ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന വിഷലിപ്തമായ പ്രചാരണമാണ് ‘ഇന്ത്യ’ കൂട്ടായ്‌മയെ സിപിഐ എം തകർക്കാനാണ് ശ്രമിക്കുന്നത് എന്ന്. ‘ഇന്ത്യ’ കൂട്ടായ്‌മയെ തകർക്കാൻ ബിജെപിയിൽനിന്ന് സിപിഐ എം അച്ചാരം വാങ്ങിയെന്ന ആരോപണംപോലും പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയുണ്ടായി. ‘ഇന്ത്യ’ യുടെ ഏകോപനസമിതിയിലേക്ക് പ്രതിനിധിയെ അയക്കാൻ സിപിഐ എം തയ്യാറാകാത്തത് അവസരമാക്കിയാണ് പാർടിയെ കരിവാരിത്തേയ്‌ക്കാൻ കോൺഗ്രസും വലതുപക്ഷകക്ഷി നേതൃത്വവും ശ്രമിക്കുന്നത്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം ആരോപണങ്ങൾകൊണ്ട് , പ്രബുദ്ധരായ കേരളജനതയെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് ആദ്യമേ പറഞ്ഞുവയ്‌ക്കട്ടെ. ബിജെപി ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വവർഗീയതയെ കേരളത്തിലും ഇന്ത്യയിലും പ്രത്യയശാസ്ത്രമണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും വിട്ടുവീഴ്ചയില്ലാതെ ചെറുക്കുന്നത് കോൺഗ്രസല്ല, സിപിഐ എമ്മും ഇടതുപക്ഷ കക്ഷികളുമാണെന്നത് വസ്തുതയാണ്. വിലകുറഞ്ഞ ആരോപണങ്ങൾ ഉയർത്തി ഈ വസ്തുത മറച്ചുപിടിക്കാൻ ആർക്കും കഴിയില്ല.
ഇനി ‘ഇന്ത്യ’ എന്ന രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കാം. കോൺഗ്രസ് നേതൃത്വമല്ല, മറിച്ച് ബിഹാറിലെ മഹാസഖ്യത്തിൽ ഉൾപ്പെട്ട ഐക്യ ജനതാദളിന്റെ നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ജൂൺ 23ന് പട്നയിൽ പ്രധാന പ്രതിപക്ഷ പാർടികളുടെ ആദ്യയോഗം വിളിച്ചത്. മോദി നയിക്കുന്ന ബിജെപി സർക്കാരിനെ പരാജയപ്പെടുത്താനുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ആദ്യയോഗം ചർച്ച ചെയ്തത്. ഈ യോഗത്തിൽ പങ്കെടുത്ത സിപിഐ എം, ദേശീയ പ്രാധാന്യമുള്ളതും എല്ലാവരും അംഗീകരിക്കുന്നതുമായ വിഷയങ്ങളെ സംബന്ധിച്ച് സംയുക്ത പ്രചാരണം അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കണമെന്നും ജനങ്ങൾ നേരിടുന്ന ദുരിതങ്ങളെ സംബന്ധിച്ച് പ്രക്ഷോഭം നടത്തണമെന്നും നിർദേശിക്കുകയുണ്ടായി. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പിൽനിന്ന് ബിജെപി നേട്ടം കൈവരിക്കുന്നത് പരമാവധി കുറയ്ക്കാനുള്ള ചർച്ചകൾ സംസ്ഥാനതലത്തിൽ ആരംഭിക്കണമെന്നും സിപിഐ എം നിർദേശിച്ചു.
