Skip to main content

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ്‌ കാനം നമ്മെ വിട്ടുപിരിയുന്നത്‌. സിപിഐക്കും, ഇടതുപക്ഷത്തിനും മാത്രമല്ല പൊതുസമൂഹത്തിനും ഇത്‌ തീരാനഷ്ടമാണ്‌. ആ വിടവ്‌ ഇടതുപക്ഷ ശക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്തുക എന്നതാണ്‌ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം.

സിപിഐ എമ്മും സിപിഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന്‌ നേതൃത്വപരമായ പങ്ക്‌ കാനം വഹിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളെ ശക്തമായി നേരിടുന്നതില്‍ കാനം രാജേന്ദ്രന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. വലതുപക്ഷ പ്രചരങ്ങളുടെ മുനയൊടിക്കുന്ന ഇടപെടലായിരുന്നു അവയെല്ലാം. പ്രതികൂല സാഹചര്യങ്ങള്‍ രൂപപ്പെടുമ്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വപരമായ പങ്ക്‌ അദ്ദേഹം നിര്‍വ്വഹിച്ചു.

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലിടപെട്ട്‌ അവരുടെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തന ശൈലി കാനത്തിനുണ്ടായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം സജീവമാക്കി ജനകീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്‌ അദ്ദേഹം തല്‍പരനായിരുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഇടതുപക്ഷ ബദല്‍ മുന്നോട്ടുവെക്കുന്നതിന്‌ സജീവമായ പങ്കാളിത്തം കാനം വഹിച്ചിരുന്നു.

കോട്ടയം ജില്ലയിലെ വാഴൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു. നിയമസഭ സാമജികനെന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയിലെത്തിക്കാനും, പരിഹരിക്കാനും അദ്ദേഹം മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. രാഷ്‌ട്രീയ പ്രശ്‌നങ്ങളില്‍ കണിശമായ നിലപാട്‌ സ്വീകരിച്ച്‌ നിയമസഭല്‍ ഇടപെടാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

അസുഖ ബാധിതനായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം കണ്ട അവസരത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷയാണ്‌ പങ്കുവെച്ചത്‌. അതുകൊണ്ട്‌ തന്നെ ഞെട്ടലോടെയാണ്‌ മരണവാര്‍ത്ത കേട്ടത്‌. ഒരു ആയുസ്‌ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച കാനം രാജേന്ദ്രന്റെ വിയോഗത്തിലുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും, സിപിഐ സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.