രാജ്യത്തെ 25 വയസ്സിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതരാണെന്ന് പഠന റിപ്പോർട്ട്. അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ സസ്റ്റൈനബിൾ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2023" റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഇതേ പ്രായപരിധിയിലുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ 21.4 ശതമാനത്തിനും തൊഴിലില്ല. കോവിഡാനന്തരം തൊഴിലില്ലായ്മ നിരക്ക് 2017-18ലെ 8.7 ശതമാനത്തിൽനിന്ന് 2021-22ൽ 6.6 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴാണ് ബിരുദധാരികളിലെ തൊഴിലില്ലാത്തവരുടെ എണ്ണം വർധിക്കുന്നത്.
35–39 പ്രായപരിധിയിൽ തൊഴിലില്ലായ്മ നിരക്ക് 4.5 ശതമാനവും 40 വയസ്സും അതിൽ കൂടുതലുമുള്ള ബിരുദധാരികൾക്ക് 1.6 ശതമാനവുമാണ്. സർക്കാരിൽനിന്നുള്ള വിവരങ്ങളും ഐഡബ്ല്യുഡബ്ല്യുഎജിഇ, ബംഗുളൂരു ഐഐഎം എന്നിവയുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തൊഴിൽ സൃഷ്‌ടിക്കൽ രാജ്യത്ത് പ്രധാന വെല്ലുവിളിയായി തുടരുന്നുവെന്നും റിപ്പോർട്ട് അടിവരയിടുന്നു. കോവിഡ് ആഞ്ഞടിച്ച 2020-21ൽ സ്ഥിരം വേതനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായി. കൂടുതലും സ്‌ത്രീകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അതേസമയം, പിന്നീട് ഔപചാരിക തൊഴിലിൽ വർധന ഉണ്ടായിട്ടും വർധനയുടെ മൂന്നിലൊന്നു മാത്രമാണ് സ്‌ത്രീകൾക്ക് ലഭിച്ചത്.