Skip to main content

സംസ്ഥാന വിഭവ വിന്യാസത്തെ അട്ടിമറിക്കാൻ മോദി ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

പ്രധാനമന്ത്രി മോദിയെപ്പോലൊരു കബളിപ്പിക്കലുകാരനെ കണ്ടെത്താൻ പ്രയാസമാണ്. 2013-ൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് വൈ.വി. റെഡ്ഡി അധ്യക്ഷനായി 14-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത്. അക്കാലത്ത് മോദിയുടെ മുദ്രാവാക്യം കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങൾക്കു നീക്കിവയ്ക്കണമെന്നായിരുന്നു. അതിനുവേണ്ടി വലിയ പ്രചാരണവും നടത്തി. 14-ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചപ്പോഴേക്കും ഭരണം മാറി, മോദി പ്രധാനമന്ത്രിയായി.

ധനകാര്യ കമ്മീഷൻ 50% തന്നില്ലെങ്കിലും 42% നികുതി വിഹിതം സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. നിലവിലുണ്ടായിരുന്ന 32 ശതമാനത്തേക്കാൾ ഗണ്യമായ വർദ്ധനയായിരുന്നു. 50 ശതമാനത്തിനുവേണ്ടി വാദിച്ചിരുന്ന പ്രധാനമന്ത്രി മോദി ധനകാര്യ കമ്മീഷൻ ചെയർമാനെ വിളിച്ച് റിപ്പോർട്ട് തിരുത്തിക്കാൻ ശ്രമിച്ചു. പഴയ 32-ലേക്കു തിരിച്ചു പോകണമെന്നായിരുന്നു ആവശ്യം. രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല.

റിപ്പോർട്ട് സമർപ്പിച്ചാൽ പിന്നെ രണ്ട് മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ സ്വീകരിക്കുക അല്ലെങ്കിൽ തള്ളുക. അല്ലറചില്ലറ നിർദ്ദേശങ്ങൾ സംബന്ധിച്ചല്ലാതെ മുഖ്യനിർദ്ദേശങ്ങളൊന്നും ഇന്നേവരെ തിരുത്തപ്പെട്ടിട്ടില്ല. വൈ.വി. റെഡ്ഡി വഴങ്ങിയില്ല.

പ്രധാനമന്ത്രിയായി മോദി തെരഞ്ഞെടുക്കപ്പെട്ട 2014-ൽ ആദ്യ ബജറ്റിനു മുമ്പ് നടന്ന ഈ സംഭവം ഇപ്പോഴാണു പുറത്തുവന്നത്. നീതി ആയോഗിന്റെ സിഇഒ ആയിരുന്ന ബിവിആർ സുബ്രഹ്മണ്യൻ ആണ് സെന്റർ ഫോർ സോഷ്യൽ ഇക്കണോമിക് പ്രോഗ്രസിന്റെ ഒരു സെമിനാർ ചർച്ചയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ഈ സംഘടനയുടെ വെബ് സൈറ്റിൽ വന്നു. 500 പേർ കണ്ടു. അപ്പോഴേക്കും അത് അപ്രത്യക്ഷമായി. അൽജസീറ ടെലിവിഷനാണ് ഇതിപ്പോൾ വാർത്തയാക്കിയത്.

മോദിയും വൈ.വി. റെഡ്ഡിയും തമ്മിൽ തന്റെ സാന്നിദ്ധ്യത്തിൽ ഇതു സംബന്ധിച്ച് രണ്ട് മണിക്കൂർ ചർച്ച നടത്തിയെന്നാണ് സുബ്രഹ്മണ്യൻ പറഞ്ഞത്. മുൻ റിസർവ്വ് ബാങ്ക് ഗവർണർ ആയിരുന്ന വൈ.വി. റെഡ്ഡി ഒരിഞ്ചുപോലും വഴങ്ങാൻ തയ്യാറല്ലായിരുന്നു. അദ്ദേഹം സുബ്രഹ്മണ്യത്തോടു ഇങ്ങനെ പറഞ്ഞു - “സഹോദരാ ബോസിനോടു പറഞ്ഞേക്കൂ, അദ്ദേഹത്തിനു മുന്നിൽ വേറെ മാർഗ്ഗമൊന്നുമില്ലെന്ന്.” റിപ്പോർട്ട് അംഗീകരിക്കാം അല്ലെങ്കിൽ തള്ളാം. തിരുത്തിക്കാൻ നോക്കണ്ട.

താഴ്ന്ന തോതിൽ സംസ്ഥാനങ്ങൾക്കു പണം നൽകിയാൽ മതിയെന്ന അനുമാനത്തിൽ തയ്യാറാക്കിയ ബജറ്റ് ദൃതിപിടിച്ച് ആകെ പൊളിച്ചു പണിയേണ്ടി വന്നു. ചില ആനുകൂല്യ പ്രഖ്യാപനങ്ങൾ വേണ്ടെന്നു വച്ചു. എന്നിട്ടു മോദി പാർലമെന്റിൽ വർദ്ധനയുടെ ക്രെഡിറ്റ് എടുക്കാൻ പ്രസംഗവും നടത്തി. ആ പ്രസംഗത്തിൽ പാർലമെന്റിൽ ഒട്ടേറെ ചിരി ഉയർത്തിയ ഒരു പ്രയോഗമുണ്ടായിരുന്നു: “ചില സംസ്ഥാനങ്ങൾക്ക് ഇത്രയുമധികം പണം സൂക്ഷിക്കാൻ വലുപ്പമുള്ള ട്രഷറി ഉണ്ടാവില്ല.”

