Skip to main content

ഹിന്ദുത്വ രാഷ്ട്രീയത്തെ താലോലിക്കുന്ന കോൺഗ്രസ് നയത്തോട് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ്‌ ഘടകകക്ഷികളുടെ നയമെന്താണ് ?

ഈ വർഷം 18-ാം ലോക്‌സഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിൽനിന്നാണ് തുടക്കമാകുന്നത്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് ഈ മാസം 22ന്‌ ആണ് നടക്കുന്നത്. ഇതിനെ ഒരു രാഷ്ട്രീയ ചടങ്ങാക്കി മാറ്റി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കാഹളം മുഴക്കുകയാണ് ബിജെപിയും പ്രധാനമന്ത്രിയും. അയോധ്യയിൽ ക്ഷേത്രം നിർമിക്കാൻ ട്രസ്റ്റിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എന്നാൽ, ക്ഷേത്രനിർമാണത്തിന് കല്ലിട്ടതും ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കുന്നതും മോദിയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമാണ് ചടങ്ങിൽ സംസാരിക്കുന്ന മറ്റു രണ്ടു പേർ. സാധാരണ നിലയിൽ ക്ഷേത്രങ്ങൾ ഉദ്ഘാടനം ചെയ്യുന്നത് ഇങ്ങനെയല്ല എന്ന ചർച്ച സന്യാസി സമൂഹത്തിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്. ക്ഷേത്രനിർമാണം പൂർത്തിയാകുന്നതിനുമുമ്പ് ഉദ്ഘാടനം നിർവഹിക്കുന്നതിനെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ ചോദ്യം ചെയ്തിട്ടുണ്ട്. രാമനവമി ദിനത്തിലാണ് ശ്രീരാമക്ഷേത്രം തുറന്നുകൊടുക്കാൻ പറ്റിയ ദിവസം എന്നാണ് അവിമുക്തേശ്വരാനന്ദ സ്വാമികളുടെ അഭിപ്രായം.

ഇതിൽനിന്ന്‌ ഒരു കാര്യം വ്യക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പണി പൂർത്തിയാകാൻപോലും കാത്തുനിൽക്കാത രാമക്ഷേത്രം തുറന്നുകൊടുക്കുന്നത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അമിത് ഷാ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സൗജന്യ രാമക്ഷേത്ര ദർശനം സാധ്യമാക്കുമെന്നാണ്. ഓരോ ലോക്‌സഭാ മണ്ഡലത്തിൽനിന്നും 5000 പേരെ അയോധ്യയിലെത്തിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 23 മുതൽ മൂന്നു മാസത്തിനകം രണ്ടര കോടി ആളുകളെ അയോധ്യയിലെത്തിക്കാനാണ് നീക്കം. കേരളത്തിലേക്കുള്ളത് ഉൾപ്പെടെയുള്ളവ റദ്ദാക്കി 1000 ട്രെയിനാണ് അയോധ്യയിലേക്ക് ആളുകളെ എത്തിക്കാൻ സർക്കാർ ഉപയോഗിക്കുന്നത്. അഞ്ചു ലക്ഷം ക്ഷേത്രങ്ങളിൽ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങ് ലൈവായി പ്രദർശിപ്പിക്കാനും എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും ദീപം തെളിക്കാനും സംഘപരിവാർ പദ്ധതിയിട്ടിട്ടുണ്ട്. ഇതെല്ലാം വിരൽ ചൂണ്ടുന്നത് രാമക്ഷേത്രനിർമാണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടിയാക്കി മാറ്റുകയാണ് ആർഎസ്‌എസും ബിജെപിയുമെന്നാണ്. ദളിത് വോട്ട് ബാങ്കിൽ കണ്ണുനട്ടാണ് അയോധ്യയിലെ വിമാനത്താവളത്തിന് വാല്‌മീകിയുടെ പേരു നൽകിയതെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. വിമാനത്താവളത്തിന്റെയും മോടികൂട്ടി പേരുമാറ്റിയ റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി അയോധ്യയിൽ റോഡ് ഷോ കൂടി നടത്തിയതോടെ ലക്ഷ്യം തെരഞ്ഞെടുപ്പ് തന്നെയാണെന്ന് എല്ലാവർക്കും ബോധ്യമായി.

