ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയെ അതിവേഗം അസഹിഷ്‌ണുത നിറഞ്ഞ ഫാസിസ്‌റ്റ് ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം മോദി സർക്കാർ തിടുക്കപ്പെട്ട് പുതിയ വിദ്യാഭ്യാസനയം തട്ടിക്കൂട്ടിയത്. വാണിജ്യവൽക്കരണം, അധികാര കേന്ദ്രീകരണം, വർഗീയവൽക്കരണം എന്നീ മൂന്ന് അജൻഡകളാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.
ഫാസിസ്‌റ്റ് ഹിന്ദുരാഷ്‌ട്രമെന്ന ലക്ഷ്യം കൈവരിക്കാൻ വിദ്യാഭ്യാസത്തെ ആയുധമാക്കുകയാണ്. അതോടൊപ്പം ഭരണവർഗത്തിന് ആവശ്യമായ പരിശീലനം സിദ്ധിച്ചവരെക്കൂടി സൃഷ്ടിക്കേണ്ടതുണ്ട്. വിദേശ സർവകലാശാലകളിലേക്ക് വിദ്യാർഥികളെ അയക്കാൻ സൗകര്യമൊരുക്കുന്നതും വിദേശ സർവകലാശാലകൾക്ക് ഇവിടെ വാതിൽ തുറന്നുകൊടുത്തതുമെല്ലാം രണ്ടാമത്തെ കാര്യം നിർവഹിക്കുന്നതിനാണ്.
ഇന്ത്യൻ ചരിത്രത്തെ തിരുത്തിയെഴുതുന്നതിലൂടെ ഉദ്ദേശിക്കുന്നത് ബ്രിട്ടീഷ് കോളനിവൽക്കരണകാലത്ത് സൃഷ്ടിച്ച മതാധിഷ്‌ഠിത കാലഘട്ടത്തെ ഹിന്ദുത്വത്തിന് അനുകൂലമായി തിരുത്തുക എന്നതാണ്. കോളനിക്കാലത്ത് ഇന്ത്യൻ കാലഘട്ടത്തെ മൂന്നായാണ് തിരിച്ചത്. പുരാതനകാലത്തെ ഹിന്ദുഭരണമെന്നും മധ്യകാലത്തെ മുസ്ലിം കാലഘട്ടമെന്നും കൊളോണിയൽകാലത്തെ ആധുനികകാലമെന്നും വേർതിരിച്ചു. യാഥാർഥ്യവുമായി ഇതിന് പുലബന്ധമില്ല. ചരിത്രത്തിന്റെ ആ അപനിർമിതിയെയാണ് പുതിയ വിദ്യാഭ്യാസനയത്തിലൂടെ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് തിരുത്തിയെഴുതുന്നത്. 1200 വർഷം നീണ്ട മുസ്ലിം ഭരണത്തിൽ ഹിന്ദുക്കൾ അനുഭവിച്ച അടിമത്തത്തിൽനിന്ന് മോചനമെന്നാണ് വ്യാഖ്യാനം. ഇതിനായി ചരിത്രത്തെ വക്രീകരിക്കുകയും തിരുത്തുകയും ചെയ്യുന്നു.
പാഠപുസ്‌തകങ്ങൾ മാറ്റിയെഴുതുന്നു. ഹിന്ദുഭരണാധികാരികളെ മഹത്വവൽക്കരിക്കുകയും മുസ്ലിം ഭരണാധികാരികളെ ഇകഴ്‌ത്തുകയും ചെയ്യുന്നു. എല്ലാ ഇസ്ലാമിക നിർമിതികളും ഹിന്ദുക്ഷേത്രങ്ങൾ പൊളിച്ചുനിർമിച്ചതാണെന്ന് വരുത്തുന്നു. അയോധ്യയിൽ 500 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചത് ക്രിമിനൽ പ്രവൃത്തിയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും മോദി പറയുന്നു, ചരിത്രപരമായ തെറ്റ് തിരുത്തിയെന്ന്. ഇതിന്റെ തുടർച്ചയാണ് മഥുരയിലും വാരണാസിയിലും മറ്റും നടത്താൻ പോകുന്നത്. യുക്തിചിന്തയോ വിവേചനബുദ്ധിയോ അല്ല, അബദ്ധജടിലമായ അന്ധവിശ്വാസം മാത്രമാണ് ലോകത്തെ മനസിലാക്കാനുള്ള വഴിയെന്ന അവബോധം പുതിയതലമുറയിൽ സൃഷ്ടിക്കുകയാണ്.