ജൂലൈ 17, 18 തീയതികളിൽ ബംഗളൂരുവിൽ ‘ഇന്ത്യ’യുടെ രണ്ടാമത്തെ യോഗം ചേർന്നു. ഈ യോഗത്തിലാണ് ‘ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ആൻഡ് ഇൻക്ലുസീവ് അലയൻസ് അഥവാ ഇന്ത്യ’ എന്ന പേര് ഈ കൂട്ടുകെട്ടിന് ലഭിച്ചത്. അന്നുതന്നെ ഇന്ത്യ രാഷ്ട്രീയസഖ്യമാണ് എന്ന പ്രയോഗത്തെക്കുറിച്ച് സിപിഐ എം ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഒന്നാം യുപിഎ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുകയായിരുന്നു എന്ന കാര്യവും സിപിഐ എം ഓർമപ്പെടുത്തി. ‘ഇന്ത്യ’ എന്നത് ഒരു പൊതു ലക്ഷ്യത്തെ സംബന്ധിച്ച് 26 പാർടിക്കിടയിലുള്ള ധാരണ മാത്രമാണെന്നും എല്ലാ തെരഞ്ഞെടുപ്പ് സഖ്യങ്ങളും ധാരണകളും നീക്കുപോക്കുകളും അതത് സംസ്ഥാനങ്ങളിൽ തീരുമാനിക്കണമെന്നും നിശ്ചയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയസഖ്യമെന്ന ചട്ടക്കൂട് നൽകുന്ന ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഐ എം തീരുമാനിച്ചത്. ഇതിനർഥം ‘ഇന്ത്യ’യുമായി സഹകരിക്കില്ലെന്നല്ല. പ്രചാരണ, മീഡിയ, സാമൂഹ്യ മീഡിയ ഉപസമിതികളിൽ സിപിഐ എം പ്രതിനിധികളെ അയച്ചിട്ടുണ്ട്. ആഗസ്ത് 31, സെപ്തംബർ ഒന്ന് തീയതികളിൽ മുംബൈയിൽ ചേർന്ന മൂന്നാമത്തെ യോഗത്തിലും സിപിഐ എം സജീവമായി പങ്കെടുത്തു. ഇനിയുള്ള യോഗങ്ങളിലും പങ്കെടുക്കുകയും ബിജെപിയെ പരാജയപ്പെടുത്താനുള്ള അടവുകൾ മെനയുന്നതിൽ സജീവ പങ്കാളിയാകുകയും ചെയ്യും. ബിജെപിയെ പരാജയപ്പെടുത്തുക മുഖ്യലക്ഷ്യമാകുന്നിടത്തോളം ഇന്ത്യയെ തകർക്കാനോ തളർത്താനോ ഉള്ള ഒരു നടപടിയും സിപിഐ എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.
എന്നാൽ, ഏകോപനസമിതിയിൽ പ്രതിനിധിയെ ഉൾപ്പെടുത്താത്തതിന്റെ പേരിൽ സിപിഐ എമ്മിനെ ഇന്ത്യാ വിരുദ്ധ ചേരിയിൽ നിർത്താൻ ശ്രമിക്കുന്ന കോൺഗ്രസ് നേതൃത്വം എന്താണ് ചെയ്യുന്നതെന്ന് പരിശോധിച്ചാൽ മാത്രമേ ആരാണ് സഖ്യത്തിനെതിരെ പ്രവർത്തിക്കുന്നതെന്ന് മനസ്സിലാകൂ. മൂന്നാമത്തെ യോഗം മുംബൈയിൽ ചേർന്നപ്പോഴാണ് ഒരു സംയുക്ത റാലി നടത്തണമെന്ന ആശയം വന്നത്. ആദ്യറാലിയുടെ വേദി ഭോപാൽ ആയിരിക്കണമെന്നും നിശ്ചയിച്ചു. നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ് എന്നതിനാലാണ് തലസ്ഥാന നഗരമായ ഭോപാലിൽ റാലി നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഈ തീരുമാനം പൊളിച്ചത് സിപിഐ എമ്മോ ഇടതുപക്ഷ കക്ഷികളോ അല്ല. കോൺഗ്രസ് ആണെന്നതാണ് ഏറെ പ്രതിഷേധാർഹം. അതിനു പറഞ്ഞ കാരണമാണ് അതിലേറെ വിചിത്രം. സനാതന ധർമത്തെ തള്ളിപ്പറഞ്ഞ (തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം) ഡിഎംകെയുടെ പ്രതിനിധി റാലിയിൽ പങ്കെടുത്താൽ ഹിന്ദുമത വോട്ടുകൾ നഷ്ടപ്പെടുമെന്ന് ! മധ്യപ്രദേശ് പിസിസി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് കോൺഗ്രസ് നേതൃത്വത്തിൽ കടുത്ത സമ്മർദം ചെലുത്തിയാണ് റാലി മാറ്റിവയ്‌പിച്ചത്. ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കാണ് കോൺഗ്രസ് തീരുമാനം പരിക്കേൽപ്പിച്ചത്.
