ഇന്ത്യയുടെ 75–ാം റിപബ്ലിക് ദിനമാണ് ഈ വർഷം നമ്മൾ ആഘോഷിക്കുന്നത്. രാജ്യത്ത് ഒരു ഭരണഘടന നിലവിൽ വന്നിട്ട് മുക്കാൽ നൂറ്റാണ്ടു പൂർത്തിയാവുകയാണ്. ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമാണ്.
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ് നമ്മുടെ സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയത്. അതിന്റെ ഫലമായി ഉയർന്നുവന്നതാണ് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ സവിശേഷത. നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽപെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം.
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യൻ റിപബ്ലിക്കിനെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവും ഫെഡറൽ വ്യവസ്ഥയുമൊക്കെ ഉണ്ടാകുന്നത് ദേശീയ സ്വാതന്ത്ര്യ സമരപ്രസ്‌ഥാനം പകർന്നുനൽകിയ മൂല്യങ്ങളിൽ നിന്നുമാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവനം ചെയ്തുകൊണ്ടാണ് ഇന്ത്യ ഭരണഘടനയ്ക്ക് രൂപം നൽകിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്‌ഥാനശിലയായ ഭരണഘടന അതിന്റെ ആമുഖത്തിൽ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്‍പം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നു.
എന്നാൽ, ഭരണഘടനയുടെ അടിസ്‌ഥാനശിലകൾ തകർക്കാനുള്ള കടന്നുകയറ്റങ്ങൾ വ്യത്യസ്ത തലങ്ങളിൽ ഉണ്ടാവുകയാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾവരെ നിഷേധിക്കപ്പെടുകയാണ്. സമ്പദ്ഘടനയുടെ കൂറ്റൻ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുകയാണ്.
രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വര മൂല്യങ്ങളും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമങ്ങൾ നടക്കുന്ന വേളയിലാണ് എഴുപത്തിയഞ്ചാം റിപബ്ലിക് ദിനം കടന്നുവരുന്നത്.
വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി സംഘപരിവാർ അവരുടെ രാഷ്ട്രീയലക്ഷ്യങ്ങൾ രാജ്യത്താകെ നടപ്പാക്കുകയാണ്. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്ന നിലപാടുൾപ്പെടെ സ്വീകരിക്കുകയുണ്ടായി. രാജ്യത്തെ ഫെഡറൽ മൂല്യങ്ങളിൽ വെള്ളം ചേർത്ത് സംസ്‌ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ആസൂത്രിത ശ്രമങ്ങളും നടക്കുന്നു.
ഭരണഘടന സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്നു. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്കെതിരായാണ് ഇത്തരം ആക്രമണം കൂടുതലായും നടക്കുന്നത്.
രാജ്യത്തിന്റെ വൈവിധ്യത്തെ ഇല്ലാതാക്കാനും നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ അരങ്ങേറുന്നുണ്ട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യത്തെ ആ നിലയ്ക്കാണ് കാണേണ്ടത്. ഫെഡറൽ സംവിധാനത്തിന് തുരങ്കംവെച്ച് കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള സംഘപരിവാർ അജൻഡയാണ് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം.
തങ്ങൾക്ക് ഹിതകരമല്ലാത്ത സംസ്‌ഥാന സർക്കാരുകളെ അസ്‌ഥിരപ്പെടുത്തി കുറുക്കുവഴിയിലൂടെ സംസ്‌ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇന്ത്യൻ പാർലമെന്ററി സംവിധാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായ രാജ്യസഭയുടെ പ്രസക്തിയെത്തന്നെ സംഘപരിവാർ ഇതിലൂടെ ചോദ്യംചെയ്യുകയാണ്.
വ്യത്യസ്ത ഘട്ടങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കക്ഷി നിലകളാണ് രാജ്യസഭയിലെ പ്രാതിനിധ്യത്തെ നിരന്തരം പുതുക്കുന്നത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരേ സമയം നടക്കുന്നതുവഴി രാജ്യസഭയുടെ രാഷ്ട്രീയ വൈവിധ്യ സ്വഭാവം ഇല്ലാതാകുകയാണ് ചെയ്യുക.
ഭരണഘടനാമൂല്യങ്ങളെ കാറ്റിൽ പറത്തി പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ വൈവിധ്യ സ്വഭാവത്തെ ഇല്ലാതാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ജനാധിപത്യ രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിനെതന്നെ ചോദ്യംചെയ്യുന്ന ഇത്തരം ഇടപെടലുകൾ എല്ലാ അർത്ഥത്തിലും എതിർക്കപ്പെടേണ്ടതുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിനെ മുൻനിർത്തി പൗരത്വ ഭേദഗതി വിഷയത്തെ വീണ്ടും പൊടിതട്ടിയെടുക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്നുവേണം പുറത്തുവരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ. പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമാക്കാനുള്ള തിടുക്കപ്പെട്ട നീക്കങ്ങളും പൗരത്വ ഭേദഗതി ചട്ടങ്ങൾ തയ്യാറാക്കാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് 2024 മാർച്ച് 30നകം പൂർത്തിയാകുമെന്നും ഏത് വിധേനയും പൗരത്വ നിയമം നടപ്പിലാക്കുമെന്നും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഈയിടെ പ്രസംഗിച്ചത് വാർത്തയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തെ സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജൻഡയുടെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ. പാക്കിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിനുമുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽപെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ഈ നിയമം മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുന്നതിനാൽ ഭരണഘടനാ മൂല്യങ്ങൾക്കെതിരാണ്. ഇസ്ലാം മതവിശ്വാസികൾക്കുമാത്രം പൗരത്വം നിഷേധിക്കുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.
ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ സ്വഭാവം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നെതിർക്കേണ്ടതുണ്ട്. ഇന്ത്യൻ റിപബ്ലിക്കിന്റെ ആണിക്കല്ലായ ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വമാണ് നമ്മൾ ഈ ഘട്ടത്തിൽ ഏറ്റെടുക്കേണ്ടത്. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നാം സജ്ജരാണ് എന്ന പ്രഖ്യാപനമാവണം റിപബ്ലിക് ദിനത്തിന്റേത്.