Skip to main content

തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്

അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി വിജയിച്ചു. തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസവിജയം. മിസോറമിൽ എൻഡിഎ ഘടക കക്ഷിയായ എംഎൻഎഫ് ദയനീയമായി പരാജയപ്പെട്ടു. ദീർഘകാലം സംസ്ഥാനം ഭരിച്ച കോൺഗ്രസും ദയനീയമായി തോറ്റു.

ഹിന്ദി ഹൃദയഭൂമിയിൽനിന്ന്‌ കോൺഗ്രസ് തുടച്ചുനീക്കപ്പെടുകയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ഭരണത്തിലുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കോൺഗ്രസിനെ കൈവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ നടന്ന കാലുമാറ്റത്തിലൂടെ അധികാരം നഷ്ടമായ മധ്യപ്രദേശിൽ ഇക്കുറി അനായാസ വിജയം നേടുമെന്ന കോൺഗ്രസിന്റെ അവകാശവാദവും ജലരേഖയായി. ഇതോടെ ഹിന്ദി മേഖലയിൽ കൊച്ചു സംസ്ഥാനമായ ഹിമാചൽപ്രദേശിൽ മാത്രമാണ് കോൺഗ്രസ് ഭരണത്തിലുള്ളത്. നാലു പതിറ്റാണ്ടോളം കേന്ദ്രത്തിൽ ഭരണം നടത്തുകയും ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും അധികാരം കൈയാളുകയും ചെയ്ത കോൺഗ്രസിന് ഇപ്പോൾ മൂന്നു സംസ്ഥാനത്തു മാത്രമാണ് ഭരണമുള്ളത്. ഉത്തരേന്ത്യയിൽ ഹിമാചലിലും ദക്ഷിണേന്ത്യയിൽ കർണാടകത്തിലും തെലങ്കാനയിലും.

ഇതിൽനിന്ന്‌ ഒരുകാര്യം വ്യക്തമാകുകയാണ്. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് കോൺഗ്രസ് പരാജയപ്പെട്ടത്. ഇവിടങ്ങളിൽ ബിജെപിയുടെ വോട്ട് കുറയ്‌ക്കാൻപോലും കോൺഗ്രസിനായില്ല. കോൺഗ്രസ് പാർടി ജയിച്ചതാകട്ടെ പ്രാദേശിക കക്ഷി ഭരണം നടത്തുന്ന തെലങ്കാനയിലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ 186 മണ്ഡലത്തിൽ 171ലും കോൺഗ്രസ് തോറ്റു. 15 സീറ്റിൽ മാത്രമാണ് ജയിച്ചത്. ഇതെല്ലാം തെളിയിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശേഷി കോൺഗ്രസിനില്ല എന്നാണ്.

സ്വാഭാവികമായും കോൺഗ്രസ് ചെയ്യേണ്ടിയിരുന്നത് സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പരമാവധി കക്ഷികളെ കൂടെ നിർത്തി മത്സരിക്കുകയായിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ‘ഇന്ത്യ’ എന്ന കൂട്ടായ്മയിലെ കക്ഷികളെയെങ്കിലും കൂടെ നിർത്താൻ കോൺഗ്രസ് ശ്രമിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. മധ്യപ്രദേശിൽ ഉത്തർപ്രദേശിനോട് അതിർത്തി തീർക്കുന്ന പ്രദേശങ്ങളിൽ സമാജ്‌വാദി പാർടിക്കും ബിഎസ്‌പിക്കും സ്വാധീനമുണ്ട്. ആദ്യഘട്ടത്തിൽ എസ്‌പിയുമായി ചർച്ച നടത്തുകയും നാലോ അഞ്ചോ സീറ്റ് എസ്‌പിക്ക് നൽകാൻ ധാരണയാകുകയും ചെയ്തിരുന്നു. എന്നാൽ, കോൺഗ്രസ് അനായാസം ജയിക്കുമെന്ന കമൽനാഥിന്റെയും മറ്റും നിരീക്ഷണത്തോടെ ആരുടെ സഹായവും ആവശ്യമില്ലെന്ന നിഗമനത്തിലെത്തി കോൺഗ്രസ് നേതൃത്വം. എസ്‌പിയുടെ സിറ്റിങ് സീറ്റിലടക്കം കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യാ കൂട്ടായ്മയിൽ അംഗമായ എസ്‌പി നേതാവ് അഖിലേഷ് യാദവ് കോൺഗ്രസിന്റെ അഹങ്കാരത്തെ ചോദ്യംചെയ്ത് രംഗത്ത് വന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഏത് അഖിലേഷ്, വഖിലേഷ് എന്ന് പറഞ്ഞ് അഖിലേഷ് യാദവിനെ പരിഹസിക്കാൻപോലും കമൽനാഥ് തയ്യാറായി. രാജസ്ഥാനിലും ഇതുതന്നെയായിരുന്നു കോൺഗ്രസ് സമീപനം. ശെഖാവതി, ബിക്കാനിർ മേഖലയിൽ സ്വാധീനമുള്ള സിപിഐ എം ഉൾപ്പെടെയുള്ള കക്ഷികളെ കൂടെ നിർത്തി ബിജെപിക്കെതിരെ പോർമുഖം തുറക്കാൻ കോൺഗ്രസ് വിമുഖത പുലർത്തി.

