കേരളത്തിലെ വലതുപക്ഷം അസ്വസ്ഥരാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും മുൻ ഭരണകക്ഷിയായ കോൺഗ്രസും ഈ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയാണ് ഇപ്പോൾ. എന്നാൽ, അവർക്കൊപ്പമോ ഒരടി മുന്നിലോ ഈ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മറ്റൊരു വിഭാഗംകൂടിയുണ്ട്. അതാണ് വലതുപക്ഷ മാധ്യമങ്ങൾ. ബിജെപിയും കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ഒരു മുന്നണിയെ പോലെയാണ് നീങ്ങുന്നത്. ഈ മുക്കൂട്ട് മുന്നണിയുടെ ഹിമാലയൻ അസ്വസ്ഥതയ്‌ക്ക് കാരണം മറ്റൊന്നുമല്ല. പിണറായി സർക്കാരിന് രണ്ടാമൂഴം ലഭിച്ചുവെന്നതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിപിഐ എം നയിക്കുന്ന ഒരു സർക്കാരിന് ഭരണത്തുടർച്ച ലഭിച്ചത്. പിണറായി വിജയൻ പടിയിറങ്ങുന്ന ദിനം കാത്തിരുന്നവർക്ക് ഇരുട്ടടിയെന്നോണമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽവന്നത്. സർക്കാരും ജനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഇത്തരമൊരു ചരിത്രവിധിക്ക് വഴിയൊരുക്കിയത്.
എന്നാൽ, ഈ ജനവിധി അംഗീകരിക്കാൻ മുക്കൂട്ട് മുന്നണി തയ്യാറല്ല. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണെങ്കിലും അതിനെ ഞങ്ങൾ താഴെയിറക്കുമെന്ന പിടിവാശിയിലാണ് ഇവർ. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മുക്കൂട്ട് മുന്നണി ഇപ്പോൾ ശ്രമിച്ചുവരുന്നത്. കേരളത്തിനുള്ള കേന്ദ്ര ധനസഹായം വെട്ടിക്കുറച്ചതിനെ ന്യായീകരിച്ചും സാധാരണ ജനങ്ങളുടെ സാമ്പത്തിക ജീവിതത്തിന് താങ്ങായിനിൽക്കുന്ന സഹകരണമേഖലയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയും മറ്റും ഇവർ നടത്തുന്ന നീക്കം ഇപ്പോൾ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി മാറിയിരിക്കുകയാണ്. സിപിഐ എം വിരോധം സർക്കാർ വിരോധമായും അത് കേരള വിരോധമായും മാറുന്ന കാഴ്‌ചയാണ് ഇപ്പോൾ തെളിയുന്നത്. ഇത്തരമൊരു കേരള വിരുദ്ധത സൃഷ്ടിക്കുന്നതിൽ മുൻനിന്നു പ്രവർത്തിക്കുകയാണ് സംസ്ഥാനത്തെ വലതുപക്ഷ മാധ്യമങ്ങളും. രാജ്യത്തെ എല്ലാ തിൻമകളുടേയും കേന്ദ്രമായാണ് വലതുപക്ഷ മാധ്യമങ്ങൾ ഇപ്പോൾ കേരളത്തെ ചിത്രീകരിക്കുന്നത്. സംസ്ഥാനത്ത് ജീവിക്കുന്നതുതന്നെ അപകടകരമാണെന്ന പ്രതീതി നിർമാണമാണ് അവർ നടത്തുന്നത്.
