Skip to main content

ജമ്മു കാശ്മീരിനെ സംബന്ധിച്ച സുപ്രീം കോടതി വിധി ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിന് ഗുരുതരമായ തിരിച്ചടി ഉണ്ടാക്കുന്നത്

ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനം പിരിച്ചുവിട്ട് രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ സ്ഥാപിക്കുകയും ചെയ്ത മോദിസർക്കാരിൻറെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാതികൾ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം ആശങ്കയുളവാക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നായ ഫെഡറൽ സ്വഭാവത്തിന് ഗുരുതരമായ തിരിച്ചടി ഉണ്ടാക്കുന്നതാണിത്. കൂടാതെ കശ്മീരി ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഈ ഉത്തരവ് ഹനിക്കുന്നു. ഈ സർക്കാർ നടപടിയും അതിനെ ന്യായീകരിക്കുന്ന സുപ്രീംകോടതി ഉത്തരവും ഫലത്തിൽ ദേശീയഐക്യത്തിന് വെല്ലുവിളിയുയർത്തുകയാണ് ചെയ്യുക. ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിച്ച് അവയെ ഒരുമിച്ചുകൊണ്ടുപോകാതെ ഏകശിലാരൂപരാജ്യമാക്കാൻ ശ്രമിക്കുന്നത് നമ്മുടെ ഭരണഘടനയുടെ അന്തസത്തയ്ക്കെതിരാണ്, രാജ്യത്ത് ഛിദ്രമുണ്ടാകാൻ കാരണമാവുകയും ചെയ്യും.

കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരുന്ന ഇൻസ്ട്രുമെൻറ് ഓഫ് അക്സഷൻ ഒപ്പിട്ടശേഷം കാശ്മീരിന് പരമാധികാരത്തിൻറെ ഒരു സ്വഭാവവും നിലനില്ക്കുന്നില്ല എന്നും അതിനാൽ കാശ്മീർ ഭരണഘടന അസാധുവായെന്നും ഉത്തരവ് പറയുന്നു. എന്നാൽ ഇപ്പോൾ റദ്ദാക്കിയ ആർട്ടിക്കിൾ 370 ൽ അടങ്ങിയിരിക്കുന്ന പ്രത്യേകപദവി എന്ന ഉപാധിയോടെയായിരുന്നില്ലേ കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്നത്?
ജമ്മു കാശ്മീർ സംസ്ഥാനത്തിൻറെ ഭരണഘടനാനിർമാണസഭ സമ്മേളിച്ചുകൊണ്ടിരിക്കുകയും അതിൻറെ പ്രവർത്തനങ്ങൾ പൂർത്തിയാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജമ്മു കാശ്മീർ ഭരണഘടനാനിർമ്മാണ സഭ പാസാക്കുന്ന അനുഛേദങ്ങൾ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയും അത് രാഷ്ട്രപതി രാജ്യസഭയക്ക് പരിഗണനക്ക്നൽകുകയും ചെയ്യാൻ വ്യവസ്ഥചെയ്തത്. പ്രസ്തുത പ്രമേയം രാജ്യസഭ കേവലഭൂരിപക്ഷപ്രകാരം പാസ്സിക്കിയാലും അത് ഭരണഘടനയുടെ ഭാഗമാകും എന്ന സവിശേഷവകുപ്പ് നടപ്പിലാക്കിയത്. ഈ വകുപ്പിനെ കുത്സിതബുദ്ധിയിൽ വ്യാഖ്യാനിച്ചാണ് ഇന്നത്തെ സർക്കാർ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അതിനായി ആദ്യം ജമ്മു കാശ്മീർ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. എന്നിട്ട് ഗവർണറിൽ നിന്ന് എഴുതി വാങ്ങിയ ശുപാർശ ഭരണഘടനാനിർമ്മാണസഭയുടെ സംസ്ഥാനനിയമസഭയുടെ നിർദ്ദേശത്തിനു തുല്യം എന്ന് വ്യാഖ്യാനിച്ച് രാജ്യസഭയിൽ മുന്നറിയി്പപുപോലും ഇല്ലാതെ കൊണ്ടുവന്നു പാസാക്കിയെടുത്തു. ഭരണഘടനാഭേദഗതിക്ക് പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽരണ്ടു ഭൂരിപക്ഷം വേണം എന്ന ഭരണഘടനാനിബന്ധനയെ ഈ കുരുട്ടുബുദ്ധിയിലൂടെയാണ് നരേന്ദ്രമോദി\അമിത് ഷാ ദ്വയം മറികടന്നത്. സുപ്രീം കോടതി ഇന്നത്തെ വിധിയിലൂടെ അതിനെ നിസ്സങ്കോചം അംഗീകരിക്കുകയും ചെയ്തു.

