ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്ത്. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം. 2023–24 സാമ്പത്തികവർഷത്തെ ആദ്യ ആറുമാസത്തെ സോഷ്യൽ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസനമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം, കേരളം 99.5 ശതമാനം പഞ്ചായത്തുകളുടെയും ഗ്രാമസഭകളും പബ്ലിക് ഹിയറിങ്ങുകളും പൂർത്തിയാക്കി.
കേരളം 99.5 ശതമാനം ഭൗതിക പുരോഗതി നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഒഡീഷയ്ക്ക് 64.8 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ബിഹാറിന് 62.6 ശതമാനവുമാണ് നേടാനായത്. നാല് സംസ്ഥാനം മാത്രമാണ് 60 ശതമാനത്തിലധികം പുരോഗതി കൈവരിച്ചത്.
സമ്പൂർണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമായി കേരളം ഉടൻ മാറും. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നാലു പഞ്ചായത്തും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തുമാണ് ഇനി ബാക്കിയുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഈ പഞ്ചായത്തുകളുടെ സോഷ്യൽ ഓഡിറ്റുകൂടി പൂർത്തിയാക്കാനാകും. പഞ്ചായത്ത് അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് നടപ്പാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണ്. 2022–23ലും സമ്പൂർണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമാകാൻ കേരളത്തിന് കഴിഞ്ഞിരുന്നു.