കേരളത്തിന്റെ മഹോത്സവമായ കേരളീയത്തിന്‍റെ ആദ്യത്തെ പതിപ്പിന് ചൊവ്വാഴ്ച തിരശ്ശീല വീണു. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിലുണ്ടായത്. അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം നഗരം ജനസമുദ്രമായി മാറി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്ര വിപുലമായ ആഘോഷം സംഘടിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന ആശങ്കകളെ അകറ്റി കേരളീയം കേരളീയതയുടെ ആഘോഷമാണെന്ന്, മലയാളികളുടെ മഹോത്സവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എല്ലാവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നു.
മികച്ച രീതിയില്‍ കേരളീയം നടത്താന്‍ സാധിച്ചത് ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും കാരണമാണ്. ഇതിന്‍റെ സംഘാടനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകള്‍ തിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷം കേരളീയം സംഘടിപ്പിക്കാനും മറ്റു നാടുകളില്‍ നിന്നുകൂടി കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്താനും ഈ വിജയം നമുക്ക് പ്രചോദനം പകരും. അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി ഒരു സംഘാടകസമിതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കിയിട്ടുണ്ട്. കെഎസ്ഐഡിസി എംഡി കണ്‍വീനറാകും. തദ്ദേശസ്വയംഭരണം, പൊതുഭരണം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വ്യവസായം, വിനോദസഞ്ചാരം, ധനകാര്യം, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, വിനോദസഞ്ചാരം, വ്യവസായം, സാംസ്കാരികം വകുപ്പ് ഡയറക്ടര്‍മാര്‍, ലാന്‍റ് റവന്യൂ കമ്മീഷണര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഇപ്പോള്‍ തന്നെ അടുത്ത കേരളീയത്തിന്‍റെ തയാറെടുപ്പുകള്‍ ഈ കമ്മിറ്റി ആരംഭിക്കും. കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാം.
ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങള്‍, ഫെഡറല്‍ ഘടന, പാര്‍ലമെന്‍ററി ജനാധിപത്യം എന്നീ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ നവകേരളം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ കേരള സമൂഹം മുന്നില്‍ നില്‍ക്കുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു കേരളീയം. എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായ ജനമനസ്സിന്‍റെ ഒരുമ കേരളീയം ഊട്ടിയുറപ്പിച്ചു. കേരളത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ പതാകയെയാണ് കേരളീയം ഉയര്‍ത്തിയത്. കേരളീയം ധൂര്‍ത്താണ്, ഇങ്ങനെ ഒരു പരിപാടി ഈ പ്രതിസന്ധി കാലത്ത് ആവശ്യമുണ്ടോ എന്ന് ചോദ്യങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ നാടിന്‍റെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിനു വേണ്ടിവരുന്ന ചെലവിനേയും ധൂര്‍ത്തായി സര്‍ക്കാര്‍ കരുതുന്നില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.
സര്‍ക്കാര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് നേരിടേണ്ടിവരുന്നത്. ഈവര്‍ഷം ചെലവിന്‍റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റി വെക്കാന്‍ കഴിയില്ല. സാംസ്കാരിക മേഖലയില്‍ ചെലവിടുന്ന പണത്തെ ധൂര്‍ത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിന്‍റേതാണ്. അതിന്‍റെ നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരാണ് നാം. സാംസ്കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണ്.
കേരളീയത്തിന്‍റെ സമാപന വേളയില്‍ നവകേരള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് കേരളീയത്തിന്‍റെ ആദ്യപതിപ്പ് പകര്‍ന്ന ഊര്‍ജം.