Skip to main content

മൃദുഹിന്ദുത്വം കൊടിയടയാളമാക്കിയ നേതൃത്വമാണ് കോൺഗ്രസിന് കേരളത്തിലുള്ളത്

ഒരു മാസമായി ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷക്കണക്കിന് ജനങ്ങളോടാണ് ദിവസവും സംവദിക്കുന്നത്. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. തുടർഭരണം നേടിയ എൽഡിഎഫ്‌ സർക്കാരിനുള്ള ജനപിന്തുണ വർധിക്കുകയാണെന്ന യാഥാർഥ്യമാണ് ഓരോദിവസം കഴിയുന്തോറും വ്യക്തമായത്. മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമോയെന്ന സംശയം യുഡിഎഫിനെയും ബിജെപിയെയും വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ എങ്ങനെയും പിണറായി സർക്കാരിനെ അപകീർത്തിപ്പെടുത്താനും താഴെ ഇറക്കാനുമുള്ള കുതന്ത്രങ്ങളാണ് കോൺഗ്രസ്, ബിജെപി ഉപശാലകളിൽ നടക്കുന്നത്. പരസ്പരം കൈകോർത്ത് കേരളത്തിൽ ഇടതുപക്ഷത്തെ നേരിടാനാണ് ഇപ്പോൾ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ആ വഴിക്കുള്ള പരസ്യമായ നീക്കങ്ങൾക്കാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്.

ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ മുന്നിലിറക്കിയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊള്ളുന്നത്.വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുക എന്നത് മോദിസർക്കാരിന്റെയും അതിനെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെയും പ്രഖ്യാപിത അജൻഡയാണ്. വരുംതലമുറയെ വർഗീയതയിൽ തളച്ചിടാൻ ഇതാവശ്യമാണെന്ന് അവർക്കറിയാം. എന്നാൽ, നവോത്ഥാനമൂല്യങ്ങൾ ആഴത്തിൽ വേരൂന്നിയ കേരളത്തിൽ വിദ്യാഭ്യാസമേഖലയെ അവരുദ്ദേശിച്ച വേഗത്തിൽ വർഗീയവൽക്കരിക്കുന്നതിന് തടസ്സമായി നിൽക്കുന്നത് മതനിരപേക്ഷ- ജനാധിപത്യ ആശയങ്ങൾ മുറുകെപ്പിടിക്കുന്ന എൽഡിഎഫ് സർക്കാരാണ്. അതിനാൽ ആ സർക്കാരിനെ അസ്ഥിരീകരിച്ച് ലക്ഷ്യം നേടുകയെന്ന തന്ത്രമാണ് ആർഎസ്എസും മോദി സർക്കാരും പയറ്റുന്നത്. അതിനായി അവർ കേരളത്തിൽ കരുവാക്കുന്നത് ഗവർണറെയാണ്. ഇക്കണോമിക് ആൻഡ്‌ പൊളിറ്റിക്കൽ വീക്ക്‌ലി (ഡിസംബർ 2, 2023) മുഖപ്രസംഗത്തിൽ ശരിയായി വിലയിരുത്തിയതുപോലെ "പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ആധിപത്യം ഉറപ്പിക്കാനായി ഗവർണർ പദവിയെയും ദുരുപയോഗം ചെയ്യുകയാണ്'. കഴിഞ്ഞ രണ്ടാഴ്ചയായി ഗവർണർ നടത്തുന്ന നീക്കങ്ങൾ അക്ഷരാർഥത്തിൽ ഇതുതന്നെയാണ് ചെയ്യുന്നത്.

