Skip to main content

കേരളം വികസിക്കരുത്, വളരരുത് എന്ന് ചിന്തിക്കുന്നവർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം

പ്രതിപക്ഷമുക്തഭാരതം എന്നത് രാജ്യം ഭരിക്കുന്ന കക്ഷിയുടെയും അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി മോദിയുടെയും മുദ്രാവാക്യമാണ്. ജനാധിപത്യവിരുദ്ധം മാത്രമല്ല, ഫാസിസത്തിന്റെ കേളികൊട്ടുകൂടിയാണ് ഈ ആശയം. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച തങ്ങളാണ് ജനങ്ങളുടെ യഥാർഥ പ്രതിനിധികളെന്നും അതിനാൽ അവരുടെ ശബ്ദം ഉയർത്താൻ മറ്റു കക്ഷികളുടെ ആവശ്യമില്ലെന്നുമുള്ള തീവ്രവലതുപക്ഷ ഭരണാധികാരികളുടെ ആഖ്യാനമാണ് മോദിയും ആവർത്തിക്കുന്നത്. മോദി പ്രതിനിധാനം ചെയ്യുന്ന ആർഎസ്എസിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ യുക്തിപരമായി എതിർക്കുന്നത് ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരുമാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റുകാരെയാണ് അവർ പ്രധാനമായും ഉന്നം വയ്‌ക്കുന്നത്. കഴിഞ്ഞാഴ്ചത്തെ നേർവഴിയിൽ (ആർഎസ്എസിന്റെ ഇടതുപക്ഷ ഭയം) ഞാനിക്കാര്യം വിശദമാക്കിയിരുന്നു. എന്തുകൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകൾ കമ്യൂണിസ്റ്റുകാരെ ഭയക്കുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അടുത്തിടെ നടത്തിയ രണ്ട് പ്രസംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനമായിരുന്നു അത്.

പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കിൽ ആദ്യം കമ്യൂണിസ്റ്റുകാരെ പിഴുതെറിയുകയാണ് വേണ്ടതെന്ന് ആർഎസ്എസിന് നന്നായി അറിയാം. കമ്യൂണിസ്റ്റു പാർടികളും ഇടതുപക്ഷവും മുന്നോട്ടുവയ്‌ക്കുന്ന പുരോഗമന ജനാധിപത്യ മതനിരപേക്ഷ ആശയങ്ങളും ശാസ്ത്രബോധവുമാണ് ഹിന്ദുത്വ ഫാസിസത്തിന്റെ യഥാർഥ ശത്രുവെന്ന തിരിച്ചറിയലിൽനിന്നാണ് ഈ വെറുപ്പ് ഉടലെടുക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ വേണം കേരളത്തിലെ എൽഡിഎഫ് സർക്കാരിനെതിരെ കേന്ദ്രസർക്കാരും ബിജെപിയും കൈക്കൊള്ളുന്ന സമീപനം വിലയിരുത്താൻ. ബിജെപി മാതൃകാസംസ്ഥാനമായി ഉയർത്തിക്കാട്ടുന്നത് ഗുജറാത്തും യുപിയുമാണ്. എന്നാൽ, ആ സംസ്ഥാനങ്ങളേക്കാൾ എല്ലാ സൂചികകളിലും ഏറെ മുന്നിലാണ് കേരളം. വിദ്യാഭ്യാസം, ആരോഗ്യം, ശിശുമരണനിരക്ക്, ആയുസ്സ്‌, മനുഷ്യവികസന സൂചിക തുടങ്ങി എല്ലാത്തിലും കേരളമാണ് മുന്നിൽ. ഇതിന് പ്രധാന കാരണം ഞാൻ നേരത്തേ സൂചിപ്പിച്ച ശാസ്ത്രബോധവും പുരോഗമന ജനാധിപത്യ മതനിരപേക്ഷ ചിന്തകളുമാണ്. അതായത് ബിജെപിയുടെ സാമൂഹ്യ രാഷ്ട്രീയ ചിന്തയ്‌ക്കും നവ ഉദാരവാദ നയത്തിൽ ഊന്നുന്ന സാമ്പത്തികനയങ്ങൾക്കും ദേശീയതലത്തിൽത്തന്നെ ബദൽ ഉയർത്തുന്നത് കേരളമാണ്. ഇത് ലോകമെങ്ങുമുള്ള ചിന്തകരും ഗവേഷകരും അംഗീകരിക്കുന്നുമുണ്ട്. ദ ന്യൂ സൺഡെ എക്സ്പ്രസ് നവംബർ 12ന് പ്രസിദ്ധീകരിച്ച എക്സ്പ്രസ് ഡയലോഗിൽ കോഴിക്കോട് ഐഐഎം ഡയറക്ടർ ദേബാഷിസ് ചാറ്റർജി പറഞ്ഞത് ലോകോത്തര സംസ്ഥാനങ്ങളിൽ ഒന്നും യൂറോപ്പിന് സമാനവുമാണ് കേരളമെന്നാണ്. ഏറ്റവും വികസിതമായ വടക്കൻ യൂറോപ്പിനു സമാനമാണ് കേരളമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻ ഫുട്ബോൾ താരം പാട്രിസ് മജോണ്ടോ മ്വാംബ കേരള മോഡലിനെക്കുറിച്ച് പഠിക്കാൻ സംസ്ഥാനം സന്ദർശിക്കുകയാണ്. സൗജന്യ വിദ്യാഭ്യാസവും വിജ്ഞാന സമൂഹമെന്ന കേരളത്തിന്റെ കാഴ്ചപ്പാടുമാണ് അദ്ദേഹത്തെ ഏറെ ആകർഷിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം (നവംബർ 15) റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. കേരളം രണ്ട് ദശാബ്ധം മുമ്പ് കൈവരിച്ച നേട്ടങ്ങളാണ് കോംഗോ ഇപ്പോൾ കൈവരിക്കാൻ ശ്രമിക്കുന്നത്. കോംഗോയ്‌ക്ക്‌ അനുകരിക്കാവുന്ന വിജയകരമായ മാതൃകയാണ് കേരളം എന്നാണ് മ്വാംബ പറയുന്നത്.

അതുപോലെ, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി വിരമിച്ച് സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലേക്ക് പോയി അവിടെ കോൺഗ്രസ് നേതാവായ ടിക്കാറാം മീണ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കിയത് കേരള മോഡൽ മുൻനിർത്തിയാണെന്നാണ് മീണ പറഞ്ഞത്. മാനവവിഭവശേഷി വികസനം, സാമൂഹ്യക്ഷേമം, പഞ്ചായത്തീരാജ്, അധികാര വികേന്ദ്രീകരണം തുടങ്ങിയ മേഖലകളിൽ കേരളം മാതൃകയാണെന്നും അതിനാൽ അക്കാര്യങ്ങളാണ് രാജസ്ഥാനിൽ പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചതെന്നുമാണ് മീണ പറഞ്ഞത്. നൊബേൽ സമ്മാനജേതാവായ അമർത്യ സെന്നും മറ്റും നേരത്തേതന്നെ കേരള മോഡലിനെക്കുറിച്ച് സംസാരിച്ചിരുന്നു.