സമീപകാലത്തായി കേരളത്തിലെ പ്രമുഖ വലതുപക്ഷ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത ചില വാർത്തകളാണ് ഇങ്ങനെ പറയാൻ എന്നെ നിർബന്ധിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ആരോഗ്യ വകുപ്പിനെതിരെ വസ്‌തുതയുടെ ഒരു പിൻബലവുമില്ലാതെ ഉന്നയിച്ച അഴിമതി ആരോപണമാണ്. പ്രമാദമായ ഒരു കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒരു ചാനലാണ് ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെതിരെ അഴിമതി ആരോപണവുമായി രംഗത്തുവന്നത്. ഈ ചാനൽ റീ ലോഞ്ച് ചെയ്‌തശേഷം ഇത് മൂന്നാമത്തെ വാർത്തയാണ് ആരോഗ്യ വകുപ്പിനെതിരെ വരുന്നത്. ആദ്യം ‘ഹൃദ്യം’ പദ്ധതിക്കെതിരെയാണ് രംഗത്തുവന്നതെങ്കിൽ പിന്നീട് നിപാ വേളയിൽ മന്ത്രിയെ മാറ്റുകയാണെന്ന കള്ളവാർത്തയുമായി രംഗത്തുവന്നു. ഇപ്പോഴാകട്ടെ ആയുഷിൽ ഹോമിയോ ഡോക്ടറുടെ താൽക്കാലിക നിയമനത്തിന് 1.75 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നാണ് ആരോപണം. കോൺഗ്രസുമായി അടുത്ത ബന്ധമുള്ള മലപ്പുറത്തെ ഒരു റിട്ടയർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനാണ് അഴിമതി ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ഉന്നയിച്ച ആളുടെ വിശ്വാസ്യതയോ ആരോപണത്തിന്റെ നിജസ്ഥിതിയോ തരിമ്പും പരിശോധിക്കാതെ ബ്രേക്കിങ് ന്യൂസ് നൽകി. മറ്റ് ചാനലുകളും പത്രങ്ങളും ഇത് ഏറ്റുപിടിച്ചു. ആരോഗ്യ മന്ത്രിയുടെ പ്രതികരണംപോലും ചോദിക്കാതെയാണ് വാർത്ത പുറത്തുവിട്ടത്. വാർത്ത പുറത്തുവിടുന്നതിനുമുമ്പ് മന്ത്രിയോട് പ്രതികരണം ആരാഞ്ഞാൽ വാർത്ത നൽകി പിണറായി സർക്കാരിനെ ‘ഞെട്ടിപ്പിക്കാനു’ള്ള അവസരം നഷ്ടപ്പെടുമോ എന്ന ഭയത്താലായിരിക്കണം ചാനലും മറ്റു വലതുപക്ഷ മാധ്യമങ്ങളും ഉന്നതമായ മാധ്യമ ധർമത്തിന് അവധി കൊടുത്തത്. സത്യാനന്തരകാലത്തെ മാധ്യമ പ്രവർത്തനത്തിന് ഏറ്റവും നല്ല ഉദാഹരണമായി ഈ വാർത്ത മാറിയെന്നതാണ് സത്യം. വസ്‌തുതകളോ അറിവോ യുക്തിയോ അല്ല, മറിച്ച് വ്യക്തിയധിഷ്‌ഠിതവും വൈകാരികതയുമാണ് സത്യാനന്തരകാലത്തിന്റെ സവിശേഷത. അതെല്ലാംതന്നെ ഈ വാർത്തയിലും കാണാം.
പുറത്തുവന്ന ദിവസംതന്നെ വാർത്ത വ്യാജമാണെന്നതിന് ഒന്നലധികം സൂചന ലഭിച്ചിരുന്നു. കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരൻ ആരോപിക്കുന്ന മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മന്ത്രിബന്ധുവാണെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തി. മാത്രമല്ല, ആയുഷിൽനിന്നുള്ള ഉത്തരവ് വന്നത് വ്യാജ ഇ–- മെയിലിൽ നിന്നാണെന്ന് വ്യക്തമാക്കപ്പെട്ടു. തൊട്ടടുത്ത ദിവസം പരാതിക്കാരൻ ഒരു ലക്ഷം കൈമാറിയെന്നു പറഞ്ഞ ദിവസം അതേസമയത്ത് മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പത്തനംതിട്ടയിലെ മൈലപ്രയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു. സെക്രട്ടറിയറ്റിലും പരിസരത്തുമുള്ള സിസിടിവി പരിശോധിച്ചപ്പോഴും പണം കൈമാറുന്ന ദൃശ്യം കണ്ടെടുക്കാനായില്ല. അതായത് പരാതിക്ക് അടിസ്ഥാനമില്ലെന്നു മാത്രമല്ല, പേഴ്‌സണൽ അസിസ്റ്റന്റ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞതുപോലെ ഈ ആരോപണത്തിനു പിന്നിൽ ന്യായമായും ഗൂഢാലോചന സംയിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നിഴലിൽ നിർത്താൻ വാർത്ത പുറത്തുവിട്ട ചാനലിലെ പ്രവർത്തകർ തന്നെ ഗൂഢാലോചനയിൽ പങ്കാളിയായി എന്നതും പുറത്തുവന്നു. അതായത് വലതുപക്ഷവും മാധ്യമങ്ങളും പിണറായി മന്ത്രിസഭയുടെ യശസ്സ് തകർക്കാൻ തുടർച്ചയായി കള്ളവാർത്തകൾ ചുട്ടെടുക്കുകയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. വാർത്ത തെറ്റാണെന്നു കണ്ടാൽ അത് തുറന്നുപറയാനുള്ള ആർജവമെങ്കിലും ഈ മാധ്യമങ്ങൾ പ്രകടിപ്പിക്കേണ്ടതല്ലേ? ഇത് ഒരു സംഭവം മാത്രമല്ല, കൊല്ലം കടയ്‌ക്കലിൽ ഒരു സൈനികനും സുഹൃത്തും ചേർന്നൊരുക്കിയ ചാപ്പകുത്ത് വാർത്തയും വ്യാജമായിരുന്നെന്ന് തെളിഞ്ഞു. ഈ വാർത്തയും വെള്ളം തൊടാതെ വിഴുങ്ങാനാണ് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ തയ്യാറായത്.
