ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തെ വഴിതിരിച്ചുവിട്ടവരിൽ വി ഐ ലെനിൻ എന്ന വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവിനോളം പ്രാധാന്യമുള്ള മറ്റൊരാളെ നമുക്ക് കാണാനാകില്ല. മഹാത്മാഗാന്ധിയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറും ചെ ഗുവേരയും നെൽസൺ മണ്ടേലയും മൗസേ ദൊങ്ങും ഉൾപ്പെടെ, ആ കാലത്തിന്റെ ഗതി നിർണയിച്ച വലിയ മനുഷ്യർക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം ജന്മം നൽകിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ലോകഗതിയുടെ ചരിത്രം അവർ നിർമിച്ച പുതിയ ലോകത്തിന്റെ ചരിത്രംകൂടിയാണ്. എങ്കിലും വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവ് എന്ന പേര് ഇതിനു മുകളിൽ ശിരസ്സുയർത്തി നിൽക്കും. മനുഷ്യവംശം അതിന്റെ ഭാഗധേയത്തെ പുതുക്കിപ്പണിയുന്നതിന്റെ ഏറ്റവും വലിയ അടയാളവും ആദർശവുമായി അത് ഉയർന്നുപാറുന്നു. പുതിയലോകം, പുതിയ ആകാശം എന്ന ചിരന്തന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് മനുഷ്യവംശം നടന്നടുത്ത ഏറ്റവും വലിയ വഴികളിലൊന്നിന്റെ പേരായിരുന്നു അത്. വി ഐ ലെനിൻ!