ദേബാഷിഷ് ചാറ്റർജിയുടെയും മ്വാംബയുടെയും ടിക്കാറാം മീണയുടെയും വാക്കുകൾ സൂചിപ്പിക്കുന്നത് കേരളം രാജ്യത്ത് ഉയർത്തുന്ന ജനപക്ഷ ബദലിനെയാണ്. പല സംസ്ഥാനങ്ങൾക്കും വിദഗ്ധർക്കും ഗവേഷകർക്കും അത് പ്രചോദനമേകുന്നു. രാജ്യം ഭരിക്കുന്നവർ കേരളത്തെ ഭയപ്പെടുന്നതും ഇതുകൊണ്ടാണ്. അതിനാൽ എങ്ങനെയും കേരളത്തെ തകർക്കണം. കേരളം ഉയർത്തുന്ന ബദലിനെ തകർക്കണം. എങ്കിലേ ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് അവരുടെ അജൻഡ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂ. അതിനാലാണ് കേരളത്തിനെതിരെ സാമ്പത്തിക കടന്നാക്രമണത്തിന്, ഉപരോധ സമാനമായ വിവേചനത്തിന് മോദി സർക്കാർ തയ്യാറാകുന്നത്. മുന്നോട്ടുകുതിക്കാനാകാതെ വരിഞ്ഞു മുറുക്കുകയെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനായി അവർ പല മാർഗങ്ങളും അവലംബിക്കുന്നുണ്ട്. ന്യായമായി ലഭിക്കേണ്ട സാമ്പത്തിക വിഹിതം നിഷേധിക്കുക, വികസന പ്രവർത്തനങ്ങൾ തടയുക, ഇതിനായി ഗവർണർ എന്ന ഭരണഘടനാ പദവിയെയും അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുക തുടങ്ങി എല്ലാ മാർഗങ്ങളും ഉപയോഗിക്കുകയാണ്.

കേരളത്തിന് ന്യായമായും ലഭിക്കേണ്ട 57,400 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. ഇത് ലഭിച്ചാൽമാത്രം മിച്ചസംസ്ഥാനമായി കേരളം മാറും. പത്താം ധന കമീഷൻ നികുതി വിഹിതമായി 3.9 ശതമാനം നൽകിയിരുന്നു. 15–--ാം ധന കമീഷനാകുമ്പോൾ അത് 1.9 ശതമാനമായി കുറഞ്ഞു. 18,000 കോടി രൂപയുടെ കുറവാണ് ഇതുമൂലം ഉണ്ടാകുന്നത്. കേന്ദ്രത്തിന് യഥേഷ്ടം കടമെടുക്കാമെന്നിരിക്കെ കേരളത്തിന് ആ അവകാശവും നിഷേധിക്കുകയാണ്. കേന്ദ്രത്തിന്റെ കടം 40 ശതമാനമാണെങ്കിൽ കേരളത്തിന്റേത് 20 ശതമാനം മാത്രമാണ്. കേന്ദ്രത്തിന് എന്തുമാകാം എന്നാൽ കേരളത്തെ ന്യായമായതു പോലും ചെയ്യാൻ സമ്മതിക്കില്ല എന്ന്‌ പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വിവേചനങ്ങളാണ് മോദിസർക്കാർ കേരളത്തിനുമേൽ അടിച്ചേൽപ്പിക്കുന്നത്. ഉദാഹരണത്തിന് ദേശീയപാത വികസനത്തിൽ ഭൂമി ഏറ്റെടുക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ മുഴുവൻ പണവും കേന്ദ്രം വഹിക്കുമ്പോൾ കേരളത്തിൽമാത്രം 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് നിബന്ധനയുണ്ടായി. ദേശീയപാത വികസന അതോറിറ്റി എടുക്കുന്ന കടം വായ്പാപരിധിയിൽ പെടാത്തപ്പോൾ കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന ബജറ്റിന് പുറത്തുള്ള കടം വായ്പാപരിധിയിൽ ഉൾപ്പെടുത്തി കേരളത്തിനുള്ള വിഹിതം വെട്ടിക്കുറയ്‌ക്കുന്നു. ഇതൊന്നും വിവേചനമല്ലേ? കേന്ദ്രാവിഷ്കൃത പദ്ധതികളിൽ വൻ കുറവ് വരുത്തുന്നതും പതിവായിരിക്കുന്നു. എല്ലാ രീതിയിലും കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയുകയാണ്. സംസ്ഥാനത്തെ വീർപ്പുമുട്ടിക്കുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിനെതിരെയുള്ള ഈ നീക്കത്തെ സിപിഐ എമ്മിനെതിരെയുള്ള, എൽഡിഎഫിനെതിരെയുള്ള നീക്കമായിമാത്രം കണ്ട് അതിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും കൈക്കൊള്ളുന്നത്. മുഖ്യമന്ത്രി ആരോപിച്ചപോലെ കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള നിവേദനത്തിൽ ഒപ്പുവയ്‌ക്കാൻപോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല. കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് എതിർ നിൽക്കുന്ന യുഡിഎഫിന്റെ പ്രതിനിധികളെ ഇനിയും പാർലമെന്റിലേക്ക് അയക്കേണ്ടതുണ്ടോയെന്ന് ജനങ്ങൾ ചിന്തിക്കണം എന്നാണ് വിനയത്തോടെ അഭ്യർഥിക്കാനുള്ളത്.

