പ്രതിപക്ഷ നേതാവിനുള്ള മറുപടി
എന്ത് പരിഹാസ്യമായ നിലപാടാണ് പ്രതിപക്ഷനേതാവ് മുന്നോട്ടുവെക്കുന്നത്. ആരുടെ നാവായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്? കേരളത്തിന് അവകാശപ്പെട്ട 57,400 കോടി രൂപ ഈ വർഷവും, 40,000 കോടി രൂപ കഴിഞ്ഞവർഷവും തടഞ്ഞുവെച്ച കേന്ദ്രസർക്കാരിനെതിരെ ഒരു വാക്ക് അദ്ദേഹം ഇതുവരെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഏതൊരു കേരളീയനും തോന്നുന്ന സ്വാഭാവിക പ്രതിഷേധം പോലും തോന്നാത്ത നിലയിൽ അദ്ദേഹം മാറിപ്പോയി. കേന്ദ്രത്തിന്റെ നാവായി നിന്നുപോലും കേരളത്തെ ദുർബലപ്പെടുത്താനുള്ള ഈ ശ്രമങ്ങളെ പ്രതിരോധിച്ചേ മതിയാകൂ. അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചവരും, കുടുംബശ്രീയെ തകർക്കാൻ ജനശ്രീ കൊണ്ടുവന്നവരും ഇപ്പോള്‍ കുടുംബശ്രീയെയും ലൈഫിനെയും കുറിച്ച് കണ്ണീർവാർക്കുന്നതിന് പിന്നിലെ കുടിലത കേരളം തിരിച്ചറിയുമെന്നതിൽ സംശയമില്ല.
കുടുംബശ്രീ ജനകീയ ഹോട്ടലുകളെ സംബന്ധിച്ച്
ജനകീയ ഹോട്ടലുകളിലെ കുടിശികയെക്കുറിച്ച് ആകുലപ്പെടുന്ന പ്രതിപക്ഷനേതാവിനെ, ജനകീയ ഹോട്ടൽ എന്ന സങ്കൽപ്പം പോലും ഒന്നാം പിണറായി സർക്കാരിന്റേതാണ് എന്ന വസ്തുത ഓർമ്മിപ്പിക്കട്ടെ. നാളിതുവരെ 164.71 കോടി രൂപയാണ് ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി ആയി മാത്രം സർക്കാർ വിതരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 1198 ജനകീയ ഹോട്ടലുകളുടെ കാര്യമെടുത്താൽ, ശരാശരി ഒരു ഹോട്ടലിന് 13.74 ലക്ഷം രൂപ സബ്സിഡി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കെട്ടിടം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കുന്നു. എല്ലാ ജനകീയ ഹോട്ടലുകള്‍ക്കും 30,000 രൂപ വർക്കിംഗ് ഗ്രാന്റ് ആയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നൽകി. ഈ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തിയാണ് ജനകീയഹോട്ടലുകളെ സർക്കാർ മുന്നോട്ടുനയിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജനകീയ ഹോട്ടലുകള്‍ക്ക് സർക്കാർ നിർദേശിച്ചതുപോലെ ഈ സഹായം ഉറപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവിന് പറയാനാകുമോ? കുടുംബശ്രീയെ ഇല്ലാതാക്കി ജനശ്രീ സ്ഥാപിക്കാനിറങ്ങിയവർ ഇത്തരത്തിലെങ്കിലും കുടുംബശ്രീ പ്രവർത്തകരെക്കുറിച്ച് ആലോചിക്കുന്നതിലുള്ള നന്ദി കൂടി അറിയിക്കട്ടെ. ജനകീയ ഹോട്ടലുകളെ സംരക്ഷിച്ചുതന്നെ മുന്നോട്ടുപോകുമെന്ന വിവരം സർക്കാരിന് വേണ്ടി അറിയിക്കുകയാണ്.
