Skip to main content

വി ഡി സതീശന്റെ സമീപനം ജനവിരുദ്ധവും കേരള വിരുദ്ധവും, കോടതിയിൽ നിന്ന് കിട്ടിയത് തിരിച്ചറിവുണ്ടാകാനുള്ള തിരിച്ചടി

കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇൻ്ററസ്റ്റാണോ പബ്ലിസിറ്റി ഇൻ്ററസ്റ്റാണോ എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചതായി ഇന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കാണാൻ സാധിച്ചു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ചോദ്യമുന്നയിക്കുന്നതിന് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2019ലെ ഒരു കരാറിന്മേൽ 4 വർഷം കഴിഞ്ഞ് ഒരു ഹർജിയുമായി വന്നത് എന്തുകൊണ്ടാണെന്നും എന്താണ് തെളിവുള്ളത് എന്നുമൊക്കെയുള്ള ചോദ്യങ്ങൾക്ക് സിഎജി റിപ്പോർട്ട് വന്നാൽ തെളിവ് സമർപ്പിക്കാമെന്ന ബാലിശമായ ഉത്തരമാണ് പ്രതിപക്ഷ നേതാവ് നൽകിയത്. യാതൊരു തെളിവുമില്ലാതെ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും ഈ ഘട്ടത്തിൽ കോടതി തയ്യാറായില്ല. എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ പോലും കോടതി തയ്യാറായില്ല എന്നത് പ്രതിപക്ഷ നേതാവിനേറ്റ കനത്ത തിരിച്ചടിയാണ്.

പ്രതിപക്ഷ നേതാവിൻ്റെ ചെയ്തികളിൽ നിന്ന് കണ്മുന്നിൽ ഒരു തെളിവുമില്ലാതെ കേരളത്തിൻ്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെ തകർക്കാൻ അദ്ദേഹം ശ്രമിക്കുകയാണ് എന്നല്ലേ മലയാളികൾ മനസിലാക്കേണ്ടത്? 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി തകർക്കാൻ ശ്രമിച്ചുകൊണ്ട് അങ്ങേയറ്റം ജനവിരുദ്ധവും കേരള വിരുദ്ധവുമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനൊപ്പം കെ-ഫോൺ പദ്ധതിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത കെൽട്രോണിനെ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനും പ്രതിപക്ഷ നേതാവ് ഹർജിയിലൂടെ ശ്രമിക്കുകയുണ്ടായി. ചാന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലുൾപ്പെടെ പങ്കെടുത്ത് കേരളത്തിൻ്റെ അഭിമാനമായി നിലകൊള്ളുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഇകഴ്ത്തിക്കാണിക്കാൻ അദ്ദേഹം എന്തിനാണ് ശ്രമിക്കുന്നത്? ഇന്നത്തെ കോടതി പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് ഈ നാടിനോട് മാപ്പ് പറയുകയാണ് വേണ്ടത്.

ഇത് ഒറ്റപ്പെട്ട സംഭവമായി നമുക്ക് കാണാൻ സാധിക്കുകയില്ല. കേരളത്തിലെ എല്ലാ വികസന പദ്ധതികൾക്കുമെതിരെ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. എഐ ക്യാമറയുടെ കാര്യത്തിലും ഇക്കാര്യം നമ്മൾ കണ്ടതാണ്. പദ്ധതി നടപ്പിലാക്കാനേ അനുവദിക്കില്ല എന്ന നിലപാടിൽ നിന്ന് പദ്ധതിക്കെതിരല്ല നടപ്പിലാക്കുന്ന രീതിയോടാണ് വിയോജിപ്പ് എന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയിരുന്നു. ഹൈക്കോടതി വരെ പ്രശംസിച്ച ഈ പദ്ധതിയോട് ഇന്ന് അദ്ദേഹത്തിൻ്റെ നിലപാടെന്താണ്? വയനാടിലെ ജനങ്ങൾക്ക് ഏറെ സഹായകമാകുന്ന, നവകേരള സദസിലുൾപ്പെടെ ജനങ്ങൾ ആവശ്യപ്പെട്ട തുരങ്കപാത നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ നിലപാടും ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്. ഇങ്ങനെ കേരളത്തിലെ വികസന കാര്യങ്ങളിലെല്ലാം പിന്തിരിപ്പൻ സമീപനം കൈക്കൊള്ളുന്ന അദ്ദേഹത്തിന് തിരിച്ചറിവുണ്ടാകാനുള്ള തിരിച്ചടിയാണ് ഇന്ന് കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. പബ്ലിക്ക് ഇൻ്ററസ്റ്റാണ് മുഖ്യമെന്നും പബ്ലിസിറ്റി ഇൻ്ററസ്റ്റല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കുമ്പോൾ വികസന കാര്യങ്ങളിൽ കേരളത്തിനും സർക്കാരിനുമൊപ്പം നിൽക്കാൻ ഇനിയെങ്കിലും അദ്ദേഹം തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.