നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ ഒരു നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ പോലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയത്.
2015 ഓഗസ്റ്റ് 17 ന് അന്നത്തെ സര്‍ക്കാര്‍ കരാര്‍ ഒപ്പ് വെച്ചു. 2017 ജൂണില്‍ ബര്‍ത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നടത്തി. പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതി പ്രവര്‍ത്തനത്തെ ചെറിയ തോതിൽ ബാധിച്ചു.
അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് കേവലം 11 നോട്ടിക്കല്‍ മൈല്‍ അടുത്തും, പ്രകൃതി ദത്തമായ 20 മീറ്റര്‍ സ്വാഭാവിക ആഴവുമുള്ളതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. 400 മീറ്റര്‍ നീളമുള്ള 5 ബര്‍ത്തുകളും 3 കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. ആദ്യ ഘട്ടത്തില്‍ 400 മീറ്റര്‍ ബര്‍ത്ത് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നൂറടി ഉയരമുള്ള പടുകൂറ്റന്‍ ക്രെയിനുമായി ലോഡ് കാരിയര്‍ ഷിപ്പ് ഞായറാഴ്‌ച വിഴിഞ്ഞത്ത് എത്തുന്നത്. ആദ്യ ഫേസ് പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം ടി.ഇ.യു കണ്ടൈനര്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 ല്‍ പുലിമുട്ടിന്‍റെ നീളം ലാന്‍റ് മോഡില്‍, കേവലം 650 മീറ്റര്‍ മാത്രമാണ് ഭാഗികമായി തയ്യാറാക്കുവാന്‍ സാധിച്ചിരുന്നത്. പദ്ധതിക്കാവശ്യമായ പാറയുടെ ലഭ്യത പ്രതിസന്ധിയായി. പരിഹാരം കണ്ടെത്താന്‍ കൃത്യമായ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കി. പദ്ധതി പ്രദേശത്തു തന്നെ മാസാന്ത്യ അവലോകനങ്ങള്‍ നടത്തി. ദൈനംദിന അവലോകനത്തിന് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യറാക്കി. തമിഴ്നാട് സര്‍ക്കാരുമായി, വകുപ്പ് മന്ത്രി ചര്‍ച്ച നടത്തി പാറയുടെ ലഭ്യത ഉറപ്പാക്കി. സംസ്ഥാനത്തെ ക്വാറികളില്‍ നിന്ന് ലഭ്യമാവേണ്ട പാറയും ഉറപ്പാക്കി.
പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കേണ്ട ഓരോ ഘടകങ്ങളും സമയകൃത്യത ഉറപ്പാക്കി ഉദ്ഘാടനം ചെയ്‌തു. 2022 ജൂണ്‍ 30 ന് ഗ്യാസ് ഇന്‍സുലേറ്റഡ് ഇലക്ട്രിക് സബ് സ്റ്റേഷനും, 2022 ഫെബ്രുവരി 22ന് പ്രധാന സബ് സ്റ്റേഷനും, 2023 ഏപ്രില്‍ 26 ന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഗേറ്റ് കോംപ്ലക്‌സും സെക്യൂരിറ്റി കെട്ടിടവും, 2023 മെയ് 16 ന് വര്‍ക്ഷോപ്പ് കെട്ടിടവും ഉദ്ഘാടനം ചെയ്‌തു.
പുലിമുട്ടിന്‍റെ നിര്‍മ്മാണം അതിവേഗമാണ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. 55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റര്‍ പുലിമുട്ട് നിര്‍മ്മാണം കഴിഞ്ഞു. ഇതില്‍ 2460 മീറ്റര്‍ ആക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതവുമാക്കി. പുലിമുട്ട് നിര്‍മ്മാണത്തിന്‍റെ 30% പൂര്‍ത്തിയാക്കിയാല്‍ നല്‍കേണ്ട ആദ്യ ഗഡു 450 കോടി രൂപ കമ്പനിക്ക് നല്‍കി കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 817 കോടി രൂപ ലഭ്യമാക്കുവാനുള്ള തടസ്സങ്ങള്‍ക്ക്, തുറമുഖ വകുപ്പ് മന്ത്രി കേന്ദ്രധന മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പരിഹാരമാവുകയാണ്.
വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 11 കിലോമീറ്റര്‍ റെയില്‍വെ ലൈനിന് കൊങ്കണ്‍ റെയില്‍വെ തയ്യാറാക്കിയ ഡി.പി.ആര്‍ ന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പോര്‍ട്ടിനെ എന്‍ എച്ച് 66 മായി ബന്ധിപ്പിക്കുന്ന കണക്‌ടിവിറ്റി റോഡിന് ആവശ്യമായ ഭുമി ഏറ്റെടുത്ത് നല്‍കി. ഇതിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാവുന്ന ലോജിസ്റ്റിക് പാര്‍ക്ക്, പദ്ധതി പ്രദേശത്ത് ആരംഭിക്കുവാന്‍ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ പദ്ധതി പ്രദേശത്തുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കും. 50 കോടി രൂപ ചെലവില്‍ അസാപ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഇത് തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനം നല്‍കുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കുന്ന ഔട്ടര്‍ റിംഗ് റോഡ് ഈ പദ്ധതിയുടെ കണക്‌ടിവിറ്റി കൂടുതല്‍ കാര്യക്ഷമമാക്കും.
ഒക്ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയര്‍ കപ്പലിനെ സ്വീകരിക്കുമ്പോള്‍ നമ്മുടെ നാടിന്‍റെ ഒരു സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമായി എന്ന് നമുക്ക് അഭിമാനിക്കാനാവും. അന്താരാഷ്ട്ര തുറമുഖ ഭൂപടത്തില്‍ കേരളത്തിന് തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു
അന്താരാഷ്ട്ര തുറമുഖ ഭൂപടത്തില്‍ കേരളത്തിന് തിളക്കമേറിയ സ്ഥാനം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.