കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിനു തയ്യാറായാൽ ഒപ്പമുണ്ടാകുമെന്ന മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്‌താവന പ്രതിപക്ഷത്തിന് ആലോചിക്കാൻ വഴിവെക്കുന്നതാണ്. പ്രശ്‌നങ്ങൾ മനസിലാക്കുന്നവർക്ക് കുഞ്ഞാലിക്കുട്ടിയെപ്പോലെയേ പ്രതികരിക്കാനാകൂ. ഉടൻ ലീഗിനെയങ്ങു പിടിച്ചെടുക്കാൻ നീക്കം നടത്തുകയാണെന്നു വ്യാഖ്യാനിക്കാതിരിക്കാമെങ്കിൽ വിശദമാക്കാം എന്ന മുഖവരയോടെയാണ് ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്.
പ്രതിപക്ഷംഇപ്പോഴത്തെ തെറ്റായി നിലപാടിൽ നിന്നു മാറുന്നതിന് അവരെ ചർച്ചക്കു വിളിക്കാനും സംസാരിക്കാനും മടിയില്ല. നിർഭാഗ്യവശാൽ പ്രതിപക്ഷനേതാവിന്റെ നിലപാട് കേരളത്തിന്റെ താത്‌പര്യത്തിന് ഗുണമല്ല. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം തിരുത്തുമെന്ന് കരുതുന്നു.
കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ നാടിന് യോജിക്കാൻ കഴിയണം. നാടിനു കിട്ടേണ്ട പണമാണ് കേന്ദ്രം തരാതിരിക്കുന്നത്. ഇത് ഏതെങ്കിലും ഒരു പദ്ധതിക്കുള്ള പണം കിട്ടിയില്ല എന്ന നിലയിലല്ല കാണേണ്ടത്. കേരളത്തിന്റെ ഭാവിവികസനത്തിനാണ് കേന്ദ്രം തടയിടുന്നതെന്ന് മനസ്സിലാക്കണം. വണ്ടിപ്പെരിയാർ പോക്‌സോക്കേസിൽ കാര്യങ്ങൾ പരിശോധിച്ച് സർക്കാർ അപ്പീലിനു പോകും. കേസിലെ വിധിയുടെ കാര്യത്തിൽ അഭിമാനിക്കാവുന്ന സാഹചര്യമില്ല. കോടതിയുടെ നിരീക്ഷണം പരിശോധിക്കും. പൊലീസിന് എന്തെങ്കിലും വീഴ്‌ച വന്നതായി ഇപ്പോൾ അനുമാനിക്കാൻ കഴിയില്ല. ഒന്നും പറയാനില്ലാത്തപ്പോൾ എന്തെങ്കിലും പറഞ്ഞ് മനോസുഖം അനുഭവിക്കുന്ന രീതിയാണ് പ്രതിപക്ഷനേതാവിന്. പ്രതിപക്ഷനേതാവിന് പ്രത്യേക മനോനിലയാണ്.