ഇന്ത്യ ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇടതുപക്ഷത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ആ നിലപാടിന്റെ ആവർത്തനമാണ് പലസ്‌തീൻ ഐക്യദാർഢ്യ റാലി. ലോകത്തെ സാമ്രാജ്യത്വ ശക്തികൾ ഇസ്രയേലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതിൽ പ്രതിഷേധമുള്ളവരാണ് സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഒത്തുകൂടിയിരിക്കുന്നത്.
സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്കുണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ. ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലക്ക് നമ്മൾ കണ്ടിരുന്നില്ല. എന്നാൽ നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണത്. അമേരിക്കൻ സമ്മർദ്ദത്തിനു കീഴ്പ്പെടുകയായിരുന്നു ഇന്ത്യ. അന്ന് തുടക്കം കുറിച്ചതിന് ബിജെപി ഇപ്പോൾ ശക്തമായ രൂപം കൊടുത്തിരിക്കുന്നു. അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റി. രാജ്യത്ത് പലയിടങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയത് ഇടതുപക്ഷമാണ്. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാർടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നു. തെറ്റായ രീതി രാജ്യത്ത് ചിലർ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ല.
കേന്ദ്രസർക്കാർ അക്രമികൾക്കുവേണ്ടി നിലകൊള്ളുകയാണ്. ഇന്ന് നമ്മുടെ രാജ്യത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിന് നേതൃത്വം കൊടുക്കുന്നത് ആർഎസ്എസ് ആണ്. നാസി രീതിയിൽ നിന്നെടുത്തിട്ടുള്ള നിലയ്ക്കാണ് ആർഎസ്എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ നേരിടുന്നത്. ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയ നയമാണത്. ആർഎസ്എസിന്റെ സംഘടനാരൂപം, അവരുടെ പരിശീലന സംവിധാനങ്ങൾ എന്നിവ മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാ രീതിയിൽ പരിശീലിച്ചിട്ടുള്ളതാണ്. ഇതെല്ലാം സ്വാംശീകരിച്ചിട്ടുള്ള ഒരു വിഭാഗമായിട്ടാണ് സയണിസ്റ്റുകളെ കാണാൻ കഴിയുക. ഇന്നത്തെ ലോകത്ത് ആർഎസ്എസിനെ അംഗീകരിക്കാൻ കഴിയുന്നവർക്ക് മാത്രമാണ് സയണിസ്റ്റുകളെ അംഗീകരിക്കാൻ കഴിയുന്നത്.
പലസ്തീൻ ജനതയുടെ നേരെയുള്ള നിഷ്ഠൂരവും നരനായാട്ടും ക്രൂരതയും നിർത്തിവയ്ക്കണം എന്നത് ലോക ജനതയുടെ അഭിപ്രായമാണ്. ആ അഭിപ്രായമാണ് ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിൽ പ്രതിഫലിച്ചിട്ടുള്ളത്. അതിനോട് ഇന്ത്യ ഗവണ്മെന്റ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ജീവൻ രക്ഷാ ഔഷധങ്ങൾ പോലും നിഷേധിക്കപ്പെട്ട് പിടഞ്ഞു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങൾ പലസ്തീൻ തെരുവുകളിൽ ഉണ്ട്. അപ്പോഴും ഇന്ത്യ ഗവണ്മെന്റ് ആ പലസ്തീൻ ജനതയോടൊപ്പമല്ല, അമേരിക്കൻ പിന്തുണയോട് കൂടിയ സയണിസ്റ്റ് ഇസ്രായേൽ വാഴ്ചയുടെയും ആക്രമികളുടെയും കൂടെയാണ്. അത്തരം നിർലജ്യമായ നിലപാടിനെതിരെയുള്ള പ്രതിഷേധം കൂടെയാണ് ഇപ്പോൾ സിപിഐഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി. സാധാരണഗതിയിൽ നമ്മുടേത് പോലെ ഒരു രാഷ്ട്രം ഇരുകൈയും നീട്ടി സ്വീകരിക്കേണ്ട ഒരു നിലപാടിനെ പക്ഷഭേദത്തിന്റെ പേരിൽ കേന്ദ്രം അവഗണിക്കുകയാണ്.