണ് കോൺക്ലേവ് വഴിയുദ്ദേശിക്കുന്നത്. കോൺക്ലേവിന് മുന്നോടിയായി, കേരളത്തിലെ വിവിധ ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിൽ എഐ-തീം സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള അവസരമാണ് ഇതുവഴിയൊരുങ്ങുന്നത്.
ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വൈവിധ്യപൂർണ്ണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളത്തെ വാർത്തെടുക്കാൻ ഈ അന്താരാഷ്ട്ര കോൺക്ലേവ് ഊർജം പകരും.