ഉന്നത വിദ്യാഭ്യാസം കാവിവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് കലിക്കറ്റ്, കേരള സർവകലാശാല സെനറ്റുകളിലേക്ക് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സംഘപരിവാറുകാരെ തിരുകിക്കയറ്റിയത്. സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ഗവർണർ സെനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ, ഇക്കുറി വിസിമാരോട് പട്ടിക ആവശ്യപ്പെട്ടു. എന്നാൽ, ആ പട്ടികയിലും ഉൾപ്പെടാത്ത സംഘപരിവാറുകാരെ തെരഞ്ഞുപിടിച്ച് നാമനിർദേശം ചെയ്യുകയാണ് ഗവർണർ ചെയ്തത്. കലിക്കറ്റിൽ ഒമ്പത് സംഘപരിവാറുകാരെയും ആറ് കോൺഗ്രസുകാരെയും മൂന്ന് മുസ്ലിംലീഗുകാരെയും ഉൾപ്പെടുത്തി. കേരളയിൽ 17 പേരിൽ 15 ഉം സംഘപരിവാറുകാരാണ്. ബിജെപി–- ആർഎസ്എസ് നേതൃത്വം നൽകിയ പട്ടികയിൽനിന്ന്‌ ഒരു യോഗ്യതയും ഇല്ലാത്തവരെ സെനറ്റിലേക്ക് തിരുകിക്കയറ്റാനാണ് ഗവർണർ ശ്രമിച്ചത്. വിസിയോ സർക്കാരോ നൽകാത്ത പേരുകൾ എങ്ങനെ ഗവർണർക്ക് കിട്ടി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സമരം ചെയ്യുന്ന വിദ്യാർഥികൾ ആവർത്തിച്ച് ഉയർത്തുന്ന ചോദ്യവും ഇതുതന്നെയാണ്. അതിന് ഉത്തരം നൽകാൻ ഗവർണർ ഇതുവരെ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിലൂടെ ഒരംഗത്തെപ്പോലും സെനറ്റിൽ എത്തിക്കാൻ കഴിയാത്ത ബിജെപി, ഗവർണർ എന്ന ഭരണഘടനാപദവി ദുരുപയോഗം ചെയ്ത് വളഞ്ഞ വഴിയിലൂടെ സംഘപരിവാറുകാരെ എത്തിച്ചതാണ് വിദ്യാർഥികളെ സമരത്തിലേക്ക് തള്ളിവിട്ടത്. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തിനാണ് എസ്എഫ്ഐ നേതൃത്വം നൽകിയത്. സർവകലാശാലകളെ കാവിവൽക്കരിക്കുന്ന ചാൻസലർക്കെതിരെയുള്ള വിദ്യാർഥികളുടെ രോഷപ്രകടനമാണ് കലിക്കറ്റിലും കേരളത്തിലെ ക്യാമ്പസുകളിലും കണ്ടത്.

