കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ അതുല്യനായ സംഘാടകനും അടിസ്‌ഥാന വർഗ്ഗത്തിന്റെ ഉജ്ജ്വല നേതൃത്വവുമായിരുന്ന സഖാവ് അഴീക്കോടൻ രാഘവന്റെ രക്തസാക്ഷി ദിനമാണിന്ന്. അമ്പത്തിയൊന്നു വർഷങ്ങൾക്ക് മുൻപാണ് രാഷ്ട്രീയ എതിരാളികൾ സഖാവിന്റെ ജീവനെടുത്തത്. 1972 സെപ്തംബർ 23 ന് രക്തസാക്ഷിത്വം വരിക്കുമ്പോൾ ഐക്യ മുന്നണി കൺവീനറും സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അഴീക്കോടൻ പൊതുപ്രവർത്തനമാരംഭിച്ചത്. ജനകീയതയുടെ പര്യായമായി വളർന്ന സഖാവ് തന്റെ അനുപമമായ നേതൃശേഷി കേരളത്തിലങ്ങോളമിങ്ങോളം പാർടി കെട്ടിപ്പടുക്കാൻ വിനിയോഗിച്ചു. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സംഘടനാ കാർക്കശ്യവും പാർടിയെ കേരളത്തിൽ കരുത്തുറ്റ സമരശക്തിയാക്കി മാറ്റുന്നതിന് സഹായകമായി.
കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ നേതാവാണ് സഖാവ് അഴീക്കോടൻ. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യമായ പാടവമുണ്ടായിരുന്ന സഖാവ് 1967 ലാണ് ഐക്യമുന്നണിയുടെ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടത്. പാർടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇടതുപക്ഷ രാഷ്ട്രീയത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ യത്നിച്ച അദ്ദേഹം പാവപ്പെട്ടവന്റെ അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായി. അഴീക്കോടന്റെ സ്മരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് എക്കാലത്തും ഊർജ്ജം പകരുന്നതാണ്.