മതനിരപേക്ഷ ഭരണഘടനയുള്ള രാജ്യത്താണ് അടിസ്ഥാനതത്വങ്ങളെ കാറ്റിൽ പറത്തി മതപരമായ ചടങ്ങിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്നത്. അത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് സിപിഐ എം തീരുമാനിച്ചത്. മതപരമായ ചടങ്ങിലേക്ക് ക്ഷണിച്ച് മതനിരപേക്ഷ കക്ഷികളെയും ആശയക്കുഴപ്പത്തിലാക്കുകയെന്ന സംഘപരിവാർ കെണിയിൽ വീഴാൻ സിപിഐ എം തയ്യാറല്ല. അതിനാലാണ് ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും പോകേണ്ടതില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തീരുമാനിച്ചത്. ഇതിനർഥം മതവിശ്വാസങ്ങൾക്ക് സിപിഐ എം എതിരാണെന്നല്ല. വിശ്വാസങ്ങളെ മാനിക്കുക എന്നതാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിത നയം. "മതനിരപേക്ഷതയുടെ തത്വങ്ങൾ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താൻ നമ്മുടെ പാർടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളിൽനിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നു കാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഓരോ സമുദായത്തിലുംപെട്ടവർക്ക് വിശ്വസിക്കുന്നതിനും അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങൾ ചെയ്യാനും ഒരു അനുഷ്ഠാനത്തിലും ഏർപ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിർവഹണപരവുമായ ജീവിതത്തിൽ മതം ഏതു രൂപത്തിലും തള്ളിക്കയറുന്നതിനെതിരെയും പാർടി പോരാടണം.' (സിപിഐ എം പാർടി പരിപാടി അധ്യായം 5 ഖണ്ഡിക 8 ). ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് മോദി സർക്കാർ അയോധ്യയിൽ നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും അതിനാൽ അതിൽ ഭാഗഭാക്കാകാൻ കഴിയില്ലെന്നും സിപിഐ എം വ്യക്തമാക്കിയത്.

ബിജെപി മുന്നോട്ടുവയ്‌ക്കുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനാഗ്രഹിക്കുന്ന കക്ഷികൾക്ക് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാനേ കഴിയൂ. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം എടുക്കാനാകാതെ കുഴങ്ങുന്ന കോൺഗ്രസിനെയാണ് നമുക്ക് കാണാനാകുന്നത്. സോണിയ ഗാന്ധിയും ഖാർഗെയും ഉൾപ്പെടെ മൂന്നു കോൺഗ്രസ് നേതാക്കൾക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനം ഇത് എഴുതുന്നതുവരെയും പുറത്തുവന്നിട്ടില്ല. എന്നാൽ, പങ്കെടുക്കുന്നതിന് അനുകൂലമാണ് സോണിയ ഗാന്ധിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പ്രതികരിച്ചു. രാമക്ഷേത്ര നിർമാണത്തിന് വെള്ളി ഇഷ്ടികകൾ നൽകിയ കമൽനാഥും പങ്കെടുക്കുന്നതിന് അനുകൂലമാണ്. കോൺഗ്രസിനെ ക്ഷണിച്ചതിൽ നന്ദി പ്രകാശിപ്പിക്കാൻ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും തയ്യാറായി.

നന്ദി പ്രകടിപ്പിക്കാൻ എന്തുകൊണ്ടും അർഹതയുള്ള പാർടിയാണ് കോൺഗ്രസ്. നേരത്തേ കമൽനാഥ് അവകാശപ്പെട്ടതുപോലെ കോൺഗ്രസിന്റെ സഹായമില്ലായിരുന്നുവെങ്കിൽ രാമക്ഷേത്രം ഒരിക്കലും ഉയരില്ലായിരുന്നു. 1949 ഡിസംബർ 22ന് അഭിരാംദാസ് ബാബ്റി മസ്ജിദിൽ രാമവിഗ്രഹം സ്ഥാപിച്ചപ്പോൾ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണം നടത്തുന്നത് കോൺഗ്രസായിരുന്നു. 1986 ഫെബ്രുവരി ഒന്നിന് പള്ളിയുടെ ഗേറ്റുകൾ തുറന്ന് രാമവിഗ്രഹത്തിൽ പ്രാർഥന നടത്താൻ ഹിന്ദുക്കളെ അനുവദിച്ചത് രാജീവ്ഗാന്ധി സർക്കാരായിരുന്നു. 1989 നവംബർ ഒന്നിന് ബാബ്റി ഭൂമിയിൽ ശിലാന്യാസ് നടത്താൻ അനുമതി നൽകിയതും രാജീവ്ഗാന്ധി സർക്കാർതന്നെ. 1992 ഡിസംബർ ആറിന് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്‌ നരസിംഹറാവു പ്രധാനമന്ത്രി പദത്തിലിരുന്നപ്പോഴായിരുന്നു. അതിനാൽ ക്ഷണത്തിന് നന്ദി പ്രകടിപ്പിക്കാനുള്ള അവകാശം കോൺഗ്രസിനുണ്ട്. നെഹ്റുവിനുശേഷം കോൺഗ്രസ് കൈക്കൊണ്ടുവരുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗംതന്നെയാണ് ഈ പ്രതികരണങ്ങൾ.

