ദീർഘദൂര യാത്രക്കാരുടെ ആശ്രയമായ നിരവധി ട്രെയിനുകൾ ഇന്ത്യൻറെയിൽവേ റദ്ദാക്കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് വേണ്ടി ഇന്ത്യയിൽ ഇതിനു മുൻപ് ഇത്തരത്തിൽ വ്യാപകമായി ട്രെയിനുകൾ വിട്ടു നൽകിയിട്ടില്ല. ലക്ഷക്കണക്കിന് ആളുകൾ ട്രെയിനുകളിൽ ടിക്കറ്റ് പോലും ലഭിക്കാതെ പ്രയാസപ്പെടുകയാണ്. അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവിടെ എത്തിച്ചേരാനും തിരികെ വരാനും സാധിക്കുന്നില്ല. ഇതിനെതിരായി വ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. ഭരണകക്ഷിയുടെയും അവരുടെ അനുബന്ധ സംഘടനകളുടെയും ആവശ്യാർഥം റയിൽവേ വിട്ടു കൊടുത്തപോലെ, നാളെ റിസർവ് ബാങ്കും മറ്റ് സ്ഥാപനങ്ങളും ഇവർ വിട്ടു കൊടുത്തുകൂടെന്നില്ല.
ഹിമസാഗർ എക്സ്പ്രസ്, തിരുവനന്തപുരം നിസാമുദ്ദിൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, മില്ലേനിയം എക്സ്പ്രസ്, ദുരന്തോ,എറണാകുളം നിസാമുദ്ദിൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, കൊച്ചുവേളി ഋഷികേശ് സൂപ്പര്ഫാസ്റ് എക്സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകൾ വിവിധ ദിവസങ്ങളിൽ റദ്ദാക്കിയിരിക്കുകയാണ്. ആവശ്യത്തിന് സീറ്റുകളോ ബർത്തുകളോ ട്രെയിനുകളോ ഇല്ലാത്തതിനാൽ ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ ട്രെയിനുകൾ റദ്ദാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയ നടപടി ജനദ്രോഹമാണ്.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ ഇത്തരത്തിൽ പൊതുഗതാഗതസംവിധാനത്തെ കൈകാര്യം ചെയ്യുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനും റദ്ദാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാനും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട്, റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.