Skip to main content

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ്‌എസ് കാണുന്ന പ്രധാന എതിരാളി കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും

ആർഎസ്എസും ബിജെപിയും കമ്മ്യൂണിസ്റ്റുകാരെ എന്നും ശത്രുപക്ഷത്താണ് നിർത്തിയിട്ടുള്ളത്. രണ്ടാമത്തെ സർസംഘചാലകും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ആചാര്യനുമായ ഗോൾവാൾക്കർ എഴുതിയ വിചാരധാര എന്ന പുസ്തകത്തിൽ ആഭ്യന്തര ഭീഷണികൾ (ഇന്റേർണൽ ത്രെറ്റ്സ്) എന്ന തലക്കെട്ടിൽ ഒരു അധ്യായം തന്നെയുണ്ട്. അതിൽ മുസ്ലിങ്ങളെ ഒന്നാമത്തെയും ക്രൈസ്‌തവരെ രണ്ടാമത്തെയും കമ്മ്യൂണിസ്റ്റുകാരെ മൂന്നാമത്തെയും ഭീഷണിയായാണ് വിലയിരുത്തുന്നത്. അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ് "രാജ്യത്തിന് അകത്തുതന്നെയുള്ള ശത്രുത പുലർത്തുന്ന ശക്തികൾ പുറമേനിന്നുള്ള ആക്രമണകാരികളേക്കാൾ ദേശീയ സുരക്ഷിതത്വത്തിന് വളരെ കൂടുതൽ ഉപദ്രവകാരികളാണ് എന്നത് ലോകത്തിലെ നിരവധി രാജ്യങ്ങളുടെ ചരിത്രത്തിലെ ദുഃഖകരമായ പാഠമാണ്." അതായത് മേൽപ്പറഞ്ഞ മൂന്ന് ആഭ്യന്തരശത്രുക്കളും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഗോൾവാൾക്കർ പറഞ്ഞുവച്ചത്. ഇതിൽ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ആർഎസ്എസിനെയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെയും ശക്തമായി എതിർക്കുന്നത് കമ്മ്യൂണിസ്റ്റുകാരായതിനാൽ അവരെ തകർക്കേണ്ടത് ആർഎസ്എസിനെ സംബന്ധിച്ച് അനിവാര്യമാണ്.

ജനപ്രതിനിധികളുടെ ബലത്തിൽ കമ്മ്യൂണിസ്റ്റ് പാർടികൾ തകർന്നുവെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടവും പറയുമ്പോഴും സംഘപരിവാർ ഇന്നും ഭയക്കുന്നത് കമ്മ്യൂണിസ്റ്റുകാർ മുന്നോട്ടുവയ്‌ക്കുന്ന പുരോഗമന ജനാധിപത്യ മതനിരപേക്ഷ ആശയങ്ങളെയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്മൂണിസം മരിച്ചുവെന്ന് ആക്രോശിക്കുമ്പോഴും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്രമോദിയും അവരുടെ പ്രസംഗത്തിൽ കമ്മ്യൂണിസ്റ്റുകാരെ കടന്നാക്രമിക്കുന്നത് ജനമനസ്സുകളിൽ കമ്മ്യൂണിസ്റ്റുകാർ വിതച്ച പുരോഗമന ജനാധിപത്യ മതനിരപേക്ഷ ആശയങ്ങളുടെ ആഴത്തിലുള്ള സ്വാധീനം അറിയുന്നതു കൊണ്ടാണ്. പാർലമെന്റിലും നിയമസഭകളിലുമുള്ള സീറ്റിന്റെ ബലത്തേക്കാൾ ഭരണവർഗ നയങ്ങൾക്ക്‌ ബദൽ ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ഇടതുപക്ഷത്തിന്റെ ശക്തിയെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഭാഗവതും മോദിയും ഇടതുപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത്.

