Skip to main content

ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള എസ്എഫ്ഐയെയും സിപിഐ എമ്മിനെയും അക്രമികളായി ചിത്രീകരിക്കുന്ന ഗവർണർ സത്യത്തെയും ചരിത്രത്തെയും അപമാനിക്കുന്നു

കണ്ണൂരിൽ എത്ര പേരെ എസ്എഫ്ഐക്കാർ ചുട്ടുകൊന്നു എന്ന ഗവർണറുടെ ചോദ്യം തികച്ചും വസ്തുതാവിരുദ്ധവും ഇരകളെ കൊലയാളികളായി ചിത്രീകരിക്കുന്നതുമാണ്. കേരളത്തിൽ ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള എസ്എഫ്ഐയെയും സിപിഐ എമ്മിനെയും അക്രമികളായി ചിത്രീകരിക്കുന്ന ഗവർണറുടെ നീക്കം സത്യത്തെയും ചരിത്രത്തെയും അപമാനിക്കുന്നതാണ്. "എന്റെ കോലമല്ലേ കത്തിച്ചുള്ളൂ, കണ്ണൂരിൽ ഇവർ എത്ര പേരെ ചുട്ടുകൊന്നു' എന്ന ഗവർണറുടെ പ്രസ്താവന, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച ഒരു സംഘടനയെ കരുതിക്കൂട്ടി കരിവാരിത്തേയ്ക്കാമെന്ന മനോഭാവത്തോടെയുള്ളതാണ്.

ഗവർണർ ഒരു വിശ്വാസി കൂടിയാണല്ലോ. വിശ്വാസി കപടവിശ്വാസിയായാൽ വിശ്വസിക്കാൻ പറ്റാത്ത ആളായി മാറും. അതുകൊണ്ടാണ് ഖുർആനിൽ പ്രവാചകനായ മുഹമ്മദ് നബി, നിരീശ്വരവാദികളെ വിശ്വസിച്ചാലും കപടവിശ്വാസികളെ വിശ്വസിക്കരുതെന്ന് പറഞ്ഞത്. കപട വിശ്വാസികൾക്ക് "മുനാഫിക്കുകൾ' എന്നാണ് നബി കൊടുത്ത വിശേഷണം. ഈ രൂപത്തിലുള്ള ഗവർണർമാർ ഭാവിയിൽ ജന്മം കൊള്ളുമെന്ന് മനസ്സിലാക്കിക്കൊണ്ട് നബി പറഞ്ഞതാണോ എന്ന് തോന്നിപ്പോകുകയാണ്.
കണ്ണൂർ ജില്ലയിലെ ഒരു സ്ഥലത്തുപോലും സിപിഐ എമ്മോ എസ്എഫ്ഐയോ ഒരാളെയും ചുട്ടുകൊന്നിട്ടില്ല. ചുട്ടുകൊന്നതിന്റെ ചരിത്രം കോൺഗ്രസിനും ആർഎസ്എസിനുമുള്ളതാണ്. ചീമേനി സംഭവം 1987ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് ഉണ്ടായത്. വോട്ടെടുപ്പിനുശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പോയിരുന്ന് പ്രവർത്തകർ പ്രാഥമിക കണക്കുകൾ പരിശോധിക്കുമ്പോഴാണ് കോൺഗ്രസുകാർ ഓഫീസ് വളഞ്ഞ്, ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ പെട്രോളൊഴിച്ച് തീയിട്ട് അഞ്ച് സിപിഐ എം പ്രവർത്തകരെ ചുട്ടുകൊന്നത്. ഗവർണർക്ക് അത് ഓർമയില്ലാഞ്ഞിട്ടാണോ. അന്ന് അദ്ദേഹം ഏതു പാർടിയിലായിരുന്നു പ്രവർത്തിച്ചതെന്നറിയില്ല. പാർടികൾ പലത് മാറിയാലും രാജ്യത്തെ പ്രധാന രാഷ്ട്രീയസംഭവങ്ങൾ മറക്കാമോ.

എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി സ. കെ വി സുധീഷിനെ 1994ലെ റിപ്പബ്ലിക് ദിനത്തിൽ പുലർച്ചെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ടാണ് കൈകാലുകൾ വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. 1989 ചണ്ഡീഗഢ്‌ പാർടി കോൺഗ്രസ് കഴിഞ്ഞ് ട്രെയിനിൽ തിരിച്ചുവരും വഴിയാണ് ഇ പി ജയരാജനെ ആർഎസ്എസിന്റെ ഗുണ്ടകളെ ഉപയോഗിച്ച് തോക്കു കൊടുത്ത് കൊലപ്പെടുത്താൻ കോൺഗ്രസ് നേതാവ് ശ്രമിച്ചത്. ജീവൻ രക്ഷപ്പെട്ടെങ്കിലും ആ ആക്രമണത്തിന്റെ ശാരീരിക വേദന ഇന്നും അനുഭവിച്ചാണ് ഇ പി ജയരാജൻ ജീവിക്കുന്നത്. 1999 ആഗസ്‌ത്‌ 25ന് തിരുവോണ നാളിലാണ് പി ജയരാജനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കിയത്. ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജൻ ഇന്നും കേരളീയ സമൂഹത്തിൽ സജീവമായുണ്ട്. പാട്യത്തെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവർത്തകർക്കു നേരെ ആർഎസ്എസുകാർ ബോംബെറിഞ്ഞ ഘട്ടത്തിലാണ് ഒരു ബോംബ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന അഷ്‌ന എന്ന നാലുവയസ്സുകാരിയുടെ മുന്നിൽ പൊട്ടിയത്. മാരകമായി പരിക്കേറ്റ അഷ്‌നയുടെ ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നു. അഷ്‌ന ഇപ്പോൾ ഒരു ഡോക്ടറാണ്. കണ്ണൂരിലെ സേവറി ഹോട്ടലിൽ കോൺഗ്രസുകാർ നടത്തിയ ബോംബേറിലാണ് ഭക്ഷണം വിളമ്പിക്കൊണ്ടുനിന്ന നാണു എന്ന ഹോട്ടൽ തൊഴിലാളി കൊല്ലപ്പെട്ടത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പാത്രങ്ങളിൽ ശരീരഭാഗങ്ങൾ തെറിച്ചുവീണു. ആക്രമണത്തിന് അന്ന് നേതൃത്വം കൊടുത്ത കെ സുധാകരന്റെ ഡ്രൈവർ പ്രശാന്ത് ബാബു ഇത് ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി. സുധാകരന്റെ ഗൺമാനാണ് നാൽപാടി വാസു എന്ന പാവം മനുഷ്യനെ വെടിവച്ചുകൊന്നത്. അതിനുശേഷം മട്ടന്നൂർ വന്ന കെ സുധാകരൻ, ഒരാളെ വെടിവച്ചിട്ടുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. 1972ൽ ആണ് തലശേരി കലാപത്തിന് ആർഎസ്എസ് നേതൃത്വം നൽകിയത്. അന്ന് പള്ളിക്ക് കാവലിരുന്ന യു കെ കുഞ്ഞിരാമൻ എന്ന സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. മതന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലും സിപിഐ എം ആണെന്നതുകൊണ്ടാണ് യു കെ കുഞ്ഞിരാമൻ കൊല ചെയ്യപ്പെട്ടത്. 1972നു ശേഷം 215 സഖാക്കളാണ് കണ്ണൂർ ജില്ലയിൽ ആർഎസ്എസിന്റെ ആക്രമണത്തിൽമാത്രം കൊല്ലപ്പെട്ടത്. തലശേരി കലാപം അടിച്ചമർത്തുന്നതിൽ ശക്തമായ നേതൃത്വം നൽകിയ ആളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി.

1979 ഏപ്രിൽ ആറിനാണ് ബീഡി കമ്പനികൾക്കു നേരെ സംഘടിതമായി ആർഎസ്എസുകാർ ആക്രമണം നടത്തിയത്. കമ്യൂണിസ്റ്റ് പാർടിയുടെ നഴ്സറിയാണ് ബീഡി കമ്പനികളെന്നാണ് ആർഎസ്എസ് നേതൃത്വം വിലയിരുത്തിയത്. അങ്ങനെയാണ് ഒരേ ദിവസം കണ്ണൂർ ജില്ലയിലാകെയും പ്രത്യേകിച്ച് തലശേരിയിലും ആർഎസ്എസ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് ചമ്പാട് യു പി ദാമു, കോടിയേരിയിലെ കെ വി ബാലൻ എന്നിവർ കൊല്ലപ്പെട്ടത്. ഗണേഷ് ബീഡി കമ്പനിയിൽ മാന്യമായ കൂലിക്കുവേണ്ടി തൊഴിലാളികൾ നടത്തിയ പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലാണ് ആർഎസ്എസുകാരനായ ബീഡി കമ്പനി ഉടമ കണ്ണൂർ വിട്ട് മംഗളൂരുവിലേക്ക് പോയത്. അങ്ങനെ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാനാണ് ഇ എം എസ് സർക്കാരിന്റെ നേതൃത്വത്തിൽ കേരള ദിനേശ് ബീഡി ആരംഭിച്ചത്. പിന്നീട് കേരള ദിനേശ് ബീഡി കമ്പനിക്കു നേരെയും ആക്രമണങ്ങൾ നടന്നു. അടിയന്തരാവസ്ഥക്കാലത്ത് വലിയ ആക്രമണങ്ങളുണ്ടായി.