കോൺഗ്രസിന്റെ ഈ സമീപനത്തിന് രണ്ടു വശമുണ്ട്. ഒന്നാമതായി തനിച്ച് അധികാരത്തിൽ വരാൻ കഴിയുമെന്ന അമിതമായ ആത്മവിശ്വാസം. രണ്ടാമതായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ വിജയിച്ചാൽ ഇന്ത്യയുടെ നേതൃത്വം അനായാസം കോൺഗ്രസിന് നേടാൻ കഴിയുമെന്ന വ്യാമോഹം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യ എന്ന കൂട്ടായ്മയെ വിസ്മരിച്ച കോൺഗ്രസിനെ ഐക്യജനതാദൾ നേതാവ് നിതീഷ് കുമാർ വിമർശിക്കുകപോലുമുണ്ടായി. ഏതായാലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദി സംസ്ഥാനങ്ങളിൽ പരാജയപ്പെട്ടതോടെ കോൺഗ്രസിന് "ഇന്ത്യ'യെക്കുറിച്ച് ഓർമവന്നു: മറ്റു കക്ഷിനേതാക്കളുടെ സൗകര്യംപോലും ആരായാതെ ധൃതിപിടിച്ച് ഡിസംബർ ആറിന് യോഗം വിളിച്ചുചേർത്തു. സ്വാഭാവികമായും അത് നീട്ടിവയ്‌ക്കേണ്ടി വന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺഗ്രസിനുള്ള ഈ താൽപ്പര്യമില്ലായ്മയാണ് ബിജെപിക്ക് ആവർത്തിച്ച് വിജയം സമ്മാനിക്കുന്നതെന്ന് മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ പതുക്കെയാണെങ്കിലും മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ഇനിയെങ്കിലും ഈ സമീപനം തിരുത്താൻ കോൺഗ്രസ് തയ്യാറാകണം.

ബിജെപി മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വത്തിലധിഷ്ഠിതമായ സാംസ്കാരിക ദേശീയതയെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാനുള്ള കോൺഗ്രസിന്റെ ശ്രമവും അവരുടെ പരാജയത്തിന് കാരണമായി. മധ്യപ്രദേശിൽ കമൽനാഥും ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഗേലും മൃദു ഹിന്ദുത്വ കാർഡിറക്കിയാണ് പ്രധാനമായും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽനിന്നാണ് കമൽനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഹിന്ദുത്വത്തിന്റെ പോസ്റ്റർ ബോയിയായി അറിയപ്പെടുന്ന ഭാഗേശ്വർ ധാമിലെ ധീരേന്ദ്ര ശാസ്ത്രിയെ സ്വന്തം ജില്ലയായ ചിന്ദ്വാഡയിലേക്ക് ആനയിച്ച് കമൽനാഥ് മൂന്നുദിവസം പ്രാർഥനാ യോഗം നടത്തി. 2019 ആഗസ്തിൽ അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് കല്ലിട്ട ദിവസം മധ്യപ്രദേശിലെ എല്ലാ കോൺഗ്രസ് ഓഫീസിലും ഹനുമാൻ ചാലിസ ചൊല്ലാൻ കമൽനാഥ് ഉത്തരവിടുകയുണ്ടായി. ബാബ്‌റി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം നിർമിക്കാൻ 11 വെള്ളി ഇഷ്ടികയാണ് കമൽനാഥ് അയച്ചുകൊടുത്തത്. രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയത് രാജീവ് ഗാന്ധിയാണെന്ന അവകാശവാദവും കമൽനാഥ് നടത്തുകയുണ്ടായി. ഹിന്ദുരാഷ്ട്രം ലക്ഷമാക്കി പ്രഖ്യാപിച്ച ബജ്‌റംഗ സേനയെ കോൺഗ്രസിൽ ലയിപ്പിച്ചതും കമൽനാഥ്തന്നെ. ഇന്ത്യാ കൂട്ടായ്മയുടെ ആദ്യറാലി ഭോപാലിൽ നടത്താൻ തീരുമാനിച്ചപ്പോൾ അത് തടഞ്ഞതും കമൽനാഥായിരുന്നു. വർഗീയവിഷം ചീറ്റുന്ന 14 ടെലിവിഷൻ അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇന്ത്യാ കൂട്ടായ്മയുടെ തീരുമാനവും അതിലുൾപ്പെട്ട ടൈംസ് നൗവിലെ നവികാ കുമാറിന് മുഖാമുഖം നൽകി കമൽനാഥ്‌ അട്ടിമറിച്ചു.

