ഗവര്‍ണറുടെ അധികാര പ്രയോഗത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ മടിയില്ലെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കില്‍ ജനങ്ങള്‍ ഞങ്ങളോട് ചോദിക്കുമെന്നും കോടതി പറഞ്ഞു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം കേരളത്തിന്റെ ഹര്‍ജി തള്ളണമെന്ന ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആവശ്യം സുപ്രീംകോടതി തള്ളി. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്ന് അറ്റോണി ജനറല്‍ ആര്‍ വെങ്കടരമണി ശക്തമായി വാദിച്ചെങ്കില്ലും സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു. ഗവര്‍ണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീം കോടതി പരിഗണിക്കും. ഇതിനായി കേരളത്തിന്റെ ഹര്‍ജി ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേരളത്തോട് നിര്‍ദേശിച്ചു. രണ്ട് വര്‍ഷം ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെച്ചത് എന്തിന്?. 32-ാം അനുഛേദം അനുസരിച്ച് സുപ്രീം കോടതി ഇടപെട്ട ശേഷം മാത്രമാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടത്. ഇത്രയും വലിയ കാലതാമസം ന്യായീകരിക്കാന്‍ സാധിക്കില്ല. പഞ്ചാബ് കേസില്‍ കോടതി ഈ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.