ഗവർണർ വിശേഷിപ്പിച്ച രീതിയിലുള്ള ആക്രമണങ്ങളുടെ ഇരകളായിരുന്നു സിപിഐ എം, എസ്എഫ്ഐ പ്രവർത്തകർ. അദ്ദേഹം പറയുന്നതുപോലെ മനുഷ്യരെ തീയിട്ട് ചുട്ടുകൊന്ന സംഭവം സിപിഐ എമ്മോ എസ്എഫ്ഐയോ നടത്തിയതിന്റെ ഒരൊറ്റ ഉദാഹരണംപോലും ആർഎസ്എസിനോ കോൺഗ്രസിനോ ചൂണ്ടിക്കാട്ടാൻ കഴിയില്ല. നിരന്തരം ആക്രമണങ്ങൾക്ക് ഇരയായ ഒരു പാർടിക്കെതിരെ ഗവർണർ നടത്തുന്ന ജൽപ്പനങ്ങൾ അക്ഷരാർഥത്തിൽ അതിരുവിട്ടതാണ്. 1970ൽ എസ്എഫ്ഐ രൂപീകൃതമായതിനുശേഷം 34 സഖാക്കളാണ് കൊല ചെയ്യപ്പെട്ടത്. എസ്എഫ്ഐയുടെ വളർച്ചയുടെ പ്രധാനപ്പെട്ട ഒരു കാരണം വിദ്യാഭ്യാസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ശക്തമായ സമരങ്ങളാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നൽകിയ സംഘടന സ്വാഭാവികമായും വിദ്യാർഥികളുടെ മനസ്സിൽ കെടാത്ത ഒരു ദീപമാണ്. ആർഎസ്എസുകാരും എബിവിപിക്കാരും കോൺഗ്രസുകാരും എത്ര കൗമാരക്കാരെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐ പ്രവർത്തകനെ ആക്രമിക്കാനെത്തിയ ആർഎസ്എസ് സംഘം അച്ഛൻ നാരായണൻ നായരെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്തി. ഈ ആക്രമണത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് ക്രിമിനലിന്റെ ഭാര്യയെ കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത് അദ്ദേഹത്തിന്റെ പ്രസ്താവനയുമായി ചേർത്തുവായിക്കാവുന്നതാണ്. ഇതൊക്കെ ചെയ്ത ഒരു ഗവർണർക്ക് എങ്ങനെയാണ് ആളുകളെ ചുട്ടുകൊല്ലുന്നത് സിപിഐ എമ്മുകാരും എസ്എഫ്ഐക്കാരുമാണെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ നാവുപൊന്തുന്നത്.

വിദ്യാർഥികളുടെ ഹൃദയത്തിലും ജനമനസ്സിലും സ്ഥാനം പിടിച്ച ഒരു വിദ്യാർഥി സംഘടന ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഗവർണർക്കെതിരെ കരിങ്കൊടി കാട്ടുകയെന്നത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. ആ പ്രതികരണം ഒരു വ്യക്തിക്കെതിരായതല്ല. അങ്ങനെയുള്ള ഒരു സംഘടനയിലെ കുട്ടികളെ, അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ പ്രായമുള്ള കുട്ടികളെ തെമ്മാടികളെന്നും ക്രിമിനലുകളെന്നും വിളിക്കുന്ന ഗവർണർ ഇങ്ങനെയൊരു പ്രസ്താവനയും പ്രയോഗവും നടത്തിയതിൽ അത്ഭുതമില്ല. കേരളത്തിന്റെ പൊതുസമൂഹം ഇത് തിരിച്ചറിയുമെന്ന് ഗവർണർ മനസ്സിലാക്കണം. ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആക്രമണത്തിന്റെയും ഭീഷണിയുടെയും മുന്നിൽ തലകുനിക്കാത്ത നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് ഗവർണർ ആരാധിക്കുന്ന ആർഎസ്എസിന്റെ പ്രധാന നേതാവും എംപിയും 10 കോടി രൂപ പിണറായിയുടെ തലയ്ക്ക് വില പറഞ്ഞത്. ആ തല എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് ജനങ്ങൾക്കറിയാം. ഇങ്ങനെയുള്ള ഏതെങ്കിലുമൊരു പരീക്ഷണത്തിനോ അനുഭവത്തിനോ ഗവർണർക്ക് ഇരയാകേണ്ടിവന്നിട്ടില്ല. ഉള്ള അനുഭവമെന്നത്, പല രാഷ്ട്രീയ പാർടികളിൽ മാറിമാറി ചേക്കേറി അവസാനം ബിജെപിയിൽ എത്തി ഗവർണറായി എന്നത് മാത്രമാണല്ലോ. അതുകൊണ്ടാണ് ഒരു കപട വിശ്വാസിയെ സൂക്ഷിക്കണമെന്ന് ഖുർആനിൽ പറഞ്ഞത് അന്വർഥമാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.