കിഫ്ബിയിൽ വീണ്ടും സമൻസ് അയച്ചതിലൂടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സമയവും സൗകര്യവും നോക്കി നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകും. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയ സ്ഥാപനമായ കിഫ്ബിയെ തകർക്കലാണ് അവരുടെ ലക്ഷ്യം.
അന്വേഷണ എജൻസി ഒരു കാര്യം ചോദിക്കുന്നതിന് മറുപടി നൽകുന്നതിൽ അഭിമാനപ്രശ്നം ഒന്നും ഇല്ല. എന്നാൽ ആദ്യം അയച്ച ആ നോട്ടീസിൽ അവർക്ക് നമ്മേകുറിച്ചുള്ള എല്ലാവിവരവും അറിയണം. അത് എന്തിന് എന്ന് അറിയണ്ടേ? പൗരന്റെ സ്വകാര്യത എന്നതുണ്ടല്ലോ. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. കോടതി പറഞ്ഞതും ഇങ്ങനെ വട്ടം ചുറ്റിയുള്ള അന്വേഷണം വേണ്ടെന്നാണ്. അന്വേഷണം മസാല ബോണ്ട് സംബന്ധിച്ചാണെന്ന് ഒന്നരവർഷത്തിന് ശേഷമാണെന്ന് ഇഡി മറുപടി പറയുന്നത്. മസാല ബോണ്ടിന്റെ അധികാരി റിസർവ് ബാങ്ക് ആണ്. അതേകുറിച്ച് റിസർവ് ബാങ്ക് കോടതിയിൽ മറുപടി കൊടുത്തിട്ടുള്ളതുമാണ്.
പ്രതിപക്ഷത്തെ ഒതുക്കാനുള്ള മോദിയുടെ രാഷ്രടീയ നീക്കത്തിന്റെ ഭാഗമാണ് ഇന്ന് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ഇഡി കേസുകൾ. കേരളത്തിലെ കോൺഗ്രസുകാർക്ക് മാത്രമാണ് ആ ബോധമില്ലാത്തത്. തിരഞ്ഞെടുപ്പിൽ തുത്തുവാരാൻ പോകുകയാണെന്ന് പറയുമെങ്കിൽ മോദിക്ക് ഉള്ളിൽ വലിയ ഭയമാണെന്നും അങ്ങിനെ വിറളി പിടിച്ചാണ് പ്രതിയോഗികൾക്കെതിരെ അന്വേഷണ എജൻസികളെ ഉപയോഗിക്കുന്നത്.