എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം. റിസര്‍വ് ബാങ്കും ബാങ്കിംഗ് കമ്പനികളും തമ്മില്‍ വായ്പകള്‍ സംബന്ധിച്ച് നടത്തുന്ന ആശയവിനിമയങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിയമത്തിലെ 45 ഇ വകുപ്പ് അനുശാസിക്കുന്നത്. ഇതുമൂലം ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ പേരുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തുന്നില്ല.
കോര്‍പ്പറേറ്റ് ഭീമന്മാരും വന്‍കിടക്കാരായ വ്യക്തികളും വ്യവസായികളുമാണ് ഇതു വഴി നേട്ടമുണ്ടാക്കുന്നത്. വെയിലാണ് ഏറ്റവും വലിയ അണുനാശിനി. വായ്പവെട്ടിപ്പുകാരുടെ പേരുകള്‍ പുറത്തുവരുന്നത് ഇത്തരം പ്രവണതകള്‍ക്കെതിരായ ജാഗ്രത വളര്‍ത്തും. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് 10,09,510 കോടി രൂപയുടെ വായ്പകള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എഴുതിത്തള്ളി. അതേസമയം ഇക്കാലയളവില്‍ തിരിച്ചുപിടിച്ചത് 1,32,036 കോടി രൂപ മാത്രമാണ്. 2022 ഡിസംബര്‍ 13ന് ധനമന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചതാണിത്. 2021-22ല്‍ മാത്രം എഴുതിത്തള്ളിയത് 1,74,966 കോടി രൂപയുടെ വായ്പയാണ്. റിക്കവറിയിലൂടെ പിടിച്ചെടുത്തത് 33,534 കോടി രൂപ മാത്രവും.
2014-19 കാലത്ത് എഴുതിത്തള്ളിയത് 6,19,244 കോടി രൂപമാത്രമായിരുന്നു. എഴുതിത്തള്ളുന്ന വായ്പയുടെ തോത് കൂടിവരികയാണ് എന്നാണ് ഈ കണക്കു കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ അഞ്ചു കോടിയോ അതിനുമുകളിലോ ഉള്ള തുകകള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പേരുകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്താന്‍ വഴിയൊരുക്കുംവിധം റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യണം.