കോൺഗ്രസിന്റെ മൃദുഹിന്ദുത്വ മുഖങ്ങളിൽ ഒന്നാണ് കമൽനാഥ്. ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽനിന്നാണ് കമൽനാഥ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ഹിന്ദുരാഷ്ട്രവാദം സജീവമാക്കി നിർത്തുന്ന ഭാഗേശ്വർ ധാമിലെ ധീരേന്ദ്ര ശാസ്ത്രിയെ, മകൻ നകുൽനാഥിന്റെ ലോക്‌സഭാമണ്ഡലമായ ചിന്ത്‌വാഡയിൽ കൊണ്ടുവന്ന് പ്രാർഥനായോഗം നടത്താനും കമൽനാഥ് തയ്യാറായി. ധീരേന്ദ്ര ശാസ്ത്രിയുടെ ഹിന്ദുരാഷ്ട്രവാദത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 82 ശതമാനം ഹിന്ദുക്കളുള്ള ഒരു രാഷ്ട്രത്തെ മറ്റെന്ത് വിളിക്കണമെന്ന മറുചോദ്യം കൊണ്ടാണ് കമൽനാഥ് നേരിട്ടത്. (ഇതേക്കുറിച്ച് 2023 ആഗസ്‌ത് 21ന് ഈ കോളത്തിൽ എഴുതിയ ലേഖനത്തിൽ വിശദമായി പരാമർശിച്ചിരുന്നു). ഇന്ത്യ എന്ന ആശയത്തെ, രാഷ്ട്രീയ ധാരണയെ തകർക്കുന്നത് ഇത്തരക്കാരാണെന്നിരിക്കെ അത് മറച്ചുപിടിക്കാനാണ് സിപിഐ എമ്മിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തിരിയുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവേകം കേരളീയർക്കുണ്ട്.
മധ്യപ്രദേശിൽനിന്നുള്ള വാർത്തകൾ ഒട്ടും ആശാവഹമല്ല. നവംബർ 15നാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന മത്സരം ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലാണെങ്കിലും സമാജ്‌വാദി പാർടി, ബിഎസ്‌പി പോലുള്ള കക്ഷികളും ചില പോക്കറ്റുകളിൽ സ്വാധീനം നിലനിർത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌പിക്ക് ഒരു സീറ്റുണ്ട്. ഇന്ത്യയുടെ ഭാഗമായതിനാൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാൻ അഖിലേഷ് യാദവ് താൽപ്പര്യപ്പെട്ടിരുന്നു. ബിജെപി വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് കോൺഗ്രസുമായി സഹകരിച്ച് മത്സരിക്കാൻ എസ്‌പി തീരുമാനിച്ചത്. നാലു മുതൽ ആറ് സീറ്റ് വരെ എസ്‌പിക്ക് നൽകാൻ നേതൃതലത്തിൽ ധാരണയിലെത്തിയതായും എസ്‌പി വൃത്തങ്ങൾ അറിയിച്ചു. നാല് സീറ്റ് എസ്‌പിക്ക് നൽകാൻ ധാരണയായതായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിങ്ങും അറിയിച്ചിരുന്നു.