ഞാനിങ്ങനെ പറയാൻ കാരണം അടുത്തയിടെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ രണ്ട് പ്രസംഗങ്ങളാണ്. സെപ്തംബർ 19ന് മഹാരാഷ്ട്രയിലെ പുണെയിൽ ഒരു മറാത്തി പുസ്തക പ്രകാശനചടങ്ങിലാണ്‌ ആദ്യത്തെ പ്രസംഗം. സാംസ്കാരിക മാർക്സിസമെന്ന പേരിൽ ലോകമെമ്പാടും വിനാശം വിതയ്ക്കുകയാണ് ഇടതുപക്ഷ ചിന്തകരെന്നും ലോക ജീവിതത്തെ നശിപ്പിക്കാനാണ് ഇടതുപക്ഷ ആശയങ്ങൾ പ്രേരിപ്പിക്കുന്നത് എന്നും മോഹൻ ഭാഗവത് പറഞ്ഞു. ഇടതുപക്ഷം ഭാരതീയ സമൂഹത്തിലും അവരുടെ വിനാശ പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും അത് വീടുകൾവരെ എത്തിയിട്ടുണ്ടെന്നും ഭാഗവത് മുന്നറിയിപ്പ് നൽകി.

ഭാഗവതിന്റെ രണ്ടാമത്തെ പ്രസംഗം ഒക്ടോബർ 24ന് വിജയദശമി ദിനത്തിൽ നാഗ്പുരിലെ ആർഎസ്‌എസ്‌ ആസ്ഥാനത്ത് നടത്തിയതാണ്. അതിലും ഇടതുപക്ഷത്തെ, കമ്മ്യൂണിസ്റ്റുകാരെ കടന്നാക്രമിക്കുകയായിരുന്നു ഭാഗവത്. ലോകക്ഷേമം ലക്ഷ്യമാക്കി ഭാരതം ഉയർച്ചയിലേക്ക് നീങ്ങുമ്പോൾ അത് തടയാൻ മുന്നോട്ടുവരുന്ന ശക്തികൾ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ കുപ്പായമിടുകയാണെന്നും മറ്റുള്ളവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന തെറ്റിദ്ധാരണ ഇക്കൂട്ടർ പരത്തുകയാണെന്നും പറഞ്ഞ ഭാഗവത് ഇക്കൂട്ടർ ഇപ്പോഴത്തെ കാലത്ത് സ്വയം വിളിക്കുന്നത് സാംസ്കാരിക മാർക്സിസ്റ്റുകൾ അഥവാ വോക്ക്‌ (ഉണർന്നവർ) എന്നാണെന്നും കൂട്ടിച്ചേർത്തു. മാധ്യമങ്ങളും അക്കാദമികളും കൈയിലെടുത്ത് വിദ്യാഭ്യാസം, സാംസ്കാരികം, രാജനീതി തുടങ്ങി സമാജത്തിലുടനീളം തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കലാണ് ഇവരുടെ പ്രവർത്തന ശൈലി എന്നും ഭാഗവത് കുറ്റപ്പെടുത്തി. ഭാഗവതിന്റെ ഈ ഇടതുപക്ഷ ഭത്സനം ആർഎസ്എസ് ഒരു ശതാബ്ദമായി തുടരുന്ന കമ്യൂണിസ്റ്റ് വിരോധത്തിന്റെ തുടർച്ചയാണ്. മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്പിലും നിയോ ഫാസിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്ന തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങൾ കമ്യൂണിസ്റ്റുകാരെ ഭത്സിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് സാംസ്‌കാരിക മാർക്സിസ്റ്റുകൾ, വോക്ക് തുടങ്ങിയവ. പാശ്ചാത്യ സംസ്‌കാരവും, മൂല്യബോധവും തകർക്കാൻ ശ്രമിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ എന്ന് ദ്യോതിപ്പിക്കുന്നതിനാണ് തീവ്രവലതുപക്ഷം സാംസ്‌കാരിക മാർക്സിസ്റ്റുകൾ എന്ന പദപ്രയോഗം വ്യാപകമായി ഉപയോഗിക്കുന്നത്. ആർഎസ്എസിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് ആശയങ്ങളെയും മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ നീക്കങ്ങളെയും ശക്തമായി എതിർക്കുന്നതിനാലാണ് ഇടതുപക്ഷത്തെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും പാശ്ചാത്യനാടുകളിലെ തീവ്രവലതുപക്ഷത്തിന്റെ ഭാഷ കടമെടുത്തുകൊണ്ട് ആർഎസ്എസ് മേധാവി ആക്രമിക്കുന്നത്.

