ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം വഴി പൊതുജനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണമെന്ന് സ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൃത്രിമമായി വർധിപ്പിച്ച് വൻകിട കോർപ്പറേറ്റുകൾ ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കൽക്കരി കമ്പനികളുടെ അഴിമതിക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് സ. ശിവദാസൻ കേന്ദ്ര ഊർജവകുപ്പ് മന്ത്രി രാജ് കുമാർ സിങ്ങിന് കത്ത് നൽകി.
അദാനി ഗ്രൂപ്പ് തങ്ങളുടെ വിപണി മൂല്യത്തേക്കാൾ ബില്യൺ കണക്കിന് ഡോളർ കൂടുതൽ വിലയ്ക്ക് കൽക്കരി ഇറക്കുമതി ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെന്ന് സ. ശിവദാസൻ ചൂണ്ടിക്കാട്ടി. ഇറക്കുമതി രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന വില, കയറ്റുമതി ചെയ്യുമ്പോളുള്ള വിലയേക്കാൾ വളരെ കൂടുതലാണ്. ഉദാഹരണത്തിന് ഇന്തോനേഷ്യയിൽ നിന്നും 1.9 മില്യൺ ഡോളർ വിലയ്ക്ക് കയറ്റുമതി ചെയ്ത കൽക്കരി, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയപ്പോൾ 4.3 മില്യൺ ഡോളർ വിലയുള്ളതായി മാറി. എന്നാൽ ഷിപ്പിംഗിനും ഇൻഷുറൻസിനുമായി വരുന്ന ചിലവ് 42,000 ഡോളർ മാത്രമാണ്.
ഈ ആരോപണങ്ങൾ ഒരു കമ്പനിയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത എന്ന് സ. ശിവദാസൻ കൂട്ടിച്ചേർത്തു. 2011നും 2015നും ഇടയിൽ ഇന്തോനേഷ്യയിൽ നിന്നുള്ള കൽക്കരി ഇറക്കുമതിയിൽ 29,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് അനിൽ ധിരുഭായ് അംബാനി ഗ്രൂപ്പ്, എസ്സാർ ഗ്രൂപ്പ് സ്ഥാപനങ്ങൾ, എന്നിവയുൾപ്പെടെ നാല്പതോളം കമ്പനികളെപ്പറ്റി ഡിആർഐ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു ഫലവത്തായ നടപടിയും കൈക്കൊള്ളാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല.
ഇത്തരത്തിലുള്ള അഴിമതി മൂലം താപവൈദ്യുതിനിലയങ്ങൾ വിലകൂടിയ കൽക്കരി വാങ്ങാൻ നിർബന്ധിതരാകുന്നു. തൽഫലമായി ഉപഭോക്താക്കൾ അവർ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അമിത നിരക്ക് നൽകേണ്ടി വരുകയും ചെയ്യുന്നു. ഈ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന സമീപനമാണ് കോർപറേറ്റ് ഭീമന്മാർ കൈക്കൊണ്ടിട്ടുള്ളത്.
ഇന്ത്യയിലെ സാധാരണക്കാരിൽ നിന്ന് കോർപറേറ്റുകൾ കൊള്ളയടിച്ച തുക തിരിച്ചുപിടിക്കുകയും അത് സാധാരണക്കാർക്കുള്ള വൈദ്യുതിയുടെ വില കുറയ്ക്കാൻ ഉപയോഗിക്കുകയും വേണം. പൊതുജനത്തെ കൊള്ളയടിക്കുന്ന കോർപറേറ്റ് അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് ബിജെപി സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
കൃത്രിമവിലക്കയറ്റമുണ്ടാക്കി വൈദ്യുതിവില വർധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കൽക്കരി കമ്പനികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സ. വി ശിവദാസൻ എംപി കത്തിൽ ആവശ്യപ്പെട്ടു.