Skip to main content

അന്താരാഷ്ട്രതലത്തിലും അഖിലേന്ത്യ തലത്തിലും നിരവധി അംഗീകാരങ്ങൾ നേടുന്നതുൾപ്പെടെയുള്ള വസ്തുതകളെ അവഗണിക്കുകയും കേരള വിരുദ്ധ നുണകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ തുറന്നുകാണിക്കേണ്ടത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി മലയാളിയുടെ ഉത്തരവാദിത്വമാണ്

കാഞ്ഞിരപ്പള്ളിയിൽ ശശി തരൂർ നടത്തിയ പ്രസംഗം മാധ്യമങ്ങളിൽ വായിക്കുകയുണ്ടായി. രാജ്യത്ത് കർഷക ആത്മഹത്യകൾ നിരവധി നടക്കുന്നുണ്ടെങ്കിലും വ്യവസായികൾ ആത്മഹത്യ ചെയ്ത ഏക സ്ഥലം കേരളമാണെന്ന് ശശി തരൂർ എംപി പറഞ്ഞതായാണ് വാർത്ത. കേരള വിരുദ്ധതയുടെ ഭാഗമായി ഇങ്ങനെ പല പ്രചാരവേലകളും കാണാറുണ്ടെങ്കിലും ശശി തരൂരിനെപ്പോലൊരാൾ പറയുമ്പോൾ വസ്തുതയാണെന്ന് പൊതുവെ ആളുകൾ കരുതിയെന്നു വരും. കഫേ കോഫിഡേയുടെ ഉടമ സിദ്ധാർഥിന്റെ ആത്മഹത്യ ശശി തരൂർ അറിയാതെ പോയിട്ടുണ്ടാകും. അല്ലെങ്കിൽ ഒറ്റപ്പെട്ടതായി കണക്കാക്കിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ നോക്കി. 2022ലെ വിവരങ്ങളിൽ ആത്മഹത്യ ചെയ്ത ബിസിനസുകാരുടെ എണ്ണത്തിൽ സിദ്ധാർഥിന്റെ സംസ്ഥാനമായ കർണാടകംതന്നെയാണ് മുമ്പിലുള്ളത്. 2538 ബിസിനസുകാരാണ് അവിടെ ആത്മഹത്യ ചെയ്തത്. ഇന്ത്യയിലെ മൊത്തം വ്യവസായ ആത്മഹത്യയുടെ 20.35 ശതമാനമാണിത്. 1702 പേർ ആത്മഹത്യ ചെയ്ത മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്തുള്ളത്. 1437 പേർ ആത്മഹത്യ ചെയ്ത തമിഴ്നാട് മൂന്നാമതും 837 പേർ ആത്മഹത്യ ചെയ്ത പശ്ചിമ ബംഗാൾ നാലാം സ്ഥാനത്തും 807 പേർ ആത്മഹത്യ ചെയ്ത മധ്യപ്രദേശ് അഞ്ചാം സ്ഥാനത്തുമാണ്. വസ്തുതയുമായി പുലബന്ധംപോലുമില്ലാത്ത കാര്യമാണ് അദ്ദേഹം പ്രസംഗിച്ചതെന്ന് വ്യക്തം.

ഇത്തരത്തിൽ നട്ടാൽ മുളയ്ക്കാത്ത നിരവധി നുണകളാണ് കേരള വിരുദ്ധതയുടെ ഭാഗമായി പ്രചരിപ്പിക്കുന്നത്. കേരളത്തിൽമാത്രം ഒരു വ്യവസായവും നടത്താൻ തൊഴിലാളി സംഘടനകൾ അനുവദിക്കില്ലെന്നുള്ള പ്രചാരണവും ശക്തം. എന്നാൽ, ആക്രമണം നേരിട്ട വ്യവസായങ്ങളുടെ കാര്യത്തിലും കേരളമല്ല പ്രധാന പ്രതിപ്പട്ടികയിലുള്ളത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണം നടന്നത് കർണാടകത്തിലെ ഐ ഫോൺ ഫാക്ടറിയിലാണ്. ശമ്പളം ലഭിക്കാത്ത തൊഴിലാളികളുടെ ആക്രമണത്തിൽ 437 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഹരിയാനയിലെ മാരുതി ഫാക്ടറിയിൽ നടന്ന തൊഴിലാളി പ്രക്ഷോഭത്തിൽ എച്ച്ആർ ജനറൽ മാനേജർ കൊല്ലപ്പെട്ടു. രണ്ടു ജപ്പാൻകാർ ഉൾപ്പെടെ നൂറോളം ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കുപറ്റി. അതുപോലെതന്നെ ആന്ധ്രയിലെ എപി റയോൺസിൽ നടന്ന വെടിവയ്‌പിൽ ഡെപ്യൂട്ടി ജനറൽ മാനേജർ കൊല്ലപ്പെടുകയും മറ്റൊരു ഓഫീസർക്ക് ഗുരുതരമായ പരിക്ക്‌ പറ്റുകയും ചെയ്തു. സമാനമായ ഒരു സംഭവവും ആര്‌ ഭരിച്ചാലും കേരളത്തിൽ അടുത്ത കാലത്തൊന്നും നടന്നിട്ടേയില്ല. എന്നാൽ, കേരള വിരുദ്ധ പ്രചാരവേല നിർമിച്ചിട്ടുള്ള പ്രതീതി വ്യത്യസ്തമാണ്.
ഇതിന്റെ തുടർച്ചയായി കേരളത്തിൽ പെട്ടിക്കടയും ബാർബർ ഷോപ്പും മാത്രമേയുള്ളൂവെന്നും മറ്റൊരു വ്യവസായവും കേരളത്തിലില്ലെന്നും പ്രചരിപ്പിക്കുന്നു. എന്നാൽ, വസ്തുതയെന്താണ്? ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് കമ്പനിയും ഐടി പാർക്കും ആരംഭിച്ചത് കേരളത്തിലാണ്. ലോകത്തിന്റെ സുഗന്ധവ്യഞ്ജന സംസ്കരണത്തിന്റെ ഹബ്ബായിട്ടുള്ളത് കേരളമാണ്. 1000 കോടിയിലധികം വിറ്റുവരവുള്ള നിരവധി കമ്പനികൾ ഈ മേഖലയിലുണ്ട്. ഇന്ത്യയുടെ മെഡിക്കൽ ഉപകരണ നിർമാണത്തിന്റെ 20 ശതമാനവും സംഭാവന ചെയ്യുന്നത് കേരളത്തിലെ കമ്പനികളാണ്.

ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത് നിർമിച്ചത് കേരളത്തിലാണ്. തൊഴിൽ കുഴപ്പങ്ങൾമൂലം ഒന്നും നടക്കില്ലെന്ന് പ്രചരിപ്പിക്കുന്നിടത്താണ്‌, എല്ലാ ട്രേഡ് യൂണിയനുകളും സജീവമായി പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡിൽ ഒരു തൊഴിൽദിനംപോലും മുടങ്ങാതെ നിർമാണം നടന്നത്. അതുകൊണ്ടുകൂടിയാണ് ഇപ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതും. ഇതേപോലെ എല്ലാ ട്രേഡ് യൂണിയനുകളും ശക്തമായി പ്രവർത്തിക്കുന്ന ബിപിസിഎല്ലിൽ 37,000 കോടി രൂപയുടെ പദ്ധതി നിശ്ചയിച്ച സമയത്തിനുമുമ്പ് പൂർത്തീകരിക്കാൻ കഴിഞ്ഞതും അതിന്റെകൂടി ഫലമായി ഇപ്പോൾ 4600 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചതും.

സ്വകാര്യ മേഖലയിൽ ഒരു നിക്ഷേപവും വരുന്നില്ലെന്ന് പ്രചരിപ്പിക്കുമ്പോഴാണ് ദേശീയ എംഎസ്എംഇ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ സർവേ റിപ്പോർട്ടിൽ 2018–-19 മുതൽ 2022–-23 വരെയുള്ള കാലയളവിൽ 91,575 കോടി രൂപയുടെ നിക്ഷേപം വന്നെന്ന് വ്യക്തമാക്കിയത്. രാജ്യത്തിന്റെ 1.2 ശതമാനം ഭൂമിയും 2.8 ശതമാനം ജനസംഖ്യയും മാത്രമുള്ള കേരളം ജിഡിപിയുടെ നാല്‌ ശതമാനത്തിലധികം സംഭാവന ചെയ്യുന്നുണ്ട്. സംസ്ഥാന ബാങ്കേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഈ സാമ്പത്തിക വർഷം ഡിസംബർ 31 വരെ 81,000 കോടി രൂപയുടെ വായ്പയാണ് നൽകിയിട്ടുള്ളത്. കേരളത്തിലെ വ്യവസായമേഖലയിൽ 17.2 ശതമാനം വളർച്ചയും മാനുഫാക്ചറിങ് രംഗത്ത് 18.9 ശതമാനം വളർച്ചയും കൈവരിച്ചതും ചരിത്രനേട്ടമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 28–-ാം സ്ഥാനത്തുനിന്ന്‌ 15ലേക്ക് കേരളം ഉയരുകയും ചെയ്തു.

എന്നാൽ, പ്രതീതി നിർമാണക്കാർ ഈ വസ്തുതകളൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. ഈ വസ്തുത ആരെങ്കിലും പറയുന്നത് കേട്ടാൽ, എങ്കിൽപ്പിന്നെ കേരളംമാത്രം കടംവാങ്ങി മുടിയുന്നത് എന്തുകൊണ്ടെന്ന അടുത്ത ചോദ്യം ഉടൻ ഉയർത്തും. 2023– -24ലെ റിസർവ്‌ ബാങ്കിന്റെ സ്റ്റേറ്റ് ഫിനാൻസസ് എന്ന റിപ്പോർട്ടിന്റെ ഖണ്ഡിക 2.24 പ്രകാരം 2021–- 22ലെ സംസ്ഥാനങ്ങളുടെ ആകെ കടമായിരുന്ന 4.92 ലക്ഷം കോടി രൂപയിൽനിന്ന്‌ 2022–- 23ൽ 5.19 ലക്ഷം കോടി രൂപയായി വർധിച്ചത് പ്രധാനമായും ആറു സംസ്ഥാനം കാരണമാണ്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നിവയാണ് ആ സംസ്ഥാനങ്ങൾ. മൊത്തം കടത്തിന്റെ കാര്യത്തിലും കേരളം ഒമ്പതാം സ്ഥാനത്ത്‌ മാത്രമാണ്.