മതനിരപേക്ഷ പാരമ്പര്യത്തിന്റെ ആണിക്കല്ല് തകർത്തുകൊണ്ടാണ് ബാബ്റി മസ്ജിദ് പൊളിച്ചത്‌. ആ പള്ളി തകർത്തിടത്താണ് കോടതി വിധിയുടെ ബലത്തിൽ രാമക്ഷേത്രം ഉയരുന്നത്. അതിന്റെ ഉദ്ഘാടനമാകട്ടെ ഒരു രാഷ്ട്രീയ ചടങ്ങായാണ് നടത്തുന്നത്. അത്തരമൊരു ചടങ്ങിനുള്ള ക്ഷണത്തെ അനുകൂലമായി കാണാൻ ഒരു മതനിരപേക്ഷ കക്ഷിക്കും കഴിയില്ല. എന്നിട്ടും ചടങ്ങിൽ പങ്കെടുക്കാൻ മത്സരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. ഉദ്ഘാടനത്തിന് വിളിച്ചില്ലെങ്കിലും പോകുമെന്നാണ് ഹിന്ദി മേഖലയിൽ കോൺഗ്രസിന് ഭരണമുള്ള ഏക സംസ്ഥാനമായ ഹിമാചൽപ്രദേശിലെ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറയുന്നത്. കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കഴിഞ്ഞാഴ്ച നാഗ്പുരിൽ നടത്തിയ റാലിയിൽ മുഖ്യപ്രാസംഗികനായ രാഹുൽ ഗാന്ധി അയോധ്യ വിഷയത്തെക്കുറിച്ച് സംസാരിക്കാതെ ഒഴിഞ്ഞു മാറിയത് ആ പാർടിയുടെ പ്രത്യയശാസ്ത്ര പാപ്പരത്തമാണ് വെളിവാക്കുന്നത്.

കോൺഗ്രസിന്റെ ഈ മൃദുഹിന്ദുത്വ ധാരയ്‌ക്കൊപ്പമാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും. ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കെപിസിസിയുടെ നയമെന്ന് കെ മുരളീധരൻ ഒരു വേള പറഞ്ഞെങ്കിലും അത്തരമൊരു നിലപാട് എടുത്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തിരുത്തി. ചടങ്ങിൽ പങ്കെടുക്കുന്നതിന് അനുകൂലമായിരുന്നു മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാകട്ടെ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ എന്ന നയം സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിൽ കുഴപ്പമില്ലെന്ന സന്ദേശമാണ് പൊതുവെ കെപിസിസി നൽകുന്നത്.

എന്നാൽ, വി എം സുധീരൻ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിനെതിരെ പരസ്യമായി രംഗത്തു വന്നു. ചടങ്ങിൽ പങ്കെടുക്കുന്നത് മതനിരപേക്ഷ മൂല്യങ്ങളിൽ വെള്ളം ചേർക്കലാണെന്ന് തുറന്നടിച്ച സുധീരൻ ക്ഷണം ലഭിച്ചപ്പോൾത്തന്നെ നിരസിക്കണമായിരുന്നു എന്ന അഭിപ്രായവും പ്രകടിപ്പിച്ചു. മൃദുഹിന്ദുത്വം സ്വീകരിച്ചിടത്തെല്ലാം (ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌) പരാജയപ്പെട്ടുവെന്ന് സുധീരൻ നേതൃത്വത്തെ ഓർമപ്പെടുത്തുകയും ചെയ്തു. സുധീരന്റെ ഈ നിലപാടിനെ പിന്തുണയ്‌ക്കാൻ കോൺഗ്രസിൽ അധികമാരും ഉണ്ടായില്ലെന്നത് സംസ്ഥാനത്തിലെ കോൺഗ്രസ് മൃദുഹിന്ദുത്വ പാതയിലൂടെയാണ് ചരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. മറ്റൊർഥത്തിൽ പറഞ്ഞാൽ കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. സമീപകാലത്ത് ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയത് ഇതാണ് സൂചിപ്പിക്കുന്നത്. രാമക്ഷേത്ര വിഷയത്തിൽ വ്യക്തമായ തീരുമാനം എടുക്കാത്ത രാഷ്ട്രീയ പാപ്പരത്തം കോൺഗ്രസിനെ ബിജെപി പാളയത്തിലെത്തിക്കുമെന്നതിൽ സംശയമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുമായുള്ള പതിവ് വോട്ടുകച്ചവടം സുഗമമാക്കാനാണ് ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ഈ കീഴടങ്ങൽ. 1950കളിൽ നെഹ്റു നൽകിയ മുന്നറിയിപ്പ് ഇപ്പോഴും പ്രസക്തമാണ്. ""വർഗീയതയുടെ വിഷയത്തിൽ ഒരിഞ്ചിന് കീഴടങ്ങിയാൽ ഛിദ്രശക്തികൾ കയറി കളിക്കും.'' കോൺഗ്രസിന്റെ നിലപാട് ഇല്ലായ്മ അതിനാണ് അവസരം നൽകുന്നത്.

ഹിന്ദുത്വ രാഷ്ട്രീയത്തെ താലോലിക്കുന്ന കോൺഗ്രസിന്റെ ഈ നയത്തോട് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ്‌ ഘടകകക്ഷികളുടെ നയമെന്താണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാമക്ഷേത്ര ഉദ്ഘാടനം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് മുസ്ലിംലീഗ് അഭിപ്രായപ്പെടുമ്പോഴും ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കണമോയെന്ന കാര്യം അവർതന്നെ തീരുമാനിക്കട്ടെ എന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. പങ്കെടുക്കരുതെന്ന് പറയാനുള്ള ആർജവം മുസ്ലിംലീഗും പ്രകടിപ്പിക്കുന്നില്ല. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിനൊപ്പം നിൽക്കുന്ന നയമായേ ഇതിനെ കാണാൻ കഴിയൂ.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.