ജനങ്ങളാണ് യഥാർഥ ഭരണാധികാരികൾ എന്ന സങ്കൽപ്പമാണ് ജനാധിപത്യം മുന്നോട്ടുവയ്‌ക്കുന്നത്. ‘ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം’ എന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ നൽകിയ നിർവചനം വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതും ഇതിനാലാണ്. ജനാധിപത്യത്തിന്റെ യഥാർഥ സത്ത ഉൾക്കൊണ്ട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. നാടിന്റെ നല്ല ഭാവി ഉറപ്പുവരുത്താനായി ജനങ്ങളുടെ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും 36 ദിവസം നീണ്ട ജനകീയ യാത്രയ്‌ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങൾ അവർക്കു വേണ്ടി ഭരണം നടത്താനായി 140 എംഎൽഎമാരെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയക്കുന്നത്. ഈ 140 മണ്ഡലങ്ങളിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു ബസിൽ സഞ്ചരിക്കുകയാണ്. ജനങ്ങളെ നേരിട്ട് കണ്ട് അവരിൽനിന്ന് പരാതികൾ സ്വീകരിച്ച് സമയബന്ധിതമായി അവ പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമമാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. ലോക ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കാം ഭരണത്തിലിരിക്കുന്നവർ, അതും ഒരു കൂട്ടുകക്ഷി സർക്കാരിലെ മന്ത്രിസഭാംഗങ്ങൾ ഒറ്റക്കെട്ടായി, ഒന്നായി ജനങ്ങളുടെ പ്രശ്നങ്ങൾ തേടി അവരുടെ മധ്യത്തിലേക്ക് ഇറങ്ങുന്നത്. ലോകത്തിലെ എല്ലാ ജനാധിപത്യ ഭരണാധികാരികൾക്കും പുതിയ മാതൃകയും ബദലുമാണ് ഇതുവഴി പിണറായി സർക്കാർ ഒരുക്കുന്നത്. ഇതും കേരള മോഡലിന്റെ ഭാഗം തന്നെ.
അത് ആഡംബരവും അശ്ലീലവുമാണെന്നാണ് പ്രതിപക്ഷവും ഭൂരിപക്ഷം മാധ്യമങ്ങളും ആരോപിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട് എന്ന അർഥത്തിലാണ് ഈ വിശേഷണം മാധ്യമങ്ങൾക്ക് ലഭിച്ചത്. എന്നാൽ, ഇന്ന് ഇന്ത്യയിൽ കാണുന്നത് ജനാധിപത്യത്തെയും ഭരണഘടനയെ തന്നെയും കശക്കിയെറിയുന്ന മോദി സർക്കാരിന്റെ വിനീത ദാസരായി ഭൂരിപക്ഷം മാധ്യമങ്ങളും മാറുന്നതാണ്. ജനാധിപത്യത്തിന് ശക്തിപകരുന്നതിന് പകരം അതിന്റെ തകർച്ചയ്‌ക്ക് കൂട്ടുനിൽക്കുകയാണോ മാധ്യമങ്ങൾ എന്ന ചോദ്യം പലരും ഉയർത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ചിത്രവും വ്യത്യസ്തമല്ല. ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനത്തിനു തന്നെ പുതിയ മാതൃകയാകുന്ന നവകേരള സദസ്സിനെ ഇകഴ്‌ത്താനും പരിഹസിക്കാനും മാധ്യമങ്ങൾ നടത്തിയ മത്സരം ഈ വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി ഒരു ബസ് വാങ്ങിയതിനെക്കുറിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിക്കൊണ്ടുവന്ന വിവാദം മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. കൊട്ടാരസമാനമായ ബസ്, ആഡംബരയാന യാത്ര തുടങ്ങിയ വിശേഷണങ്ങളാണ് ഈ ബസിന് മാധ്യമങ്ങൾ നൽകിയത്. മുഖ്യമന്ത്രിക്ക് പ്രത്യേക കാബിൻ, ഇരിക്കാൻ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കറങ്ങുന്ന കസേര, റൗണ്ട് ടേബിൾ റൂം, മിനി കിച്ചൻ, കയറാനും ഇറങ്ങാനും ലിഫ്റ്റ് തുടങ്ങി ഇല്ലാക്കഥകളാണ് ഇവർ പടച്ചുവിട്ടത്. ഒരു എസി ലക്ഷ്വറി ബസിലെ സൗകര്യങ്ങളേ ഈ ബസിലും ഉള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം മാധ്യമ പ്രവർത്തകർ ബസിൽ കയറി പരിശോധന നടത്തിയപ്പോൾ മനസ്സിലായി. എന്നാൽ, ഭൂരിപക്ഷം മാധ്യമങ്ങളും തങ്ങൾ ആദ്യം നൽകിയ റിപ്പോർട്ടുകൾ തെറ്റായിരുന്നുവെന്ന് പറയാനുള്ള ആർജവം കാട്ടിയില്ല. മന്ത്രി നൽകിയ വിവരമനുസരിച്ചാണ് വാർത്ത നൽകിയതെന്ന് പറഞ്ഞ് സ്വന്തം കള്ളക്കഥയെ ന്യായീകരിക്കാൻ തെല്ലും മടിയില്ലാത്ത മാധ്യമങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഈ കള്ള പ്രചാരണങ്ങൾകൊണ്ടൊന്നും നവകേരള സദസ്സിനെ പരാജയപ്പെടുത്താനായില്ല. സ്വന്തം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തം ഉറപ്പാക്കി കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയുകയാണ് ജനങ്ങൾ. യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനവും ആവിയായിപ്പോകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. കാസർകോട്ട് പ്രമുഖ മുസ്ലിംലീഗ് നേതാവ് എൻ എ അബൂബക്കർ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തി. പാലക്കാട് ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് നവകേരള സദസ്സിന് അരലക്ഷം രൂപ അനുവദിച്ചു. പാലക്കാട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ വി ഗോപിനാഥും നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി യുഡി എഫിലെ പല പഞ്ചായത്ത് മെമ്പർമാരും മറ്റും പരാതികളുമായി നവകേരള സദസ്സിലെത്തുന്നുണ്ട്. നവകേരള സദസ്സിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരെ തലശേരി അതിരൂപതാ ബിഷപ് പാംപ്ലാനി കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി. കണ്ണൂരിൽ ‘കേരള സർക്കാർ ബഹുത് അച്ചാ ഹേ’ -(കേരള സർക്കാർ വളരെ നല്ലതാണ്) - എന്ന ബാനറുമായി അതിഥിത്തൊഴിലാളികൾ എത്തിയത് സർക്കാരിന്റെ കരുതൽ ഏതെല്ലാം ജനവിഭാഗങ്ങളെ സ്പർശിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്. ഓരോ നവകേരള സദസ്സും ജനസാഗരമായി മാറുന്നത് സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയെ ജനങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയെന്നതിന്റെ തെളിവാണ്.
ഭരണനിർവഹണത്തിലെ ഈ കേരള മോഡൽ ജനങ്ങളെ ഹഠാദാകർഷിച്ചുവെന്ന് രണ്ട് ജില്ലയിലായി അഞ്ചു ദിവസം നടത്തിയ പര്യടനം വ്യക്തമാക്കുന്നു. തങ്ങളെ ഭരിക്കുന്നവരെ ഒരു വേദിയിൽ ഒന്നിച്ച് കാണാനും അവരോട് സംവദിക്കാനുമുള്ള അപൂർവ ചരിത്ര നിമിഷത്തെ ആ അർഥത്തിൽ തന്നെയാണ് ജനങ്ങൾ മനസ്സിലാക്കുന്നതെന്ന് ഓരോ ജാഥാ സ്വീകരണവും രാവിലെ നടക്കുന്ന കൂടിക്കാഴ്ചകളും വ്യക്തമാക്കുന്നു. കാസർകോട്, കണ്ണൂർ ജില്ലയുടെ ഭാഗമായിരിക്കേ സിപിഐ എമ്മിന്റെ കാസർകോട് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ച ഒരാളാണ് ഞാൻ. കണ്ണൂരിൽനിന്ന് തീർത്തും വ്യത്യസ്തമായ സംഘടനാ സ്വാധീനമാണ് കാസർകോട്, മഞ്ചേശ്വരം, കുമ്പള മേഖലയിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഉള്ളത്. ആ എന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന ജനക്കൂട്ടമാണ് ജാഥയുടെ ഉദ്ഘാടന വേദിയായ മഞ്ചേശ്വരത്ത് ഉണ്ടായത്. ഒരു പത്രം അവരുടെ മുഖപ്രസംഗത്തിൽ നവകേരള സദസ്സിനെ എങ്ങനെയാണ് ജനങ്ങൾ സ്വീകരിക്കാൻ പോകുന്നത് എന്നതിന്റെ നിദർശനമായി മഞ്ചേശ്വരത്ത് തടിച്ചു കൂടിയ ജനാവലിയെ കാണാമെന്ന് നിരീക്ഷിക്കുകയുണ്ടായി. ജനകീയ സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. തുടർന്നുള്ള എല്ലാ സ്വീകരണങ്ങളും ഒന്നിനൊന്ന് ജനപങ്കാളിത്തത്താൽ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ സ്ഥിതി തുടർന്നാൽ കേരളത്തിലെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം നവകേരള സദസ്സിൽ നേരിട്ടുള്ള പങ്കാളികളാകും. എൽഡിഎഫ് സർക്കാരിന്റെ വർധിച്ച ജനപിന്തുണയാണ് ഇത് വ്യക്തമാക്കുന്നത്. പരാതി കൗണ്ടറുകളിൽ പതിനായിരങ്ങളാണ് ഓരോ ജില്ലയിലും എത്തുന്നത്. കാസർകോട് ജില്ലയിൽ മാത്രം 14232 പരാതി ലഭിക്കുകയുണ്ടായി. ഈ സർക്കാരിൽ പരാതി നൽകിയാൽ അത് പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് അവർ കൂട്ടമായി കൗണ്ടറുകളിൽ എത്തുന്നത്. 45 ദിവസത്തിനകം പരാതികളിൽ പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നാലിനം പെൻഷൻ 1600 രൂപയാക്കി വർധിപ്പിച്ചത് ഉൾപ്പെടെ പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടത് ജനങ്ങൾ മനസ്സിലാക്കും.