ആരോഗ്യ വകുപ്പിനെതിരെ വരുന്ന വാർത്തകൾക്ക് മറ്റൊരു വശംകൂടിയുണ്ട്. രാജ്യത്ത് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യവിഭാഗമാണ് കേരളത്തിൽ ഉള്ളത്. ഈ വിവാദ വാർത്തകൾ പരക്കുമ്പോൾ തന്നെയാണ് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിനുള്ള ആരോഗ്യ മന്ഥൻ പുരസ്‌കാരം തുടർച്ചയായി മൂന്നാംവർഷവും കേരളം നേടിയത്. രാജ്യത്തു നൽകുന്ന സൗജന്യ ചികിത്സയുടെ 15 ശതമാനവും ഈ കൊച്ചു കേരളത്തിലാണ് എന്നോർക്കുക. മൂന്നാമതും നിപാ ഭീതിയിൽനിന്നും സംസ്ഥാനത്തെ കരകയറ്റുന്നതിൽ മന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പും ശ്ലാഘനീയമായ രീതിയിലാണ് പ്രവർത്തിച്ചത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ പൊതുജനാരോഗ്യ സംവിധാനത്തെ തകർത്ത് സ്വകാര്യമേഖലയ്‌ക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയെന്ന കോർപറേറ്റ് താൽപ്പര്യമാണ് വലതുപക്ഷത്തിനും വലതുപക്ഷ മാധ്യമങ്ങൾക്കും ഉള്ളത്. സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾക്ക് എന്നും പിന്തുണ നൽകുന്നവരാണ് ഇന്ത്യയിലെ ഭരണാധികാരികളും ഈ മാധ്യമങ്ങളും. ഈ നയത്തെ ശക്തമായി എതിർക്കുന്ന ഇടതുപക്ഷമാണ് പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽനൽകുന്നത്. അതിലുള്ള അമർഷമാണ് വലതുപക്ഷ രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും കാണിക്കുന്നത്. ഇത് തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് കഴിയും.
ഇതേ നയത്തിന്റെ ഭാഗമായാണ് സഹകരണ പ്രസ്ഥാനത്തെ തകർക്കാനും വലതുപക്ഷവും മാധ്യമങ്ങളും കൈകോർക്കുന്നത്. കഴിഞ്ഞയാഴ്‌ചത്തെ ലേഖനത്തിൽ ഇക്കാര്യം വിശദമായി പരാമർശിച്ചതിനാൽ അതിലേക്ക് പോകുന്നില്ല. എന്നാൽ, ഒരുകാര്യം ചൂണ്ടിക്കാട്ടാതെ വയ്യ. കോർപറേറ്റുകൾക്കുവേണ്ടി അമിത് ഷായും കൂട്ടരുമാണ് സഹകരണമേഖലയ്‌ക്കുനേരെ ഇഡിയെ കയറൂരിവിട്ടിട്ടുള്ളത്. അവർ നടത്തുന്ന അന്വേഷണത്തിന്റെ ‘മികവ്’ ബോധ്യപ്പെടുത്തുന്നതാണ് കോടതിയിൽ ഇഡി നൽകിയ കള്ള റിപ്പോർട്ട്. കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷം രൂപയുണ്ടെന്നു പറഞ്ഞ് കോടതിയിൽ ഹാജരാക്കിയ അക്കൗണ്ട് മറ്റൊരു സ്‌ത്രീയുടേതാണെന്ന വാർത്തയാണ് പുറത്തുവന്നത്. സിപിഐ എമ്മിനെതിരെ തെളിവുകൾ നിർമിക്കാനുള്ള തിടുക്കത്തിലാണ് കോടതിയെ കബളിപ്പിക്കുന്ന ഈ അക്കൗണ്ട് വിവരം സമർപ്പിക്കപ്പെട്ടത്. ഈ വാർത്ത കേരളത്തിലെ മാധ്യമങ്ങൾ തമസ്‌കരിച്ചത് അവർ ആർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു. വ്യാജവാർത്ത നിർമിക്കുന്ന മാധ്യമങ്ങളും വ്യാജറിപ്പോർട്ട് കോടതിയിൽ നൽകുന്ന ഇഡിക്കും ഒരേ ലക്ഷ്യമാണ്. സിപിഐ എമ്മിനെ തകർക്കൽ. സിപിഐ എമ്മിനെതിരെ, പിണറായി സർക്കാരിനെതിരെ പൊതുബോധം നിർമിക്കുന്നതിലാണ് സംസ്ഥാനത്തിലെ വലതുപക്ഷവും ബഹുഭൂരിപക്ഷം മാധ്യമങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളും ഏർപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ സത്യത്തിന്റെ പക്ഷംപിടിച്ച് ജനങ്ങളിലേക്ക് ഇറങ്ങേണ്ട സമയമാണ് ഇത്. പാർടിയും സർക്കാരും അതിനുള്ള ഒരുക്കത്തിലാണ്.