കേരളം രൂപീകൃതമായി 67 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു പ്രദേശത്തെ പ്രതിപാദിക്കുമ്പോള്‍ അത്ര ദീര്‍ഘമായ കാലഘട്ടമാണിതെന്നു പറയാന്‍ സാധിക്കില്ല. പക്ഷേ, ഈ ആറു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിനു മുന്നില്‍ നിരവധി കാര്യങ്ങളില്‍ അനുകരണീയമായ ഒരു മാതൃക എന്ന നിലയ്ക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ നമുക്ക് സാധിക്കുന്നു എന്നത് ഒട്ടും ചെറിയ കാര്യമല്ല. പ്രത്യേകിച്ചും കൊളോണിയലിസത്തിന്‍റേയും ഫ്യൂഡല്‍ മേധാവിത്വത്തിന്‍റേയും നൂറ്റാണ്ടുകള്‍ നീണ്ട ചൂഷണത്തെ നേരിടേണ്ടി വന്ന ഒരു ചെറിയ പ്രദേശമാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന നേട്ടങ്ങളിലേക്ക് ഉയര്‍ന്നത് എന്നത് നമ്മുടെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുന്നു.
ജീവിതനിലവാര സൂചികകള്‍, പബ്ളിക് അഫയേഴ്സ് ഇന്‍ഡക്സ്, ആരോഗ്യവിദ്യാഭ്യാസ സൂചികകള്‍ തുടങ്ങി ഒരു സമൂഹത്തിന്‍റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുന്‍ നിരയിലാണ്. ദേശീയ തലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ നമ്മെ തേടിയെത്തി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നാം നടത്തുന്ന പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. കണ്ടെത്തിയതില്‍ 64,000ത്തോളം കുടുംബങ്ങളില്‍ 47.89 ശതമാനത്തെ നമുക്ക് ഇതിനകം അതിദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിക്കാനായിട്ടുണ്ട്. 30,658 കുടുംബങ്ങള്‍. 2025 നവംബറോടെ കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത കേരളീയം ആരംഭിക്കുന്ന 2024 നവംബര്‍ ഒന്നിന് ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതി നേടാനാകും.