വംശീയവിദ്വേഷത്തെയും ന്യൂനപക്ഷ വേട്ടയെയും എതിർക്കുന്നവരെയും മറ്റും ചിത്രീകരിക്കാനാണ് തീവ്രവലതുപക്ഷം വോക്ക് (ഉണർന്നവർ), വോക്ക് കൾച്ചർ (ഉണർന്നവരുടെ സംസ്‌കാരം) തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിച്ചുവരുന്നത്. ആർഎസ്എസ് മുന്നോട്ടുവയ്‌ക്കുന്ന ഭാരതീയ സംസ്‌കാരത്തിന് എതിർ നിൽക്കുന്നവരാണ് ഇന്ത്യയിലെ ഇടതുപക്ഷം എന്ന ആഖ്യാനം ശക്തമാക്കാനാണ് ഭാഗവത് നിയോ ഫാസിസ്റ്റുകളുടെ പദാവലി ഇവിടെ ഇറക്കുമതി ചെയ്യുന്നത്. അതോടൊപ്പം വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്ന, മുഖ്യധാരാ മാധ്യമങ്ങളെ ഗോദി മാധ്യമങ്ങളായി മാറ്റുന്ന മോദി സർക്കാരിന്റെ നടപടികൾക്ക് ന്യായീകരണമായും ഈ ആഖ്യാനം ശക്തമായി മുന്നോട്ടുവയ്‌ക്കുകയാണ്. ജെഎൻയു, വിശ്വഭാരതി തുടങ്ങിയ സ്ഥാപനങ്ങളെ കാവിവൽക്കരിക്കുന്നതിനുള്ള ന്യായീകരണവും ഭാഗവതിന്റെ ഇടതുപക്ഷ ഭത്സനത്തിൽനിന്നും വായിച്ചെടുക്കാം.