ലൈഫ് മിഷനെക്കുറിച്ച്
കടുത്ത സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും തലയെടുപ്പോടെ തന്നെയാണ് ലൈഫ് ഭവനപദ്ധതി മുന്നോട്ടുപോകുന്നത്. നാളിതുവരെ 3,56,108 വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂർത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിക്കിടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിലപിക്കുന്ന ലൈഫ് മിഷൻ വഴി ഈ സാമ്പത്തികവർഷം മാത്രം കരാർ വെച്ച്, പണം ലഭിച്ച് വീട് നിർമ്മാണം ആരംഭിച്ചവർ 1,41,257 ആണ്. ഇതിൽ 15,518 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട് എന്ന വിവരം കൂടി അറിയിക്കട്ടെ. ഓർക്കണം, 71,861 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടയിടത്താണ് ഇരട്ടിയോളം വീടുകള്‍ പൂർത്തീകരണത്തിലേക്ക് കടക്കുന്നത്. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന കടുത്ത സാമ്പത്തിക ആക്രമണം, എല്ലാ പദ്ധതികളെയും പോലെ ലൈഫ് മിഷനെയും ബാധിക്കുന്നുണ്ട്. എന്നാൽ അതെല്ലാം മറികടന്നുകൊണ്ട് ഈ വീടുകള്‍ ഈ വർഷം തന്നെ പൂർത്തിയാക്കാനാകുന്ന ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.
പിഎംഎവൈ ഗുണഭോക്താക്കള്‍ വീടിന് മുന്നിൽ വലിയ ബോർഡ് വെച്ചിരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ തിട്ടൂരത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് ഇന്നുവരെ എന്തെങ്കിലും പറഞ്ഞതായി നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? കേരളം കൊടുക്കുന്ന 4 ലക്ഷത്തിൽ 72,000 രൂപ മാത്രം വിഹിതം തരുന്ന ഗ്രാമീണ മേഖലയിലും കേന്ദ്രത്തിന്റെ ബോർഡ് വെക്കണമെന്നാണ് തിട്ടൂരം. മലയാളിയുടെ ആത്മാഭിമാനത്തിന് 72,000 രൂപ വിലയിട്ട കേന്ദ്രസർക്കാരിനെതിരെ ഒരക്ഷരം സംസാരിക്കാത്ത പ്രതിപക്ഷനേതാവാണ് സംസ്ഥാന സർക്കാരിനെതിരെ ആക്ഷേപം ചൊരിയുന്നത്. ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് കേരളം ഭവനനിർമ്മാണത്തിന് നൽകുന്ന 4 ലക്ഷത്തിന് അടുത്തെങ്കിലുമുള്ള സംഖ്യ നൽകുന്നുവെന്ന് തെളിയിക്കാൻ പ്രതിപക്ഷനേതാവിനെ വെല്ലുവിളിക്കുകയാണ്. കേരളം കൊടുക്കുന്നതിന്റെ പകുതി പോലും തുക ഒരു സംസ്ഥാനത്തും നൽകുന്നില്ല എന്നതാണ് വസ്തുത. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കിൽ ഈ സമയത്തിനുള്ളിൽ എല്ലാവർക്കും വീട് നൽകാൻ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, നിബന്ധനകള്‍ അടിച്ചേൽപ്പിച്ചും, ഏജൻസികളെ ഉപയോഗിച്ചും ലൈഫ് മിഷനെ തകർക്കാൻ ശ്രമിക്കുകയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ലൈഫ് ഭവന പദ്ധതി മുന്നോട്ടുപോകും.
നവകേരള സദസിന് ലഭിക്കുന്ന വർധിച്ച പിന്തുണയിൽ പ്രതിപക്ഷത്തിനുള്ള അങ്കലാപ്പ് ഇങ്ങനെ പലവിധത്തിൽ പുറത്തുവരുന്നതാണ്. കുടുംബശ്രീ പ്രവർത്തകരും ലൈഫ് ഗുണഭോക്താക്കളുമടക്കം കേരളജനതയാകെ കൂട്ടത്തോടെ നവകേരളസദസിലെത്തും. ഇത് നേരിട്ട് കാണാൻ താൽപര്യമുണ്ടെങ്കിൽ ഏത് സ്വീകരണ കേന്ദ്രത്തിലേക്കും പ്രതിപക്ഷനേതാവിന് സ്വാഗതം