ന്യൂസ് ക്ലിക്കിനെതിരെയുള്ള അടിയന്തരാവസ്ഥയ്ക്കു സമാനമായ നടപടിയെ ന്യായീകരിക്കാൻ ബിജെപിക്കാർ ഇറങ്ങിയിട്ടുണ്ട്. കേരളത്തിൽ ഷാജൻ സ്കറിയക്കെതിരെ എടുത്ത പൊലീസ് നടപടികളുമായി സമീകരിക്കാനാണു ശ്രമം.
ഷാജൻ സ്കറിയ എവിടെ? ഇപ്പോൾ കൽത്തുറങ്കിൽ അടച്ചിരിക്കുന്ന പ്രബീർ പുർകായസ്ഥയും അമിത് ചക്രവർത്തിയും എവിടെ? അതല്ലെങ്കിൽ ഷാജനും ഇന്നു പൊലീസ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പണ്ഡിതന്മാരുമായ ഗീത ഹരിഹരൻ, ഡി. രഘുനന്ദൻ, പരഞ്‌ജോയ് ഗുഹ താകുർത്ത, ഊർമിളേഷ്, ടീസ്റ്റ സെതൽവാദ് തുടങ്ങിവരുമായി എന്തെങ്കിലും താരതമ്യമുണ്ടോ?
ഷാജൻ നടത്തിക്കൊണ്ടിരിക്കുന്ന അശ്ലീല ബ്ലാക്ക്മെയിൽ പ്രവർത്തനങ്ങളെ മാധ്യമപ്രവർത്തനമെന്നു പ്രകീർത്തിക്കുന്നതിനു ചെറിയ ഉളുപ്പു പോരാ. അയാളുടെ ഇരകളായിട്ടുള്ള പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നിയമപരമായ പരിരക്ഷ നേടുന്നതിനുള്ള അവകാശം ഇല്ലേ? അവരുടെ പരാതികളുടെ അടിസ്ഥാനത്തിലല്ലേ സർക്കാർ നടപടി. പക്ഷേ, അപ്പോൾ പറയുക ഷാജൻ സ്കറിയക്കെതിരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണെന്നാണ്. ഇത്രയും നാൾ അയാൾ നടത്തിക്കൊണ്ടിരുന്ന വൃത്തികേടുകൾ എത്ര ആസൂത്രിതവും അഴിമതിപൂർണ്ണവുമാണ്. ഇതിനെതിരെ ഇരകൾ ആവശ്യപ്പെട്ടാൽ അവരെ സർക്കാർ കൈവെടിയണമെന്നാണോ? ഇത്തരമൊരു സാഹചര്യമാണോ ന്യൂസ് ക്ലിക്കിന്റേത്?
എന്നെ അത്ഭുതപ്പെടുത്തിയതു ചില കോൺഗ്രസ് ആസ്ഥാനവിദ്വാന്മാരും ഈയൊരു സമീകരണവുമായിട്ട് ഇറങ്ങിയപ്പോഴാണ്. ഇന്ത്യാ ബ്ലോക്ക് ഒക്കെ ശരി. പക്ഷേ, കേരളത്തിലെ സിപിഐ എം, ബിജെപിയുമായിട്ട് ഒത്തുകളിക്കുകയാണെന്നല്ലേ പ്രതിപക്ഷനേതാവുതന്നെ പറയുന്നത്.
ഇന്നിപ്പോൾ ചില ബിജെപിക്കാർ അവർക്കു കിട്ടുന്ന ചില രഹസ്യരേഖകളുമായി രംഗപ്രവേശനം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇഡി പിടിച്ചെടുത്ത നാലരലക്ഷം ഇ-മെയിലുകളിൽ ചിലതിന്റെ കോപ്പികൾ തെളിവായി ഹാജരാക്കിയാണു വാദങ്ങൾ. ഇവർ ഹാജരാക്കുന്ന രേഖകളിൽ ഏതൊക്കെ ശരി, ഏതൊക്കെ വ്യാജം എന്നുള്ളത് അന്വേഷിച്ച് ഉറപ്പിക്കേണ്ട കാര്യമാണ്. ഇതാണ് ഭീമാ കൊറേഗാവ് ഗൂഡാലോചന കേസിൽ നിന്നും പഠിക്കേണ്ട പാഠം. പാവം ഫാദർ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽപ്പോലും കൃത്രിമമായി രേഖകൾ സ്ഥാപിച്ചവരല്ലേ ബിജെപി ഏജൻസികൾ.