ഒരു വശത്ത് സാമ്പത്തികമായി ഞെരുക്കുമ്പോൾത്തന്നെ പല വികസനപദ്ധതികൾക്കും അനുമതി നൽകാതെ തടയുകയും ചെയ്യുന്നു. എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻതന്നെ ഉദാഹരണം. കേരളത്തിന്റെ ഈ സ്വപ്നപദ്ധതിയെ അവഗണിക്കാനാണ് കേന്ദ്രം വന്ദേ ഭാരത് ടെയിനുകൾ ഓടിക്കാൻ തുടങ്ങിയത്. എന്നാൽ, ട്രാക്കുകളിലും സിഗ്നൽ സംവിധാനത്തിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താതെയാണ് വന്ദേ ഭാരത് ഓടാൻ തുടങ്ങിയത്. പ്രതീക്ഷിച്ച വേഗം നേടാനായില്ലെന്നു മാത്രമല്ല, വന്ദേ ഭാരതിന് വഴിയൊരുക്കാൻ മറ്റ് ട്രെയിനുകൾ പലയിടത്തും മണിക്കൂറുകൾ പിടിച്ചിടുന്നതിനാൽ സാധാരണക്കാരുടെ യാത്ര ദുരിതപൂർണമായി. സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും വെട്ടിക്കുറയ്‌ക്കുന്നതും യാത്രാദുരിതം ഇരട്ടിയാക്കി. ഇതോടെ അതിവേഗ ട്രെയിനിന്റെ ആവശ്യകത സംസ്ഥാനത്ത് വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. ഈ ഘട്ടത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപിയുടെ കേരള വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. സിൽവർ ലൈൻ പദ്ധതിക്ക് തടയിടാൻ ആവശ്യമായ എല്ലാ കാര്യങ്ങളും കേന്ദ്രത്തിൽ ചെയ്തുവച്ചിട്ടുണ്ടെന്നാണ് സുരേന്ദ്രൻ പറഞത്‌. കേരളം വികസിക്കരുതെന്ന ദുഷ്ടമനസ്സുകൾക്കു മാത്രമേ ഇങ്ങനെ പറയാനാകൂ. കേരളം വികസിക്കരുത്, വളരരുത് എന്ന് ചിന്തിക്കുന്നവർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം എന്നുമാത്രം ഓർമിപ്പിക്കട്ടെ.

കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടുക മാത്രമാണ് പോംവഴി. അതിനുള്ള തീരുമാനമാണ് നവംബർ 10ന് ചേർന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം കൈക്കൊണ്ടത്. ജനുവരിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ജനനേതാക്കളും രാജ്യതലസ്ഥാനത്ത് യോജിച്ച പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകും. സംസ്ഥാന–--ജില്ലാ തലത്തിൽ വിപുലമായ കൺവൻഷനുകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. കേരളത്തെ ക്രൂരമായി അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ ജനരോഷമിരമ്പും. ആ ജനരോഷത്തിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് എതിരു നിൽക്കുന്നവർ തോറ്റു പിൻവാങ്ങേണ്ടിവരും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.