യുഡിഎഫ് കാലത്ത് തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ് എൽഡിഎഫ് സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ് തുടർച്ചയായി സ്വീകരിക്കുന്നത്. പദ്ധതികൾക്കാവശ്യം പണമാണ്. വലിയ സാമ്പത്തികശേഷി നമ്മുടെ ഖജനാവിനില്ല. അതിന്റെ പേരിൽ പദ്ധതികൾ ഉപേക്ഷിക്കാനും പറ്റില്ല. പണം കണ്ടെത്താനുള്ള മാർഗമായിരുന്നു കിഫ്‌ബി. അതിനെയും യുഡിഎഫും കോൺഗ്രസും എതിർത്തു. എന്നാൽ, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കിഫ്‌ബി പദ്ധതികൾ നടപ്പായി. കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ദ്രോഹിക്കുകയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്.
പ്രളയം പോലുള്ള സന്ദർഭങ്ങളിൽ കേന്ദ്രം പ്രത്യേക പാക്കേജ് നൽകേണ്ടതാണ്. അത് ചോദ്യംചെയ്യാൻ യുഡിഎഫ് എംപിമാരും തയ്യാറായില്ല. അന്താരാഷ്ട്ര സഹായം ലഭിക്കാനുള്ള അവസരവും കേന്ദ്ര സർക്കാർ നിഷേധിച്ചു. എന്നാൽ, അന്താരാഷ്ട്ര സഹായം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ സ്വീകരിച്ചയാളാണ് ഇന്നത്തെ പ്രധാനമന്ത്രി. ഇഷ്ടമുള്ളവർക്ക് വാരിക്കോരി കൊടുക്കുകയും അല്ലാത്തവർക്ക് നക്കാപ്പിച്ച നൽകുകയും ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ സമീപനം. കേരളത്തിന്റെ തകർച്ച ആസ്വദിക്കുന്ന മനോഭാവമാണ് യുഡിഎഫ് നേതാക്കൾക്കും എംപിമാർക്കുമുള്ളത്. ഇവിടെയൊന്നും നടക്കേണ്ട എന്ന അവരുടെ മനോഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനൊപ്പം നിൽക്കാത്ത കോൺഗ്രസ് നേതാക്കളുടെ സമീപനം ജനങ്ങൾ തിരിച്ചറിയും.