കേവലം സർവകലാശാലകളെ കാവിവൽക്കരിക്കുക മാത്രമല്ല ഗവർണർ ലക്ഷ്യമാക്കുന്നത്. വിദ്യാഭ്യാസമേഖലയിൽ രാജ്യത്തുതന്നെ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം, ഈ ഉയർച്ചയ്‌ക്ക് തടയിട്ട് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കുക എന്നതുകൂടി ഗവർണറുടെ ലക്ഷ്യമാണ്, അതോടൊപ്പം എൽഡിഎഫ് സർക്കാരിനെ അസ്ഥിരമാക്കുകയും. സംസ്ഥാനത്ത് ക്രമസമാധാന തകർച്ച സൃഷ്ടിച്ച് ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമോയെന്ന ഗൂഢശ്രമമാണ് കഴിഞ്ഞ ഒരാഴ്ചയായി ഗവർണർ നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ താമസിക്കാതെ കലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ താമസിച്ചതുമുതൽ തുടങ്ങുന്നു ആ പ്രകോപനപരമായ നീക്കങ്ങൾ. വിദ്യാർഥികളെ ഗുണ്ടകൾ, ക്രിമിനലുകൾ, കൊലപാതകികൾ എന്നെല്ലാം വിളിച്ച് ആക്ഷേപിച്ചതും അവരെ അയച്ചത് മുഖ്യമന്ത്രിയാണെന്ന ആരോപണവും ഉന്നയിച്ചതും ഇതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെയും കർഷക -കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും നാടായ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാക്ഷേപിച്ചതും പ്രകോപനം സൃഷ്ടിക്കാനായിരുന്നു. രാഷ്ട്രീയ കേരളം സമചിത്തതയോടെ ഗവർണറുടെ ഈ ജൽപ്പനങ്ങളെ തള്ളിക്കളയുന്നതാണ് കണ്ടത്. ഗവർണറുടെ നീക്കങ്ങൾ ഫലിക്കാതായപ്പോഴാണ് കോഴിക്കോട് മിഠായി തെരുവിലിറങ്ങി നടന്നത്. നഗ്നമായ പ്രോട്ടോകോൾ ലംഘനമാണ് ഗവർണർ കാണിച്ചത്. ഇത് ബോധപൂർവമായിരുന്നു. ആരെങ്കിലും ഒരു കല്ലെടുത്ത് എറിഞ്ഞാൽ അത് എസ്എഫ്ഐക്കാരുടെയും മുഖ്യമന്ത്രിയുടെയും പേരിൽ ചാർത്തി ക്രമസമാധാനം തകർന്നുവെന്ന് വിളിച്ചു കൂവുകയായിരുന്നു ലക്ഷ്യം. തലേദിവസം രാത്രി രാജ്ഭവനിൽനിന്ന്‌ ഇറങ്ങിയ വാർത്താക്കുറിപ്പിൽ സംസ്ഥാനത്ത് ഭരണഘടന തകർച്ചയോടടുക്കുകയാണെന്ന് ഭീഷണി മുഴക്കിയിരുന്നു. ചാൻസലർക്കെതിരെ എസ്എഫ്ഐ വിദ്യാർഥികൾ ബാനർ ഉയർത്തിയതാണ് ഭരണഘടനാ തകർച്ചയിലേക്ക് നയിക്കുന്നതെന്ന് ഒരു ഗവർണർ പറയുമ്പോൾ അദ്ദേഹത്തിന്റെ ജനാധിപത്യബോധം എത്രയുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമാകും

എന്നാൽ, ഗവർണറുടെ വസ്തുതാവിരുദ്ധമായ പ്രസ്താവനകളെ പൊതുസമൂഹം ഗൗരവത്തിലെടുത്തില്ല. അതിലുള്ള നിരാശയും രോഷവും ഗവർണർക്കും ഉപദേശകരായ ആർഎസ്എസ്–ബിജെപി നേതൃത്വത്തിനും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു മിഠായി തെരുവ്‌ സന്ദർശനം. കൊച്ചു കുട്ടികളെ വാരിയെടുത്തും ഹൽവ രുചിച്ചും ഒരു രാഷ്ട്രീയ പാർടി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെയാണ് ഗവർണറുടെ മിഠായി തെരുവ് സന്ദർശനം ഓർമിപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനാണെന്ന് ആർഎസ്എസ്–- ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ഒരവസരമായി ഈ സന്ദർശനത്തെ ഉപയോഗിക്കുകയായിരുന്നു ആരിഫ് മൊഹമ്മദ് ഖാൻ. എന്നാൽ, അതിലൂടെ കേരളീയർക്കും ഇന്ത്യയിലെ ജനങ്ങൾക്കും ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്. മറ്റേത് സംസ്ഥാനത്തേക്കാളും കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്ന്. മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. തലേദിവസം ഇറക്കിയ പത്രക്കുറിപ്പ് ഗവർണർക്ക് അപ്പടി വിഴുങ്ങേണ്ടി വന്നു.

വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടം തടയാൻ, വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അസ്ഥിരീകരിക്കാൻ ആർഎസ്എസ്‌–-- ബിജെപി തീട്ടൂരമനുസരിച്ച് പ്രവർത്തിക്കുന്ന ഈ ഗവർണർക്കാണ് കേരളത്തിലെ കോൺഗ്രസ് പരസ്യമായ പിന്തുണ നൽകുന്നത്. സെനറ്റിൽ യോഗ്യതയില്ലാത്ത സംഘപരിവാറുകാരെ നിർദേശിച്ച ഗവർണറുടെ നടപടിയെ വിമർശിക്കാനോ കാവിവൽക്കരണ ശ്രമത്തെ എതിർക്കാനോ പ്രതിപക്ഷനേതാവോ കെപിസിസി പ്രസിഡന്റോ തയ്യാറായില്ല. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ പറഞ്ഞത് സർവകലാശാലകളിൽ ഗവർണർ ഇടപെടുന്നതിൽ തെറ്റില്ലെന്നായിരുന്നു. സംഘപരിവാറുകാരെ തിരുകിക്കയറ്റിയതിൽ ഒരു കുറ്റവും കെപിസിസി പ്രസിഡന്റ് സുധാകരനും കണ്ടില്ല. ഗവർണർ സംഘപരിവാറുകാരെ നിയമിച്ചാൽ എന്താ കുഴപ്പമെന്നാണ് കെ സുധാകരൻ ചോദിച്ചത്. ആർഎസ്എസ് ശാഖയ്‌ക്ക് സുരക്ഷ ഒരുക്കാൻ കോൺഗ്രസുകാരെ ഏർപ്പെടുത്തിയ, എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകുമെന്ന് പറയുന്ന ആളാണല്ലോ സുധാകരൻ.

അദ്ദേഹത്തെ സംബന്ധിച്ച് ഗവർണറുടെ കാവിവൽക്കരണ നടപടിയിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ല. ഗുരുജി ഗോൾവാൾക്കർക്ക് ആദരം ആർപ്പിച്ച പ്രതിപക്ഷ നേതാവിനും ഇതിൽ കുഴപ്പം കണ്ടെത്താനായിട്ടില്ല. മൃദുഹിന്ദുത്വം കൊടിയടയാളമാക്കിയ നേതൃത്വമാണ് കോൺഗ്രസിന് കേരളത്തിലുള്ളത്. അതിനാലാണ് സെനറ്റ് നാമനിർദേശത്തിൽ ബിജെപിയുമായും ഗവർണറുമായും ധാരണയിലെത്താൻ അവർ തയ്യാറായത്. അതിന്റെ ഭാഗമാണ് കലിക്കറ്റ് സെനറ്റിലേക്ക് സംഘപരിവാർ പ്രവർത്തകർക്കൊപ്പം യുഡിഎഫിൽപ്പെട്ടവരെയും നാമനിർദേശം ചെയ്തത്. തങ്ങളുടെ സമ്മതപ്രകാരമല്ലെങ്കിൽ അവരോട് രാജിവയ്ക്കാൻ യുഡിഎഫ് നേതൃത്വം ആവശ്യപ്പെടേണ്ടതല്ലേ. എന്തേ അവരത് ചെയ്യാത്തത്‌. ഇതിൽനിന്നു വ്യക്തമാക്കുന്നത് മുൻധാരണയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നാമനിർദേശ പട്ടിക പുറത്തുവന്നത് എന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ടുവരുന്ന യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. പട്ടാമ്പിയിലും ബേപ്പൂരിലും വടകരയിലും നേരത്തേ രൂപംകൊണ്ട കൂട്ടുകെട്ട്‌ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള മുന്നൊരുക്കമാണ് അണിയറയിൽ നടക്കുന്നത്. ഒരു കാര്യം വ്യക്തമാക്കാം. വർഗീയതയെയും കാവിവൽക്കരണത്തെയും ചെറുക്കുന്നതിൽ സിപിഐ എമ്മിനോ എൽഡിഎഫിനോ വിട്ടുവീഴ്ചയില്ല. ഏതാനും വോട്ടുകൾക്കോ സീറ്റിനോ വേണ്ടി മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം ഉപേക്ഷിക്കാൻ എൽഡിഎഫ് തയ്യാറാകില്ല.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.