കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഇത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടകളുടെ ഭാഗമായിരുന്നു. കേരളം ഈ ദുഷ്ടലാക്കിനെ ഒറ്റക്കെട്ടായി എതിർത്തു.
കളമശേരിയിൽ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. സംസ്ഥാനം ഒന്നടങ്കം വിഷമിച്ച ഈ കാര്യത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ചില ശക്തികൾ ശ്രമിച്ചത്. ഇതിനെ അത്യന്തം ഗൗരവമായിട്ടാണ് കാണേണ്ടത്. സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നുള്ള ചിലരുടെ ഉള്ളിലിരിപ്പാണ് ഇതിലൂടെ പുറത്തു വന്നത്. കേരളത്തിലെ എല്ലാ വിഭാഗങ്ങളും വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന നിലപാടുകളെ ഒറ്റക്കെട്ടായാണ് എതിർത്ത് നിലകൊണ്ടത്. ഭരണ പക്ഷവും പ്രതിപക്ഷവുമെല്ലാം ഇക്കാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിച്ചു. കേരളത്തിന്റ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് ഒരിക്കൽ കൂടി വ്യക്തമാക്കുന്ന ഒന്നായിരുന്നു ഇത്.
സംസ്ഥാനസർക്കാർ നടത്തിയ ഇടപെടൽ ഇക്കാര്യത്തിൽ ശ്ലാഘനീയമാണ്. സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകിയ നിലപാട് പൊതുവായ ഐക്യനിര രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. കേരള ജനത മതനിരപേക്ഷതയിൽ ഉറച്ചുനിന്നുകൊണ്ടും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിന് നേതൃത്വം നൽകുന്ന തരത്തിൽ തന്നെയും ഉയർന്ന് പ്രവർത്തിച്ചു. അഭിമാനകരമായ നിലപാടാണ് കേരളം കൈക്കൊണ്ടത്. ഒരു തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കും വർഗീയ ധ്രുവീകരണത്തിനുള്ള ഇടപെടലുകൾക്കും ഇവിടെ സ്ഥാനമില്ലെന്ന നിലപാടാണ് കേരളം നടത്തിയത്.
എന്നാൽ ഇതിന് കടകവിരുദ്ധമായ നിലപാടാണ് ആർഎസ്എസും ബിജെപിയും അവവരുടെ നേതാക്കളിൽ പലരും സ്വീകരിച്ചത്. പ്രത്യേകമായ ചില അജണ്ടകൾ വ്യക്തമാക്കുന്നതാണ് നേതാക്കളുടെ നടപടികൾ. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ നിരുത്തരവാദപരമായ സമീപനമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. സർക്കാർ സംവിധാനങ്ങളിൽ നിന്ന് നിജസ്ഥിതി ലഭിക്കുമെന്നിരിക്കെ ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ ഉദ്ദേശം വർഗീയ ധ്രുവീകരണം സൃഷ്ടിക്കുക എന്നതു തന്നെയാണ്. കേരളത്തെ കലാപഭൂമിയാക്കുക എന്ന ലക്ഷ്യമായിരുന്നു പിന്നിൽ. ഇത് കേരളം തകർത്തു. കുറച്ചുകാലമായി ന്യൂനപക്ഷ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന അജണ്ട സംഘപരിവാർ നടത്തിവരുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇത് ഏശാതെ പോവുകയാണ് ചെയ്തത്.
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ ഒരു പങ്കുമില്ലാത്ത സംഘടനകളാണ് ആർഎസ്എസും ബിജെപിയും. ജനങ്ങളെ തമ്മിലടിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന രീതിയാണ് കേന്ദ്രമന്ത്രി ഉൾപ്പെടെ നടത്തിയത്. സർക്കാർ മതഭീകരവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നു എന്നാണ് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞത്. പാർലമെന്റിൽ പോലും ബിജെപി നേതാക്കൾ വർഗീയ പരാമർശങ്ങളാണ് നടത്തുന്നത്. തീവ്ര ഹിന്ദുത്വമാണ് ബിജെപി വച്ചുപുലർത്തുന്നത്. മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഓരോ വർഷവും വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ക്രമസമാധാന നില തകരാറിലാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നത്.
തെറ്റായ വ്യാഖ്യാനത്തോടെ കള്ളപ്രചരണങ്ങൾ നടത്തുകയാണ് ബിജെപി. ചില വാർത്തകൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലുകളും ഇതിനിടയിൽ നടന്നു. സീതാറാം യെച്ചൂരി എം വി ഗോവിന്ദന്റെ നിലപാടുകളെ തള്ളി എന്ന തരത്തിലുള്ള പ്രചരണങ്ങൾ വന്നിരുന്നു. തികച്ചും തെറ്റായ വാർത്തകളാണ് ഇതൊക്കെ. തന്റെ വാക്കുകളെയും തെറ്റായി വ്യാഖ്യാനിച്ചു. എല്ലാ വിഷയത്തിലും കൃത്യമായ നിലപാടുകളാണ് പാർടിക്കുള്ളത്. വർഗീയതയോട് സമരസപ്പെടുന്ന നിലപാടല്ല സർക്കാരിനും പാർടിക്കും.