ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാനുള്ള നീക്കം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പാർലമെന്ററി ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള ആക്രമണമാണ്. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി അഭിപ്രായങ്ങൾ ജനുവരി 18നകം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രമാണ് പിന്നീടുള്ളത്. നടപ്പാക്കാൻ ഒട്ടേറെ ഭരണഘടനാ ഭേദഗതികൾ വേണ്ടിവരും. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താൻ നിയമസഭകളുടെ കാലാവധി നീട്ടുകയോ വെട്ടിച്ചുരുക്കുകയോ വേണ്ടിവരും. നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമാകുന്ന സർക്കാരിന് നിയമപരമായി തുടരാനാകില്ല. സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ച് കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.