റബർ ഉൽപ്പാദന പ്രോത്സാഹന പദ്ധതിപ്രകാരം, നിലവിൽ കിലോഗ്രാമിന് 170 രൂപ കേരളം റബർ കർഷകർക്ക് സാമ്പത്തിക സഹായമായി നൽകുന്നത് 250 രൂപയാക്കി ഉയർത്താൻ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണനയിലില്ലെന്ന് വാണിജ്യമന്ത്രാലയം. യഥാർഥ ചെലവിന്റെ 25 ശതമാനമെങ്കിലും പ്ലാന്റിങ് ആൻഡ് റീപ്ലാന്റിങ് സബ്സിഡികളായി നൽകണമെന്ന ആവശ്യവും കേന്ദ്രം തള്ളി. സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട് റബറിന്റെയും ഇറക്കുമതി ചുങ്കം ഉയർത്തുക, സ്വാഭാവിക റബറിന് കുറഞ്ഞ ഇറക്കുമതി വില നിശ്ചയിക്കുക എന്നീ ആവശ്യങ്ങളോടും കേന്ദ്രം അനുകൂല നിലപാട് എടുക്കില്ലെന്ന് രാജ്യസഭയിൽ സ. ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിൽ സഹമന്ത്രി അനുപ്രിയ പട്ടേൽ വ്യക്തമാക്കി. റബർ കർഷകരോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ പാർലമെന്റിന് അകത്തും പുറത്തുമുള്ള സിപിഐ എം പ്രക്ഷോഭം തുടരുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാട്.