ഇന്ത്യയിലെ കോർപ്പറേറ്റ് കുടുംബങ്ങൾക്ക് ഭരിക്കുന്ന പാർടിയ്ക്ക് ഫണ്ട് നൽകാൻ സഹായമൊരുക്കുന്ന നിയമപരമായ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. എത്ര തുക ഏത് പാർടിക്ക് നൽകി എന്ന് വെളിപ്പെടുത്തേണ്ട ഒരു ബാധ്യതയും കമ്പനികൾക്കില്ല . ഏത് കമ്പനിയിൽ നിന്നാണ് തുക സ്വീകരിച്ചത് എന്ന് വെളിപ്പെടുത്തേണ്ട ബാധ്യത രാഷ്ട്രീയ പാർടിക്കുമില്ല ! അഴിമതി നടത്തുന്നവർക്ക് ,ആനന്ദലബ്ധിക്കിനിയെന്തു വേണം ?
ഒരു പരിശോധനയുമില്ലാത്ത സുതാര്യമല്ലാത്ത ഫണ്ടിങ് സംവിധാനമാണ് ഇലക്ടറൽ ബോണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയെ സമീപിച്ചിരുന്നു . സുപ്രീം കോടതിയിൽ കേസ് വന്നപ്പോൾ , "ഇലക്ടറല്‍ ബോണ്ട് സംഭാവനകളെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമില്ല" എന്ന വിചിത്രവും അത്യന്തം ജനാധിപത്യവിരുദ്ധവുമായ വാദമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.
2022 വരെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി ആകെ ലഭിച്ച ഇലക്ടറൽ ബോണ്ട് 9208 കോടി രൂപയാണ്. അതിൽ 5270 കോടിയും വാങ്ങിയത് ബിജെപിയാണ് എന്ന് അവർ തന്നെ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.ഈ അഴിമതി നിയമവിധേയമാക്കാൻ നിരവധി നിയമങ്ങളാണ് ബിജെപി മാറ്റിമറിച്ചത് . രാഷ്ട്രീയ പാർടികൾക്ക് വിദേശകമ്പനികൾ സംഭാവന നൽകാൻ പാടില്ല എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. തുടർന്ന് ഇലക്ട്‌റൽ ബോണ്ട് വഴി വരുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട എന്ന് നിയമം പാസ്സാക്കി. ലാഭത്തിന്റെ 7.5 ശതമാനത്തിൽ കൂടുതൽ കമ്പനികൾ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന ചെയ്യാൻ പാടില്ല എന്ന നിയമവും വെട്ടി മാറ്റി . അഴിമതി നിയമവിധേയമാക്കുക എന്ന് ഹീനമായ നിലപാടാണ് ബിജെപി സർക്കാർ കൈക്കൊണ്ടിട്ടുള്ളത്.
ഇലക്ട്റൽ ബോണ്ട് എന്ന അടിമുടി അഴിമതി നിറഞ്ഞ സംവിധാനം ഇന്ത്യൻ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ്.