ഇന്ത്യയെ രക്ഷിക്കുന്നതിന് ബിജെപിയെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയണം. മതനിരപേക്ഷശക്തികളുടെ ലക്ഷ്യം എന്താകണമെന്ന ബോധ്യത്തിൽവേണം മുന്നോട്ടു പോകാൻ.
മതനിരപേക്ഷ പാർടികൾ ഒന്നിച്ചു നിന്നാണ് നിർണായകമായ ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഒറ്റ ലക്ഷ്യത്തിൽ മുന്നോട്ടുപോകാൻ കോൺഗ്രസ് തയ്യാറാകണം. കേരളത്തിൽ സിപിഐ എം അടക്കം പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ രാഷ്ടീയ എതിരാളികളുണ്ടാകാം. എന്നാൽ, ഇന്ത്യയുടെയും ഭരണഘടനയുടെയും മത ന്യൂനപക്ഷങ്ങളുടെയും സംരക്ഷണമാകണം മുഖ്യ ലക്ഷ്യം. നേരത്തേ വാജ്പേയി മന്ത്രിസഭയെ ഒന്നിച്ചുനിന്ന് താഴെയിറക്കിയ അനുഭവമുണ്ട്.
രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിന് വെറുപ്പിനെയും വിദ്വേഷത്തെയും കൂട്ടുപിടിക്കുകയാണ് നരേന്ദ്രമോദി. യുപിയിൽ മോദി പച്ചക്കൊടി വീശിയ പുതിയ ട്രെയിനിന്റെ പേര് നമോ ഭാരത് എന്നാണ്. ഞാനാണ് ഭാരതം എന്നാണ് മോദി പറയുന്നത്. അടിയന്തരാവസ്ഥയിൽ കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞത് ഇന്ദിരയാണ് ഇന്ത്യയെന്നാണ്. രണ്ടും തമ്മിൽ വലിയ സാമ്യമുണ്ട്.
മണിപ്പുരിൽ കലാപം നൂറുദിവസം പിന്നിട്ടിട്ടും മിണ്ടാതിരുന്ന മോദി ഇസ്രയേലിനുവേണ്ടി മണിക്കൂറുകൾക്കുള്ളിൽ പ്രതികരിച്ചു. ഇന്ത്യ ഇതുവരെ പുലർത്തിയ നിലപാടാണ് അട്ടിമറിക്കപ്പെട്ടത്. പലസ്തീനികളുടെ ന്യായമായ അവകാശം സംരക്ഷിക്കപ്പെടണമെന്നാണ് മഹാത്മാഗാന്ധിയടക്കമുള്ളവർ നിലപാടെടുത്തത്. എന്നാൽ, മോദിയെ നയിക്കുന്നത് ഇസ്‌ലാമോഫോബിയയാണ്.
തിളക്കമുള്ള ഭാവിയിലേക്ക് രാജ്യം പോകണോ, ഇരുട്ടിലേക്ക് തിരിച്ചുപോകണോ എന്നതാണ് മുന്നിലുള്ള ചോദ്യം.