അഗാധമായ മാനവികതയാലും ലളിതമായ ജീവിതത്താലും നിസ്വരായ മനുഷ്യരോടുള്ള കരുതലാലും പ്രചോദിതമായിരുന്നു സഖാവ് ലെനിന്റെ ജീവിതം. വിനീതമായ സമർപ്പണബോധത്തിന്റെ എക്കാലത്തെയും വലിയ മാതൃകയായും വിപ്ലവപരമായ രാഷ്ട്രീയജാഗ്രതയുടെ നിതാന്ത സ്മാരകമായും ലെനിൻ മാറി. ലെനിൻ വിടവാങ്ങിയതിന്റെ പിറ്റേന്ന് റഷ്യൻ കമ്യൂണിസ്റ്റ് പാർടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നതുപോലെ, ‘മാർക്സിനുശേഷം തൊഴിലാളിവർഗത്തിന്റെ വിമോചനചരിത്രത്തിൽ അവരുടെ നേതാവായും സുഹൃത്തായും സഖാവായും നിലകൊണ്ട, ഇത്രമേൽ ഇതിഹാസമാനമുള്ള മറ്റൊരാളും ഉണ്ടായിട്ടില്ല.'