നവകേരള സദസ്സിന്റെ വൻ സ്വീകാര്യത പ്രതിപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന വലതുപക്ഷ മാധ്യമങ്ങളെയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ രണ്ടാം തവണ അധികാരം നേടുന്നത്. ബിജെപിക്കുള്ള ഏക പ്രാതിനിധ്യം പോലും അവസാനിപ്പിച്ചാണ് പിണറായി സർക്കാർ രണ്ടാം വട്ടം ഭരണത്തിൽ വന്നത്. എൽഡിഎഫ് സർക്കാരിന് മൂന്നാമൂഴം കൂടി ലഭിക്കുമോ എന്ന ഭയം യുഡിഎഫിനെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നുവെന്ന് അവരുടെ പ്രതികരണങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നു. സംസ്ഥാന രൂപീകരണ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കേരളീയം ബഹിഷ്കരിച്ചതുപോലെ നവകേരള സദസ്സും യുഡിഎഫ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. കക്ഷിരാഷ്ട്രീയവുമായി ഒരു ബന്ധവും ഇല്ലാത്ത പരിപാടികളാണ് ഇവ രണ്ടും. എന്നിട്ടും അത് ബഹിഷ്കരിക്കുകയെന്ന രാഷ്ട്രീയ മണ്ടത്തരമാണ് യുഡിഎഫ് ചെയ്തത്. ഇതിനർഥം ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ പ്രധാന അജൻഡയാകുന്ന നവകേരള സദസ്സിനെ ബഹിഷ്കരിക്കുന്നതിലൂടെ സ്വന്തം മണ്ഡലത്തിലെ ജനങ്ങളെയാണ് യുഡിഎഫ് എംഎൽഎമാർ വഞ്ചിക്കുന്നത്. ജനങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും പരിഹരിക്കാൻ ഒരു സർക്കാർ ശ്രമിക്കുമ്പോൾ അത് പാടില്ലെന്ന നിഷേധാത്മക സമീപനമാണ് യുഡിഎഫും ബിജെപിയും കൈക്കൊള്ളുന്നത്. വിഷമസന്ധിയിൽ തങ്ങളുടെ കൂടെ നിൽക്കാത്ത ജനപ്രതിനിധികളെ അടുത്ത തെരഞ്ഞെടുപ്പിൽ ഈ വോട്ടർമാർ ശിക്ഷിക്കുമ്പോഴേ ബഹിഷ്കരണത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതം ഇവർ തിരിച്ചറിയുകയുള്ളൂ.
യുഡിഎഫിന്റെ ബഹിഷ്‌കരണം നവകേരള സദസ്സിനെ ശുഷ്കമാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ , അത് പരാജയപ്പെട്ടുവെന്ന് ഉദ്ഘാടന സദസ്സ് തന്നെ വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ഉപശാലകളിൽ നവകേരള സദസ്സിനെതിരെ അക്രമം സംഘടിപ്പിക്കാനുള്ള പദ്ധതി രൂപംകൊണ്ടത്. പഴയങ്ങാടി എരിപുരത്ത് കരിങ്കൊടി കാണിക്കൽ നാടകത്തിനു പുറകിൽ നടന്നത് അക്രമാന്തരീക്ഷം സൃഷ്ടിച്ച് നവകേരള സദസ്സിൽനിന്ന് ജനങ്ങളെ അകറ്റിനിർത്താനുള്ള ഗൂഢാലോചനയാണ്. കോൺഗ്രസ് ചെന്നുപെട്ട രാഷ്ട്രീയ പാപ്പരത്തിന്റെ ആഴം വ്യക്തമാക്കുന്ന നടപടിയാണിത്. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയും. അവർ വർധിച്ച തോതിൽ നവകേരള സദസ്സിന്റെ ഭാഗമാകും.