കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് തടയുന്ന കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവിയയ്ക്ക് കത്ത് നൽകി.
പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ "10 ലക്ഷം ജനസംഖ്യയ്ക്ക് 100 എംബിബിഎസ് സീറ്റുകൾ" എന്ന അനുപാതം പാലിക്കണം എന്ന പുതിയ വ്യവസ്ഥയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ വിജ്ഞാപനത്തിൽ ഉള്ളത്. ഈ ഏകപക്ഷീയമായ വ്യവസ്ഥ, നിലവിൽ ഈ അനുപാതത്തേക്കാൾ കൂടുതൽ എംബിബിഎസ് സീറ്റുകളുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇത് ദക്ഷിണേന്ത്യയിൽ മൊത്തമായി പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന ഫലമാണ് ഉണ്ടാക്കുക. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം വർധിപ്പിക്കുന്നതിനു പകരം പുതിയ മെഡിക്കൽ കോളേജുകളുടെ സാധ്യത തന്നെ ഇല്ലാതാക്കുന്ന വിജ്ഞാപനം തികച്ചും ജനവിരുദ്ധമാണ്.
കേരളത്തിൽ നിലവിൽ 10 ലക്ഷം ജനസംഖ്യയിൽ 131 എംബിബിഎസ് സീറ്റുകളാണുള്ളത്. ജീവിതശൈലി രോഗങ്ങളുടെ വർധിച്ച ഭാരവും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് സംസ്ഥാനത്തിന് കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും ആവശ്യമുണ്ട്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന ശക്തമായ വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മികച്ച സാധ്യതകളും സംസ്ഥാനത്തിനുണ്ട്.
ഇന്ത്യയിലെ സംസ്ഥാനങ്ങൾ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, മുകളിൽ നിന്ന് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പുരോഗതിയെ തന്നെ ബാധിക്കും. വികസിത ആരോഗ്യ വിദ്യാഭ്യാസം ഒരുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ തന്നെ ഭാവിയും സംരക്ഷിക്കുന്നതിന് ഈ നിരോധനം അടിയന്തിരമായി പിൻവലിക്കണമെന്നും സ. വി ശിവദാസൻ എംപി കത്തിലൂടെ ആവശ്യപ്പെട്ടു.