അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ ശ്വാസം മുട്ടിക്കുന്നത് കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതിന് തുല്യമാണ്. കേന്ദ്രത്തിന്റെ വിവേചനത്തിൽ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. നികുതി കുടിശ്ശിക പിരിവിൽ ഉൾപ്പെടെ തനതു വരുമാനം ഉയർത്തിയും ശ്രദ്ധയോടെയുള്ള ധനമാനേജ്‌മെന്റ് വഴിയും കേരളം വിവേചനത്തെ ശക്തമായി പ്രതിരോധിക്കുകയാണ്.
കേരളത്തിലെ പൊതുസമൂഹത്തോട് അൽപമെങ്കിലും ഉത്തരവാദിത്വം കാട്ടാൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തയ്യാറാകണം. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് വസ്‌തുതകൾ തുറന്നു പറയുമ്പോൾ കേരളം വലിയ കടക്കെണിയിലാണെന്ന പച്ചക്കള്ളം ചില മാധ്യമങ്ങളുടെ പിന്തുണയോടെ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷശ്രമം.
സംസ്ഥാനത്തെ നികുതി പിരിവിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്ന കണക്ക് അടിസ്ഥാനരഹിതമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കേരളത്തിന്റെ ജിഎസ്‌ടി വരുമാനം 23,000 കോടി രൂപ വർധിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും തനത് വരുമാനസ്രോതസ്സുകൾ വഴിയാണ് പ്രധാന ചെലവുകളെല്ലാം നിർവഹിച്ചത്. ഈ വസ്‌തുതകൾ മറച്ചുവച്ചാണ് കുപ്രചാരണം. കേരളത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം നൽകാത്തതിനെക്കുറിച്ച് പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ല. നികുതി വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് 18,000 കോടി രൂപയുടെ വരുമാനനഷ്‌ടമുണ്ടായി. ജിഎസ്‌ടി നഷ്‌ടപരിഹാരം 12,000 കോടി ഇല്ലാതായി. ഇതിനെതിരെ കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒപ്പിടാൻ 18 യുഡിഎഫ് എംപിമാരിൽ ഒരാൾപോലും ഉണ്ടായില്ല.