Skip to main content

ധന അടിയന്തരാവസ്ഥ ഭീഷണി കേരളത്തോടുള്ള വെല്ലുവിളി

അടിയന്തരാവസ്ഥയെന്നു പറഞ്ഞാൽ ആദ്യം ഓർമ വരിക 1975ൽ ഇന്ദിര ഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയാണ്. പൗരന്മാരുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു. കോൺഗ്രസിന്റെ സ്വേച്ഛഭരണം നാട്ടിൽ നടപ്പാക്കപ്പെട്ടു. ഭരണഘടനയിലെ 352–-ാം വകുപ്പുപ്രകാരമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിനെ അതിജീവിക്കാൻ കോൺഗ്രസിനായില്ല.

സംസ്ഥാന നിയമസഭകൾ പിരിച്ചുവിട്ട് കേന്ദ്രഭരണം സ്ഥാപിക്കുന്നത്‌ നമുക്ക്‌ സുപരിചിതമാണ്. രാഷ്‌ട്രപതിയുടെ പേരിൽ കേന്ദ്രമായിരിക്കും പിന്നീട് ഭരിക്കുക. ഭരണഘടനയുടെ 356–-ാം വകുപ്പുപ്രകാരമാണ് സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക. 1959ൽ നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് സർക്കാരിനെ ഇപ്രകാരം പിരിച്ചുവിട്ടതാണ് ഏറ്റവും കുപ്രസിദ്ധമായ പ്രയോഗം.

ധന അടിയന്തരാവസ്ഥ
എന്നാൽ, നമുക്ക് അധികംപേർക്ക് അറിയാത്ത മൂന്നാമതൊരു അടിയന്തരാവസ്ഥയുണ്ട്. ഭരണഘടനയുടെ 360–-ാം വകുപ്പ് പ്രകാരം രാജ്യത്തോ സംസ്ഥാനത്തോ ധന സുസ്ഥിരതയിലോ കടഭാരത്തിലോ അതീവഗുരുതരമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതിക്ക്‌ ബോധ്യപ്പെട്ടാൽ ധന അടിയന്തരാവസ്ഥ രാജ്യത്തൊട്ടാകെയോ ഒരു സംസ്ഥാനത്തുമാത്രമായോ പ്രഖ്യാപിക്കാം. ഇന്ത്യയിൽ ആദ്യമായി ധന അടിയന്തരാവസ്ഥയുടെ ഭീഷണി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കേരളത്തിനുനേരെ ഉയർത്തുകയാണ്.

ഗവർണർക്ക് അടിയന്തരാവസ്ഥയൊന്നും പ്രഖ്യാപിക്കാനാകില്ല. എന്നാൽ അടിയന്തരാവസ്ഥ അനിവാര്യമാണെന്നുള്ള ഉപദേശം കേന്ദ്രത്തിനു നൽകാം. കേന്ദ്രം നടപടിയെടുത്താൽ രണ്ട് മാസത്തിനുള്ളിൽ പാർലമെന്റിലെ ഇരുസഭയും ഇതിന് അംഗീകാരം നൽകിയാൽ മതി. പാർലമെന്റ് പിരിച്ചുവിട്ട വേളയിലാണെങ്കിൽ പുതിയ ലോക്‌സഭയുടെ ആദ്യത്തെ സമ്മേളനത്തിനുശേഷം 30 ദിവസത്തിനുള്ളിൽ അംഗീകാരം നേടിയാൽ മതി. രാഷ്‌ട്രപതി പിൻവലിക്കുന്നതുവരെ അടിയന്തരാവസ്ഥ തുടരും.

ഗവർണറുടെ ഉമ്മാക്കി
ഒരു അഞ്ചാംപത്തിക്കാരൻ കോൺഗ്രസ് നേതാവ് ഗവർണർക്കു നൽകിയ നിവേദനം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്. അതിന്‌ മുഖ്യമന്ത്രി മറുപടി നൽകിക്കഴിഞ്ഞു. കിട്ടുന്ന നിവേദനമൊക്കെ സംസ്ഥാന സർക്കാരിന് അയച്ചാൽ മറുപടി നൽകാനുള്ള ബാധ്യതയൊന്നും സർക്കാരിനില്ല. പക്ഷേ, ഗവർണർ വിടാൻ ഭാവമില്ല. ഡൽഹിയിൽ പത്രക്കാരോടു പറഞ്ഞത് കേരള സർക്കാരിന്‌ 10 ദിവസത്തെ സാവകാശം അനുവദിച്ചിരിക്കുകയാണെന്നാണ്. ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാരിന്റെ ധനപ്രതിസന്ധിയെക്കുറിച്ച്‌ കോടതിയിൽ പറഞ്ഞതാണ് തുറുപ്പുചീട്ട്. അതിനു വിരുദ്ധമായി ഇനി ഗവർണർക്കു റിപ്പോർട്ട് നൽകിയാൽ അതു കോടതി അലക്ഷ്യമാകുമെന്നും ചില മാധ്യമങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. ധനപ്രതിസന്ധി ഇല്ലായെന്നല്ല, ഈ പ്രതിസന്ധി കേന്ദ്ര സർക്കാർ ബോധപൂർവം സൃഷ്ടിച്ചുവെന്നതാണ് കേരള സർക്കാരിന്റെ നിലപാട്.

