ഇന്ന് സഖാവ് ലെനിന്റെ നൂറാം ചരമ വാർഷിക ദിനം. ലോകത്തെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്. താൻ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാലത്തെ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് മഹാഭൂരിപക്ഷംവരുന്ന വർഗ്ഗത്തിന്റെ വിമോചനത്തിന് നേതൃത്വം നൽകി എന്നത് ചരിത്ര സംഭവമാണ്. ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക് പാർടി സോവിയറ്റ് യൂണിയനെ സമത്വ സുന്ദരമായ കാലത്തേക്ക് നയിക്കാൻ ശ്രമിച്ചു. സ്ത്രീകൾക്ക് വോട്ടവകാശം മാത്രമല്ല അധികാരത്തിന്റെ പങ്കാളിത്തവും നൽകി. അക്കാലത്ത് അമേരിക്കയിലും ബ്രിട്ടനിലും വരെ സ്ത്രികൾക്ക് വോട്ടവകാശമില്ലായിരുന്നു. എല്ലാവർക്കും താമസവും, ഭക്ഷണവും, ആരോഗ്യവും, വിദ്യാഭ്യാസവും, തൊഴിലും ഉറപ്പുവരുത്തുന്ന കേന്ദ്രീകൃത ആസൂത്രവും ലെനിന്റെ സംഭാവനയാണ്.
റഷ്യയിലെ സിംബിർസ്കിൽ 1870 ഏപ്രിൽ 22ന് ഒരു യാഥാസ്ഥിക കുടുംബത്തിൽ ജനിച്ച അദ്ദേഹം മൂത്ത ജേഷ്ഠന്റെ സ്വാധീനത്താൽ ചെറുപ്പം മുതലേ കാൾ മാർക്സിന്റെ ആശയങ്ങളോട് അടുപ്പം പുലർത്തിയിരുന്നു. കസാൻ സർവ്വകലാശാലയിലെ പഠനകാലത്ത് മാർക്സിസത്തിലേക്ക് തിരിഞ്ഞ ലെനിൻ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. നിയമപഠനം പൂർത്തിയാക്കി അഭിഭാഷക ജോലിയിൽ പ്രവേശിച്ച സഖാവ് ലെനിൻ അക്കാലത്ത് ജർമൻ, ഗ്രീക്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നേടി. റഷ്യയിലെ ജനവിരുദ്ധ സാർ ഭരണത്തിനെതിരായ പോരാട്ടങ്ങളിൽ ലെനിൻ അണിചേർന്നു. 1895ൽ ലെനിനെ അറസ്റ്റ്ചെയ്ത്, ഒരു വർഷത്തേയ്ക്ക് സൈബീരിയയിലെ ഷൂഷെൻസ്കോയെ എന്ന സ്ഥലത്തേയ്ക്ക് നാടുകടത്തി. റഷ്യയിൽ നിയമനടപടികൾ ശക്തമായതോടെ അദ്ദേഹം ഇടക്കാലത്ത് സ്വിറ്റ്സർലൻഡിലും ജർമ്മനിയിലുമായി താമസിച്ചു. 1906ൽ ബോൾഷെവിക് പാർടിയുടെ നേതൃസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സാർ ഭരണത്തെ അട്ടിമറിച്ച് തൊഴിലാളി വർഗ്ഗ ഭരണകൂടം സ്ഥാപിക്കാൻ വേണ്ടി വിശ്രമമില്ലാതെ പൊരുതി. 1918ൽ തുടങ്ങിയ പോരാട്ടം 1920 അവസാനത്തോടെ വിജയത്തിലെത്തിക്കാൻ ലെനിന്റെ നേതൃത്വത്തിലുള്ള ചെമ്പടയ്ക്ക് സാധിച്ചു. ലെനിന്റെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ സർക്കാർ ലോകത്തെ അമ്പരപ്പിച്ച നടപടികളാണ് തുടർന്ന് സ്വീകരിച്ചത്. സ്വകാര്യ സ്വത്തവകാശം റദ്ദാക്കി, കൃഷിഭൂമി കർഷകർക്ക് വിട്ടു കൊടുത്തു. ഫാക്ടറികളിൽ തൊഴിലാളികൾക്കു നിയന്ത്രണം നൽകി. തുടർന്നുള്ള 20 വർഷങ്ങൾക്കിടയിൽ കേവലം ഒരു പിന്നാക്കരാജ്യമായിരുന്ന റഷ്യ സമസ്ത മേഖലകളിലും ലോകത്തെ ഒന്നാം നമ്പർ ശക്തിയായി വളർന്ന് വന്നത് അത്ഭുതത്തോടെയാണ് ലോകം നോക്കി കണ്ടത്. ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ മുതലാളിത്തരാജ്യങ്ങള്‍ 200ഉം 300ഉം കൊല്ലംകൊണ്ട് നേടിയ പുരോഗതി സോവിയറ്റ് യൂണിയന്‍ 1928 മുതല്‍ 1940 വരെയുള്ള ഒരു പന്തീരാണ്ട് കാലം കൊണ്ട് കൈവരിച്ചു. വിപ്ലവാനന്തരം സാമ്പത്തികമായ വികസനം മാത്രമല്ല, ശാസ്ത്ര സാങ്കേതിക മേഖലകളിലും സൈനിക മേഖലയിലും രാജ്യം ഉയർന്നുവന്നു. ഇതോടൊപ്പം സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള കാര്യങ്ങളും ലെനിൻ്റെ നേതൃത്വത്തിലുള്ള വിപ്ലവാനന്തര ഭരണകൂടം സോവിയറ്റ് യൂണിയനിൽ നടപ്പിലാക്കിയിരുന്നു. സോവിയറ്റ് വിപ്ലവം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സൃഷ്ടിച്ച ചലനം ഇനിയും നിലച്ചിട്ടില്ല.
കാൾ മാർക്സിനു ശേഷം കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനു കൂടുതൽ വികാസം പ്രാപിക്കുന്നത് ലെനിന്റെ കടന്നു വരവോടെയാണ്. പ്രസിദ്ധീകരിക്കപ്പെട്ട മാർക്സിന്റെ എല്ലാ രചനകളും ഗവേഷണ ത്വരയോടെ വായിക്കുകയും കയ്യെഴുത്തു പ്രതികളിൽ പലതും കണ്ടെത്തി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതും ലെനിനാണ്. സമൂഹത്തിന്റെ സമൂല മാറ്റം ലക്ഷ്യമാക്കി തൊഴിലാളികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർടി കെട്ടിപ്പടുക്കുന്നതും അതിന്റെ പ്രവർത്തന രീതിയും വികസിപ്പിച്ചതും ലെനിനാണ്. റഷ്യയിൽ തൊഴിലാളിവർഗ പാർടി കെട്ടിപ്പടുക്കുകയും മുതലാളിത്തത്തിന്റെ ശൈശവകാലം പിന്നിട്ടില്ലാത്ത കാർഷിക രാജ്യത്ത് നൂറ്റാണ്ടുകൾ നിലനിന്ന സാർ ഭരണം അവസാനിപ്പിച്ച് ഒരു തൊഴിലാളിവർഗ ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ലോകമാസകലം വിമോചന പോരാട്ടങ്ങൾക്ക് മാർഗദർശിയായി. എല്ലാ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർടികൾ രൂപീകരിച്ചത് ലെനിനിസ്റ്റ് സംഘടനാതത്വം ഉൾകൊണ്ടുകൊണ്ടാണ്. ചൈനയിലും വിയറ്റ്നാമിലും ക്യൂബയിലും ഉൾപ്പെടെ ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾ വിജയം വരിച്ചത് ലെനിന്റെ മാർഗം പിന്തുടർന്നാണ്.
എല്ലാവരും എല്ലാവർക്കും വേണ്ടി ജീവിക്കുന്ന സമത്വ സുന്ദര ലോകമുണ്ടെന്ന് മർദ്ദിത ജനതയ്ക്ക് പരിചയപ്പെടുത്താൻ, സാമ്രാജ്യത്വ-മുതലാളിത്തത്തിനെതിരെ ബദൽ സാധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സോവിയറ്റ് യൂണിയന് സാധിച്ചു. തൊഴിലാളിവർഗ്ഗം ലോകമാകെ നടത്തുന്ന വിമോചന പോരാട്ടങ്ങൾക്കും ഇടതുപക്ഷ മുന്നേറ്റങ്ങൾക്കും കരുത്തും ആവേശവും ദിശാബോധവും നൽകിയ മഹാനായ നേതാവായിരുന്നു വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ് എന്ന സഖാവ് ലെനിൻ. സഖാവ് ലെനിൻ്റെ ഓർമകൾ ലോകത്താകമാനമുള്ള മര്‍ദ്ദിത വിഭാഗങ്ങളുടെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ എല്ലാകാലത്തും പ്രചോദനമാവുകതന്നെ ചെയ്യും.