കോട്ടയം വടവാതൂർ MRF, കളമശേരി അപ്പോളോ ടയേഴ്‌സ് എന്നീ ഫാക്‌ടറികളിലേക്ക് ഉജ്വല മാർച്ചുമായി സംയുക്ത കർഷക സംസ്ഥാന സമിതി. MRF മാർച്ചും ഉപരോധവും കിസാൻസഭ അഖിലേന്ത്യാ സെക്രട്ടറി സ. വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കളമശേരി അപ്പോളോ ടയേഴ്‌സിലേക്ക് നടന്ന മാർച്ച് സംയുക്ത കർഷക സംസ്ഥാനസമിതി ചെയർമാൻ സ. സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്‌തു.
ടയർ കമ്പനികൾക്ക് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ(സിസിഐ) പിഴയിട്ട 1,788 കോടി രൂപ കർഷകർക്ക് വീതിച്ച് നൽകുക, റബറിന് 300 രൂപ തറവില നിശ്‌ചയിച്ച് കേന്ദ്രസർക്കാർ സംഭരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം. ടയർ കമ്പനികൾ കർഷകരിൽനിന്ന് കൊള്ളയടിച്ച പണം മുഴുവൻ തിരികെ കർഷകരിലേക്ക് എത്തിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരാനാണ് തീരുമാനം.
ക്രോസ് പ്ലൈ ഇനം ടയറുകൾക്ക് സംഘടിതമായി വിലകൂട്ടാൻ ശ്രമിച്ചതിന് എംആർഎഫിന് 622 കോടി, അപ്പോളോയ്‌ക്ക് 425 കോടി, സിയറ്റിന് 252 കോടി, ജെ കെ ടയേഴ്‌സിന് 309 കോടി, ബിർളയ്‌ക്ക് 178 കോടി, ആത്‌മ സംഘടനയ്‌ക്ക് 60 ലക്ഷം എന്നിങ്ങനെയാണ് സിസിഐ പിഴയിട്ടത്. ഇത് കർഷകർക്ക് ലഭ്യമാക്കുകയാണ് സമരത്തിന്റെ ലക്ഷ്യം.