എന്നാൽ, ഈ ധാരണകളെയെല്ലാം കാറ്റിൽ പറത്തി, എസ്‌പിയുടെ സിറ്റിങ് സീറ്റിലടക്കം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, മാത്രമല്ല അഖിലേഷ് യാദവിനെ ആപമാനിക്കുംവിധം ചില പരാമർശങ്ങളും കമൽനാഥിൽനിന്നുണ്ടായി. ‘ഇന്ത്യ’ എന്ന രാഷ്ട്രീയ ധാരണയെ തകർക്കുന്ന സമീപനമാണ് കോൺഗ്രസിൽ നിന്നുണ്ടായത്. വന്ദ്യവയോധിക കക്ഷിയുടെ വഞ്ചനയാണിതെന്നും കോൺഗ്രസ് ഈ രീതിയിലാണ് മതനിരപേക്ഷ ജനാധിപത്യകക്ഷികളോട് പെരുമാറുന്നതെങ്കിൽ ആരാണ് അവരെ വിശ്വസിച്ച് കൂടെ നിൽക്കുക എന്നുമുള്ള അടിസ്ഥാനപരമായ ചോദ്യമാണ് അഖിലേഷ് യാദവ് ഉയർത്തുന്നത്. പിന്നാക്ക ദളിത്- ന്യൂനപക്ഷ വിഭാഗത്തെ കൂടെ നിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അഖിലേഷ്. ഇന്ത്യയിൽ ആശങ്കയുടെ വിത്ത് പാകിയാൽ ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്ന മുന്നറിയിപ്പും അഖിലേഷ് കോൺഗ്രസിന് നൽകി. മധ്യപ്രദേശിൽ ഇന്ത്യയെ തകർത്തത് കോൺഗ്രസ് തന്നെയാണെന്ന് അവസാനം കമൽനാഥിനുതന്നെ സമ്മതിക്കേണ്ടി വന്നു. കോൺഗ്രസിലെതന്നെ ചിലരാണ് സമാജ്‌വാദി പാർടിയുമായുള്ള സഖ്യം തകർത്തതെന്ന് കമൽനാഥുതന്നെ കുമ്പസരിച്ചു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വവും മാതൃകയാക്കുന്നത് കമൽനാഥിനെയാണ്. ആർഎസ്എസ് ശാഖയ്‌ക്ക് കാവലിരിക്കാൻ കോൺഗ്രസ് പ്രവർത്തകരെ നിയോഗിക്കാൻ മടിയില്ലാത്ത, തന്റെ ബിജെപി പ്രവേശം ആർക്കും തടയാനാകില്ലെന്ന് വെല്ലുവിളിക്കുന്ന, ആർഎസ്എസുമായുള്ള പ്രത്യയശാസ്ത്ര ബന്ധത്തെ ന്യായീകരിക്കാൻ മതനിരപേക്ഷവാദിയായ ജവാഹർലാൽ നെഹ്റുവിനെപ്പോലും വർഗീയവാദിയായി ചിത്രീകരിക്കാൻ മടിയില്ലാത്ത കെ സുധാകരനാണ് കെപിസിസിക്ക് നേതൃത്വം നൽകുന്നത്. നിയമസഭയിലെത്താൻ ബിജെപി വോട്ട് വിലയ്‌ക്കുവാങ്ങുന്ന, ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്കു കത്തിക്കുന്ന വി ഡി സതീശനാണ് പ്രതിപക്ഷ നേതാവ്. അവരാണിപ്പോൾ സിപിഐ എമ്മാണ് ‘ഇന്ത്യ’ യെ തകർക്കുന്നത് എന്ന് വിലപിക്കുന്നത്. ബിജെപി വന്നാലും പ്രശ്നമല്ല സിപിഐ എം ജയിക്കരുത് എന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാട്. ഈ ബിജെപി അനുകൂലനിലപാടാണ് യഥാർഥത്തിൽ ഇന്ത്യയെ തകർക്കുന്നത്.