കേന്ദ്ര ഉപരോധം
ധനകമീഷൻ ധനസഹായം 3.8 ശതമാനത്തിൽനിന്ന് 1.9 ശതമാനമായി കുറഞ്ഞു. 15–-ാം ധനകമീഷൻ അംഗീകരിച്ച റവന്യു കമ്മി നികത്താനുള്ള പ്രത്യേക സഹായം ഈ വർഷംമുതൽ ഇല്ല. ജിഎസ്‌ടി നഷ്‌ടപരിഹാരവും അവസാനിച്ചു. സംസ്ഥാന സർക്കാരിന്റെ റവന്യു വരുമാനത്തിന്റെ 30 ശതമാനം മാത്രമായി കേന്ദ്ര സഹായം കുറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്കെല്ലാം ശരാശരി 55 ശതമാനം സഹായം കേന്ദ്രത്തിൽനിന്നും ലഭിക്കുന്നുണ്ടെന്ന് ഓർക്കണം. ഈ സാഹചര്യം മുതലാക്കി കേന്ദ്രസർക്കാർ രണ്ട് നീക്കങ്ങൾ നടത്തി. ഒന്ന്, കേരളത്തിനു ലഭിക്കേണ്ട ഗ്രാന്റുകളിൽ അയ്യായിരത്തിൽപ്പരം കോടി കുടിശ്ശികയാക്കി. ഒരു പ്രത്യേക ധനസഹായവും കേരളത്തിന്‌ നൽകില്ലായെന്ന നിലപാട് സ്വീകരിച്ചു. രണ്ട്, സംസ്ഥാനത്തിന്റെ അർഹമായ വായ്പയുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അങ്ങനെയാണ് ധനപ്രതിസന്ധി സൃഷ്ടിച്ചത്.

സംസ്ഥാന സർക്കാരിന്റെ തനത് വരുമാനം കഴിഞ്ഞ രണ്ടുവർഷംകൊണ്ട് 45 ശതമാനം വർധിച്ചില്ലായിരുന്നെങ്കിൽ ട്രഷറി എന്നേ പൂട്ടിയേനെ. വായ്പ സംബന്ധിച്ച് ശുദ്ധ തോന്ന്യാസമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഇതുവരെ എടുത്തിട്ടുള്ള ഒരു ഓഫ് ബജറ്റ് വായ്പയും ഇതുവരെ പൊതുകടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രം ഇപ്പോഴും അങ്ങനെ ചെയ്യുന്നില്ല. ഈ സന്ദർഭത്തിലാണ് സംസ്ഥാനത്തിനുമേൽ പുതിയൊരു ചട്ടം അടിച്ചേൽപ്പിക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെ. സ്വാഭാവികനീതിയുടെപോലും നിഷേധമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

യുഡിഎഫ് എന്ന അഞ്ചാംപത്തി
ഗവർണറുടെ അടിയന്തരാവസ്ഥ നീക്കത്തിനെതിരായി യുഡിഎഫ് ഒന്നും പ്രതികരിച്ചിട്ടില്ല. അതിൽ ഒരത്ഭുതവും തോന്നേണ്ടതില്ല. നിയമസഭ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവയ്ക്കാനുള്ള അവകാശം ഗവർണർക്കുണ്ടെന്നു കരുതുന്ന കേരളത്തിലെ കോൺഗ്രസിൽനിന്ന് ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാനാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട അശ്ലീലങ്ങളാണ് അവർ. അപ്പോൾ പിന്നെ സംസ്ഥാനത്തിന്റെ ധനാവകാശങ്ങൾ കൈയേറുന്ന കേന്ദ്ര നീക്കത്തെ എതിർക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടതുണ്ടോ.

പാർലമെന്റിൽ കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച്‌ യുഡിഎഫ് എംപിമാർ ചോദ്യങ്ങൾ ചോദിക്കും. കേരളത്തിന്റെ അവകാശങ്ങൾ സംബന്ധിച്ച് കണക്ക് പറയാനല്ല. മറുപടികളിലെ ദുഷ്ടലാക്കുകൾ ആഘോഷിക്കാനാണ് അവരുടെ ചോദ്യങ്ങൾ. ഇതെല്ലാം കണ്ട് കേരളത്തിലൊന്ന് ഇറങ്ങിക്കളിച്ചാൽ എന്താണെന്ന ചിന്തയിലാണ്‌ ഗവർണർ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ തിരുവനന്തപുരത്തെ കുപ്രസിദ്ധമായ പ്രസംഗത്തിനുശേഷമാണ് ഗവർണറുടെ ധന അടിയന്തരാവസ്ഥയുടെ ഹാലിളക്കം. കേന്ദ്രത്തിന്റെ വെറും പാവയാണ് ഗവർണർ.

