Skip to main content

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗിൽ ഇടം നേടി

അഭിമാനകരമായ ഉയർച്ചയിലാണ് നമ്മുടെ സർവ്വകലാശാലകൾ. ആ മികവിന് ഒരിക്കൽക്കൂടി സുവർണ്ണശോഭ നൽകിയിരിക്കുകയാണ് എംജി സർവ്വകലാശാലയുടെ പുത്തൻ നേട്ടം. കേരളത്തിന്റെ യശസ്സ് വീണ്ടുമുയർത്തി ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇടം നേടിയിരിക്കുന്നു; രാജ്യത്ത് രണ്ടാം സ്ഥാനവും!

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗിൽ ഇടം നേടുന്നത്. 2023ലെ ടൈംസ് യംഗ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ആഗോള തലത്തില്‍ 77-ാം സ്ഥാനവും എംജി നേടിയിരുന്നു.

ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സി (ഐഐഎസ്‌സി) ന് തൊട്ടുപിന്നിലായാണ് ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാപനമായി എംജി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാല, ഡല്‍ഹിയിലെ ജാമിയ മില്ലിയ എന്നിവയ്‌ക്കൊപ്പമാണ് എംജി ഈ സ്ഥാനം പങ്കിട്ടത്. രാജ്യത്തെ 91 സര്‍വ്വകലാശാലകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ കേരളത്തില്‍ നിന്ന് എംജിയ്ക്കു പുറമെ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയും ഇടംപിടിച്ചിട്ടുണ്ട്.

അധ്യാപനം, ഗവേഷണം, അറിവു പങ്കുവയ്ക്കല്‍, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. പുതിയ കാലഘട്ടത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക്, ഗവേഷണ മേഖലകളില്‍ നടത്തിയ മുന്നേറ്റത്തിനുള്ള പൊൻപതക്കം.

യുഎസ് ന്യൂസിന്റെ 2022-23ലെ റാങ്കിംഗില്‍ പോളിമര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ട എംജി സര്‍വ്വകലാശാല, വികസ്വര രാജ്യങ്ങളിലെ സര്‍വ്വകലാശാലകളുടെ 2022ലെ ടൈംസ് റാങ്കിംഗില്‍ 101-ാം സ്ഥാനവും ഗവേഷണ-സംരംഭകത്വ മേഖലകളിലെ മികവിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടല്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും മികവു പുലർത്തി ഈ ഉയർച്ചക്ക് വഴിവെച്ച സര്‍വ്വകലാശാലാ കാമ്പസ് സമൂഹത്തെ കേരളത്തിനാകെ വേണ്ടി അഭിനന്ദിക്കുന്നു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് വീണ്ടും വീണ്ടും ഊർജ്ജവും കരുത്തും പിന്തുണയും പകരുന്ന ഈ കുതിപ്പിൽ അഭിമാനം, നിറഞ്ഞ സന്തോഷം.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.