പിന്നെ മോദിയുടെ പ്രവർത്തനം മുഴുവൻ എങ്ങനെ വർദ്ധിച്ച വിഹിതത്തിനു തുരങ്കം വയ്ക്കാം എന്നുള്ളതായിരുന്നു. നികുതി വർദ്ധപ്പിക്കുന്നതിനു പകരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വർദ്ധിപ്പിച്ച് അദ്ദേഹം വിഭവസമാഹരണം നടത്തി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം 25 ശതമാനത്തിൽ നിന്ന് 40 ശതമാനമാക്കി ഉയർത്തി. ചിലവ 60 ശതമാനവും. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ യഥാർത്ഥത്തിൽ സംസ്ഥാനങ്ങൾക്കു കിട്ടുന്നത് പഴയ 32% തുക മാത്രമാണ്.

ഇതുകൊണ്ടും മോദിയുടെ ശൗര്യം അടങ്ങിയില്ല. 15-ാം ധനകാര്യ കമ്മീഷനെ നിയമിച്ചത് അദ്ദേഹത്തിന്റെ സർക്കാരായിരുന്നു. അതിന്റെ പരിഗണനാ വിഷയങ്ങളിൽ ആദ്യം ആവശ്യപ്പെട്ട കാര്യം കേന്ദ്ര സർക്കാരിന്റെ ചെലവുകൾകൂടി പരിഗണിച്ച് മുൻ ധനകാര്യ കമ്മീഷന്റെ 42% ധനവിന്യാസം പുനരവലോകനം ചെയ്യണമെന്നതായിരുന്നു. ആദ്യമായിട്ടാണ് ഒരു ധനകാര്യ കമ്മീഷനോട് മുൻ ധനകാര്യ കമ്മീഷന്റെ തീർപ്പ് പുനരവലോകനം ചെയ്യാൻ ആവശ്യപ്പെടുന്നത്. എന്നു മാത്രമല്ല, ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ അവകാശമായിട്ടുള്ള റവന്യു കമ്മി ഗ്രാന്റ് നിർത്തലാക്കാൻ കഴിയില്ലേയെന്നു പരിശോധിക്കാനും ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങളെല്ലാം ഈ നീക്കത്തെ എതിർത്തു. കേരളം അഖിലേന്ത്യാതലത്തിൽ നാല് സെമിനാറുകൾ ഈ നീക്കത്തിനെതിരെ നടത്തി. കോവിഡും വന്നു. ആ ഒരു സാഹചര്യത്തിൽ സംസ്ഥാന വിഭവ വിന്യാസത്തെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കാൻ 15-ാം ധനകാര്യ കമ്മീഷനു സാധിക്കാത്ത അവസ്ഥയായി. കോവിഡ് കാലത്ത് ചെലവ് നിയന്ത്രിക്കുന്ന യാഥാസ്ഥിതിക സമീപനം ഒരാൾക്കും ഉയർത്തിപ്പിടിക്കാൻ കഴിയുമായിരുന്നില്ല. ചിലപ്പോൾ ഞാൻ തമാശയ്ക്കു പറയാറുണ്ട് കോവിഡ് സംസ്ഥാനങ്ങളെ രക്ഷിച്ചു.
 

കൂടുതൽ ലേഖനങ്ങൾ

പുതിയ ജിഎസ്‌ടി നിരക്ക്; കേരളത്തിന്‌ നഷ്‌ടം 10,000 കോടി

സ. കെ എൻ ബാലഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായി പ്രഖ്യാപിച്ച പുതിയ ജിഎസ്ടി നിരക്കുകൾ നിലവിൽ വരുന്നതോടെ കേരളത്തിന് വർഷം എണ്ണായിരം കോടി രൂപ മുതൽ പതിനായിരം കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകും. ജിഎസ്ട‌ി നിരക്കുകൾ കുറച്ചതിൽ തെറ്റില്ല.

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു

സ. കെ എൻ ബാലഗോപാൽ

നവജാത ശിശു മരണനിരക്കിൽ അമേരിക്കയെയും കേരളം പിന്നിലാക്കിയിരിക്കുന്നു. അമേരിക്കയിലെ ശിശു മരണനിരക്ക് 5.6 ആണെങ്കിൽ കേരളത്തിലത് 5 ആണ്. ഇന്ത്യയിലെ ശരാശരി 25 ഉം ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ശിശു മരണനിരക്ക് 37 മാണ്.

നിർണായക സന്ദർഭങ്ങളിലെല്ലാം ബി ജെ പിക്ക് ആയുധം കൊടുക്കുന്നത് വെറും രാഷ്ട്രീയ അവിവേകം മാത്രമാണോ?

സ. എം ബി രാജേഷ്

രാജ്യം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് ബിഹാറിൽ നടക്കുകയാണ്. എല്ലാ കുത്സിത തന്ത്രങ്ങളും പയറ്റിയിട്ടും ബി ജെ പിയാകെ അടിപതറി, അങ്കലാപ്പിലാണ്. ഇന്ത്യാ സഖ്യം ബിഹാറിനെ ഇളക്കിമറിച്ച പ്രചാരണത്തിലൂടെ ആത്മവിശ്വാസത്തിൻ്റെ നെറുകയിലും.

ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.