വെബ് ന്യൂസ്‌ പോർട്ടലായ ന്യൂസ് ക്ലിക്കിലെ ഇ ഡി റെയ്ഡിനെതിരെ പ്രതിഷേധം കനക്കുന്ന ഘട്ടത്തിലാണ് മാധ്യമങ്ങളും സാംസ്‌കാരിക മാർക്സിസ്റ്റുകളുടെ സ്വാധീനത്തിലാണെന്ന ആർഎസ്എസ് മേധാവിയുടെ പരാമർശമുണ്ടായിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും ഐ ടി ആക്ടനുസരിച്ചും ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കായസ്തയെ അറസ്‌റ്റ് ചെയ്യുന്നത് ഡൽഹി ഹൈക്കോടതി തടഞ്ഞ ഘട്ടത്തിലാണ് യുഎപിഎ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു തെളിവും ഹാജരാക്കാതെയാണ് ചൈനീസ് ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ന്യൂസ് ക്ലിക്കിനെതിരെ ഉന്നയിച്ചിട്ടുള്ളത്. ജനപക്ഷത്തോട് അനുഭാവം പുലർത്തുന്ന വെബ്സൈറ്റാണ് ന്യൂസ് ക്ലിക്ക് എന്നതിനാലാണിത്. കർഷകരുടെയും തൊഴിലാളികളുടെയും വിഷയങ്ങൾ ശക്തമായി ഉയർത്തുന്ന മാധ്യമംകൂടിയാണിത്. അതായത് മോഹൻ ഭാഗവതും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത് ഇടതുപക്ഷത്തെയാണ്. പുണെയിൽ നടത്തിയ പ്രസംഗത്തിൽ ഇടതുപക്ഷ ആവാസവ്യവസ്ഥയ്‌ക്കെതിരെ നിരന്തരമായ ഏറ്റുമുട്ടൽ വേണമെന്ന് ഭാഗവത് പറഞ്ഞിരുന്നു. അടിച്ചമർത്തപ്പെട്ടതും പാർശ്വവൽക്കരിക്കപ്പെട്ടതുമായ ജനവിഭാഗങ്ങൾ സാമൂഹ്യ നീതിക്കായി പോരാട്ട മുഖത്തേക്ക് അധികമായി കടന്നുവരുന്നതും ആർഎസ്എസിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനമോ പ്രദേശമോ അവരുടെ ഉൽക്കടമായ അഭിലാഷം പ്രകടിപ്പിച്ചാൽ അത് വിഘടന വാദമാണെന്നു മുദ്രകുത്തി വേട്ടയാടുകയെന്നതും ആർഎസ്എസ് രീതിയാണ്. മണിപ്പുരിലെ സംഘർഷങ്ങളിൽ വിദേശശക്തികളുടെ ഇടപെടലും വിഘടനവാദ ധാരയും കാണുന്നത് ഇതിന്റെ ഭാഗമാണ്. സംഘപരിവാർതന്നെ ആളിക്കത്തിച്ച സങ്കുചിതമായ സ്വതബോധമാണ് മണിപ്പുരിനെ കലാപഭൂമിയാക്കിയതെന്ന വസ്തുത മറച്ചുപിടിക്കാനാണ് ഇത്തരം ആഖ്യാനങ്ങൾ നൽകുന്നത്. ഡൽഹിയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലും ഭാഗവത് മുന്നോട്ടുവച്ച ആശയങ്ങൾ തന്നെയാണ് അവതരിപ്പിച്ചത്.

ജാതി സെൻസസിനുള്ള ആവശ്യം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതേ പ്രധാനമന്ത്രിയാണ് താൻ ഒബിസിക്കാരനാണെന്നും അതിനാലാണ് പ്രതിപക്ഷംതന്നെ നിരന്തരം വേട്ടയാടുന്നതെന്നും പറയുന്നത്. ജനങ്ങളെ സാംസ്‌കാരികമായി യോജിപ്പിക്കാനുള്ള നടപടികളാണ് അയോധ്യയിലെ രാമക്ഷേത്രനിർമാണം എന്നാണ് ആർഎസ്എസ് വാദം. അതായത് മോദിക്കും ഭാഗവതിനും ഉള്ള ലക്ഷ്യം ഹിന്ദുത്വ സ്വേച്ഛാധിപത്യരാഷ്ട്രം സ്ഥാപിക്കുകയാണ്. ബഹുസ്വരതയിലൂന്നി നിൽക്കുന്ന സാംസ്കാരിക ചട്ടക്കൂടിനായി ശ്രമിക്കുന്നവർ വൈദേശിക വിഘടനവാദ ശക്തികളാണ്. അതിൽ പ്രധാനമാണ് കമ്മ്യൂണിസ്റ്റുകാർ, അതിനാൽ അവരെ നശിപ്പിക്കണം എന്നതാണ് ആർഎസ്‌എസ് പ്രചാരണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ്‌എസ് കാണുന്ന പ്രധാന എതിരാളി കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമാണ്. മൃദുഹിന്ദുത്വ നയം സ്വീകരിക്കുന്ന കോൺഗ്രസല്ല. അവരെ എളുപ്പത്തിൽ വിലയ്‌ക്ക് വാങ്ങാൻ കഴിയുമെന്ന് ബിജെപിക്കും ആർഎസ്എസിനും അറിയാം. എന്നാൽ കമ്മ്യൂണിസ്റ്റുകാരെ വിലയ്‌ക്കുവാങ്ങാനാകില്ല. അതിനാലാണ് ആർഎസ്എസ് മേധാവി ഇടതുപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.