ജമ്മു കാശ്മീർ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ മാത്രമാണെന്നും ആർട്ടിക്കിൾ 371-ന്റെ വിവിധ വകുപ്പുകൾ പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മറ്റും അനുവദിച്ചിട്ടുള്ള പ്രത്യേക സവിശേഷതകൾ പോലും ജമ്മു കശ്മീരിന് ബാധകമല്ല എന്നും വിധി പ്രഖ്യാപിക്കുന്നു. സംസ്ഥാനപദവി തിരികെ നൽകുമെന്ന് സോളിസിറ്റർ ജനറൽ വാഗ്‌ദാനം ചെയ്‌തതായി പ്രസ്‌താവിച്ചുകൊണ്ട്, ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി തരംതാഴ്ത്തിയതിൻറെ സാധുതയിലേക്ക് പോകുന്നതിൽ നിന്ന് വിധി ഒഴിഞ്ഞുമാറി. അതേസമയം, ലഡാക്കിനെ ഒരു കേന്ദ്രഭരണ പ്രദേശമാക്കിയത് സാധുവാണെന്നും പ്രഖ്യാപിച്ചു. അതിനാൽ, യഥാർത്ഥ ജമ്മു കാശ്മീർ സംസ്ഥാനം പുനസ്ഥാപിക്കപ്പെടുകയല്ല, അതിന്റെ ഒരു ഭാഗം മാത്രം പുന്സ്ഥാപിക്കപ്പെടുകയാണ്. അതും കടലാസിലെ ഒരു ഉറപ്പ് മാത്രം.
വിചിത്രമെന്നു പറയട്ടെ, 2024 സെപ്‌റ്റംബർ 30-ന് മുമ്പ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുന്നു. അങ്ങനെ, ജമ്മു കശ്മീരിന്റെ നിയന്ത്രണം നിലനിർത്താൻ കേന്ദ്ര സർക്കാരിന് ഈ വിധി ഒരു നീണ്ട കയർ നൽകുകയാണ്.

ഒരു സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരിക്കുകയും അതിന്റെ സംസ്ഥാന പദവി റദ്ദാക്കുകയും ചെയ്തിട്ട്, തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അഭാവത്തിൽ രാഷ്ട്രപതി നിയമിച്ച ഗവർണറുടെ അനുമതി സംസ്ഥാനത്തിൻറെ നിയമസഭയുടെ അനുമതിക്ക് പകരമായി എടുക്കാമോ? ഏതു സംസ്ഥാനത്തും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി, സംസ്ഥാനപദവി റദ്ദാക്കി, സംസ്ഥാന അതിരുകൾ മാറ്റാം എന്ന സാധ്യത ഈ ഉത്തരവ് ഉണ്ടാക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമുള്ള പ്രൊവിസോ പറയുന്നത്, ഏതെങ്കിലും സംസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്കുള്ള ബിൽ ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ നിയമനിർമ്മാണസഭയ്ക്ക് അതിന്റെ അഭിപ്രായം അറിയിക്കാൻ രാഷ്ട്രപതി റഫർ ചെയ്യണമെന്നാണ്. പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുക, അതിർത്തികളോ പേരോ ഒക്കെ മാറ്റുക എന്നീ കാര്യങ്ങളിൽ ഈ വിധി വളരെ സങ്കീർണമായ ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ഇത് നമ്മുടെ രാജ്യത്തിൻറെ ഫെഡറൽ ഘടനയെയയും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകളുടെ അവകാശങ്ങളെയും തകർക്കുന്നതിലേക്ക് നയിച്ചേക്കാം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.