അടിയന്തരാവസ്ഥ എപ്പോൾ
ധന അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെങ്കിൽ സംസ്ഥാനം കടക്കെണിയിലാകണം. 2004ൽ യുഡിഎഫ് ഭരിക്കുമ്പോൾ കേരളത്തിന്റെ കടഭാരം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 44 ശതമാനം ആയിരുന്നു. ഇന്ന് 36 ശതമാനമാണ്. അന്ന് ഇല്ലാത്ത എന്ത് അടിയന്തരാവസ്ഥയാണ് ഇന്നുള്ളത്. കേരളം കടക്കെണിയിലാണെന്നതിന് ഒരു സാമ്പത്തികശാസ്ത്ര യുക്തിയുമില്ല.

ധനഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെങ്കിൽ സംസ്ഥാന ധനകാര്യം തിരിച്ചുകയറാനാകാത്തവിധം കൈവിട്ടു പോകണം. ചെലവുകൾ നിയന്ത്രണാതീതമാകുകയും വരുമാനം ശുഷ്കിക്കുകയും ചെയ്യണം. എന്നാൽ, കേരളത്തിന്റെ സ്ഥിതി എന്താണ്. സംസ്ഥാനത്തിന്റെ തനതുവരുമാനം കഴിഞ്ഞ രണ്ടുവർഷം 22 ശതമാനം വീതമാണ്‌ വളർന്നത്. ഈ വളർച്ച നിലനിർത്താനായാൽ കേന്ദ്രം കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കിൽ സംസ്ഥാനം സുസ്ഥിരതയിലേക്കു നീങ്ങും. അധികച്ചെലവ്, ദുർച്ചെലവ് എന്നെല്ലാമുള്ള ദുഷ്പ്രചാരണത്തിന്റെ യാഥാർഥ്യമെന്ത്. 2022–-23ൽ കേരള സർക്കാരിന്റെ ചെലവ് മുൻ വർഷത്തേക്കാൾ കുറവാണ്. കേന്ദ്ര സർക്കാർ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി അല്ലാതെ കേരളത്തിൽ ഒരു ധനപ്രതിസന്ധിയും ഇല്ല.

പ്രത്യാഘാതങ്ങൾ �ജനങ്ങൾക്കുമേൽ
ധന അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് പലർക്കും തിരിച്ചറിയുമെന്നു തോന്നുന്നില്ല. രാഷ്‌ട്രപതി, ഗവർണർ വഴി സാമ്പത്തികകാര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകുന്ന സ്‌ഥിതിയുണ്ടാകും. അങ്ങനെ ഗവർണർക്ക് സർവകലാശാല ഭരിക്കുന്നതുപോലെ സർക്കാർ ഭരണത്തിലും കൈകടത്താനുള്ള അധികാരം ലഭിക്കുകയാണ്. സാമ്പത്തിക അടിയന്തരാവസ്ഥയുടെ കുറിപ്പടികളായി ഭരണഘടനയിൽ തന്നെ സൂചിപ്പിച്ചിട്ടുള്ള ചേരുവകൾ ഇവയാണ്:

(1) എല്ലാ ജീവനക്കാരുടെയോ ചില പ്രത്യേക വിഭാഗം ജീവനക്കാരുടെയോ ശമ്പളവും അലവൻസും വെട്ടിക്കുറയ്ക്കുക.
(2) ധന ബാധ്യത വരുത്തുന്ന എല്ലാ നിയമങ്ങൾക്കും പ്രസിഡന്റിന്റെ മുൻകൂർ അനുവാദം വേണം.
(3) സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിന് ആവശ്യമായ മറ്റു നിർദേശങ്ങൾ നൽകുക.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷേമാനുകൂല്യം ലഭിക്കുന്ന പാവപ്പെട്ടവർക്കുമായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടുക. കേരള സർക്കാരിനെതിരായി പടനയിച്ചുകൊണ്ടിരിക്കുന്ന എൻജിഒ അസോസിയേഷനും മറ്റും ഇത്‌ തിരിച്ചറിഞ്ഞിട്ടുണ്ടോ ആവോ. ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ. കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കണം. ധന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കുത്സിതനീക്കങ്ങൾ ഉപേക്ഷിക്കണം.
ഇതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഴുവൻ കേരളീയരും ഒന്നിച്ച് അണിചേരണം. ജനുവരിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രവിരുദ്ധ സമരം ഇതിനുള്ളൊരു വിശാലവേദിയായിത്തീരും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.