വെളുപ്പാൻകാലത്തു ചോദ്യം ചെയ്യാൻ പിടിച്ചുകൊണ്ടുപോയ മാധ്യമപ്രവർത്തകരോടുള്ള പൊതുചോദ്യങ്ങളിലൊന്ന് കർഷകസമരവും സിഎഎ വിരുദ്ധ സമരവും റിപ്പോർട്ട് ചെയ്യാൻ പോയിരുന്നോ എന്നതാണ്. കടുത്ത ദേശവിരുദ്ധ പ്രവർത്തനത്തിന്റെ കുറ്റസമ്മതം വാങ്ങുന്നതുപോലെ അവ രേഖപ്പെടുത്തിയെടുക്കുകയും ചെയ്തു. കർഷകസമരത്തെ നീട്ടിക്കൊണ്ടുപോയി ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെ തകർക്കാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നത്രേ ന്യൂസ് ക്ലിക്കിന്റേത്. എന്തുകൊണ്ട് ബിജെപി സർക്കാരിന് ഈ ശ്രമത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു? ചൂടപ്പം പോലെ പാർലമെന്റിൽ പാസാക്കിയെടുത്ത കർഷക നിയമങ്ങൾ ഇപ്പോഴും അട്ടത്തുവച്ചിരിക്കുകയല്ലേ. ഈയൊരു വിജയം നേടുന്നതിന് ഇന്ത്യയിലെ കൃഷിക്കാരെ സഹായിച്ചതിനു ജയിലിൽ കിടക്കുമ്പോഴും പ്രബീറിനും മറ്റും അഭിമാനമേ ഉണ്ടാകൂ.
മറ്റൊന്ന്, ചൈനീസ് പ്രൊപ്പഗണ്ടയെക്കുറിച്ചാണ്. ഇപ്പോൾ അതു കുറച്ചുകൂടി മൂർത്തമായിട്ടുണ്ട്. കശ്മീരിന്റെയും അരുണാചലിന്റെയും വെട്ടിമുറിച്ച ഭൂപടങ്ങൾ പ്രചരിപ്പിക്കുന്നതിനു ന്യൂസ് ക്ലിക്ക് ശ്രമിച്ചത്രേ. ആ ശ്രമങ്ങളുടെ തെളിവു പുറത്തുവിടാമല്ലോ. ഈ വെട്ടിമുറിച്ച ഭൂപടങ്ങൾ ഇന്നേവരെ ന്യൂസ് ക്ലിക്കിന്റെ ഏതെങ്കിലും വാർത്തകളിലോ ലേഖനങ്ങളിലോ വന്നതായി ഞങ്ങൾ കണ്ടിട്ടില്ല. ഒരുപക്ഷേ, പരമരഹസ്യമായിട്ടായിരിക്കാം ന്യൂസ് ക്ലിക്ക് ഇതു ചെയ്തത്.
ഈ ഭൂപടം വഴിയായിട്ടാണത്രേ സിപിഐ എം നേതാക്കളിലേക്ക് എത്താൻ പോകുന്നത്. സിപിഐ എമ്മിന് എത്രയോ പ്രസിദ്ധീകരണങ്ങളുണ്ട്. അവിടെയെവിടെയെങ്കിലും ഇത്തരം ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചു കണ്ടിട്ടുണ്ടോ? സോവിയേറ്റ് യൂണിയന്റെയും ചൈനയുടെയും നിലപാടുകളെ വിമർശിച്ചു സ്വതന്ത്രമായി വളർന്നുവന്ന കമ്മ്യൂണിസ്റ്റ് പാർടിയാണ് സിപിഐ എം. അതോടൊപ്പം ചൈനയോടു മാത്രമല്ല, ഇന്നും നിലനിൽക്കുന്ന മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വളർച്ചയോടു ഞങ്ങൾക്ക് ഐക്യദാർഡ്യമുണ്ട്. അതൊന്നും മറച്ചുവച്ചിട്ടുള്ള കാര്യങ്ങളല്ല.
ന്യൂസ് ക്ലിക്കിലെ പ്രവർത്തകർക്കു സിപിഐ എമ്മുമായി നല്ല ബന്ധമുണ്ടാകാം. എന്താ അതിൽ തെറ്റ്? അവരിൽ ചിലർ സ്ഥിരമായി പാർടി പ്രസിദ്ധീകരണങ്ങളിൽ എഴുതാറുമുണ്ട്. അതെല്ലാം സിപിഐ എമ്മിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന് അനുസൃതമായിട്ടുള്ള ലേഖനങ്ങളാണ്. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം വിദേശഫണ്ട് മാത്രമല്ല, ഇന്ത്യയിലെ കോർപ്പറേറ്റ് ഫണ്ടും സ്വീകരിക്കാത്ത പാർടിയാണ്. അതുകൊണ്ട് ഇത്തരം ഉമ്മാക്കി കാട്ടിയൊന്നും ഭയപ്പെടുത്തണ്ട.
അറസ്റ്റു ചെയ്തുകൊണ്ടുപോകുന്ന പ്രബീർ പുർകായസ്ഥയുടെ മുഖം നോക്കൂ. ഭയത്തിൻ്റെ ലാഞ്ചന ആ മുഖത്തുണ്ടോ?