സീതാക്ഷേത്ര നിർമാണം ഉൾപ്പെടെ പല പ്രഖ്യാപനങ്ങളും ബാഗേലും നടത്തി. രാം വൻ ഗമൻപഥ്‌ (ശ്രീരാമൻ നടന്ന കാനനവഴികൾ) ടൂറിസം സർക്യൂട്ട് തുടങ്ങി ഭൂരിപക്ഷ വോട്ടുകൾ കൂടെ നിർത്താൻ ബാഗേലും ശ്രമിച്ചു. ആദിവാസി മേഖലയിൽ ക്രിസ്ത്യാനികൾക്കുനേരെ സംഘപരിവാർ ആക്രമണം നടന്നപ്പോൾ ഒരു നടപടിയും സ്വീകരിക്കാൻ ബാഗേൽ തയ്യാറായില്ല. ആർഎസ്എസ് സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെയും മറ്റും വർഗീയവൽക്കരണത്തെ തടയാനും നടപടികൾ ഉണ്ടായില്ല. ഫലമോ, ആദിവാസി മേഖലയിലെ ഭൂരിപക്ഷം സീറ്റും കോൺഗ്രസിന് നഷ്ടമായി. ബാഗേലിന്റെ മൃദു ഹിന്ദുത്വ സമീപനത്തിനെതിരെ അദ്ദേഹത്തിന്റെ പിതാവ് നന്ദ് കുമാർ ബാഗേലിനുപോലും പ്രതികരിക്കേണ്ടിവന്നു. ആണവ രൂപങ്ങളേക്കാൻ അപകടകാരിയായ ഒരു പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്ന മകന്റെ നയത്തെ വിമർശിക്കാതിരിക്കാൻ ആകില്ലെന്നായിരുന്നു നന്ദ് കുമാർ ബാഗേൽ ഫ്രണ്ട്‌ലൈനോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കുശേഷം രാഹുൽഗാന്ധി പ്രതികരിച്ചത് പ്രത്യയശാസ്ത്ര യുദ്ധം തുടരുമെന്നാണ്. അദ്ദേഹം പറയുന്ന പ്രത്യയശാസ്ത്ര യുദ്ധത്തിന്റെ മികച്ച മാതൃകകളാണ് കമൽനാഥും ബാഗേലും. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടാനാകില്ലെന്ന് ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണം. ഒറിജിനൽ ഉള്ളപ്പോൾ ആരെങ്കിലും പകർപ്പിനെ തേടി പോകുമോ. യഥാർഥത്തിൽ കമൽനാഥും ബാഗേലും ചെയ്യുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് പൊതു സ്വീകാര്യത നൽകലാണ്. ഇത് ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടാൻ കാരണമായിട്ടുണ്ട് എന്നുവേണം കരുതാൻ. അതിനാൽ ബിജെപിക്ക് ആളെ കൂട്ടുന്ന അപകടകരമായ ഈ രാഷ്ട്രീയ സമീപനം ഉപേക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. എങ്കിൽ മാത്രമേ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ബിജെപിക്കെതിരെ അണിനിരത്താൻ കഴിയൂ. "ഇന്ത്യ' എന്ന കൂട്ടായ്മയെ ശക്തിപ്പെടുത്താൻ കഴിയൂ.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.