അപ്പോൾ മറ്റൊരു പ്രചാരണം തുടങ്ങും. മദ്യത്തിൽനിന്നല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത സംസ്ഥാനമാണന്ന കഥ ആധികാരികമെന്ന മട്ടിൽ അവതരിപ്പിക്കും. സംസ്ഥാനങ്ങളുടെ ആഭ്യന്തരവരുമാനത്തിൽ മദ്യനികുതിയുടെ ശതമാനത്തിൽ ആദ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയിലൊന്നും കേരളമില്ല. മദ്യത്തിനുള്ള ഉയർന്ന നികുതിയിലും കേരളം ആദ്യനിരയിലില്ല. കർണാടകം 83 ശതമാനം നികുതിയുമായി ഒന്നാം സ്ഥാനത്തും 73 ശതമാനം നികുതിയുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമാണെന്ന് ഇന്റർനാഷണൽ സ്പിരിറ്റ് ആൻഡ്‌ വൈൻസ് അസോസിയേഷൻ റിപ്പോർട്ടിനെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മലയാളികൾ പൊതുവെ മദ്യപാനികളാണെന്ന ധാരണയും

ആഘോഷങ്ങളിൽ വിറ്റ മദ്യത്തിന്റെ അളവ് അവതരിപ്പിച്ച് മാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കേരളത്തിലെ മദ്യ ഉപഭോഗം 19 ശതമാനമാണ്. തെലങ്കാനയിൽ 43.5 ശതമാനവും തമിഴ്‌നാട്ടിൽ 25.4 ശതമാനവും ഉത്തരാഖണ്ഡിൽ 34.7 ശതമാനവും ഹരിയാനയിൽ 31.9 ശതമാനവും അരുണാചലിൽ 52.6 ശതമാനവും ആന്ധ്രയിൽ 23.3 ശതമാനവും പഞ്ചാബിൽ 22.8 ശതമാനവുമാണ്. ഈ റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കിടയിൽ ഏറ്റവും കുറവ് മദ്യ ഉപഭോഗമുള്ള സംസ്ഥാനം കേരളമാണ്, കേവലം 5.2 ശതമാനം. പ്രതീതിയും യാഥാർഥ്യവും തമ്മിലുള്ള അന്തരം എത്ര വലുതാണ്‌.

റിസർവ്‌ ബാങ്ക് റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 44 ശതമാനം ജിഎസ്ടി വഴിയാണ്. ജിഎസ്ടിയിൽ 15 ശതമാനം വളർച്ചനിരക്ക് കൈവരിച്ചു. എന്നിട്ടും എന്തുകൊണ്ട് പ്രതിസന്ധി എന്നതിന്റെ മറുപടിയും കണക്കുകളിലുണ്ട്. മൊത്തം വരുമാനത്തിൽ സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം 78.7 ശതമാനമാണ്. യുപിയിൽ ഇത് 54ഉം മധ്യപ്രദേശിൽ 51ഉം ഒഡിഷയിൽ 53ഉം പശ്ചിമ ബംഗാളിൽ 54.2ഉം ബിഹാറിൽ 29.4 ശതമാനവുമാണ്. റിസർവ്‌ ബാങ്ക് റിപ്പോർട്ടിന്റെ അനുബന്ധം 1 പ്രകാരം 2021–-22ൽ 30,01,712.4 ലക്ഷം രൂപയായിരുന്നു കേരളത്തിനുള്ള കേന്ദ്ര ഗ്രാന്റ്‌ എങ്കിൽ 2022–-23ൽ അത് 25,94,054.3 ലക്ഷം രൂപയായി കുറഞ്ഞു. 2023–- 24ൽ കണക്കാക്കുന്നത് കേവലം 15,88,603 ലക്ഷം രൂപ മാത്രമാണ്.

കേരളത്തിൽനിന്നുമാത്രം വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നുവെന്ന പ്രചാരവേലയും ശക്തമാണ്. 2023ലെ ഇന്ത്യൻ സ്റ്റുഡന്റ്‌ മൊബിലിറ്റി റിപ്പോർട്ട് പ്രകാരം വിദേശത്തേക്ക് പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ പഞ്ചാബാണ് ഒന്നാം സ്ഥാനം. ആന്ധ്രയും തെലങ്കാനയും മഹാരാഷ്ട്രയും ഗുജറാത്തും ഡൽഹിയും തമിഴ്നാടും കർണാടകവുമെല്ലാം കഴിഞ്ഞാണ് കേരളത്തിന്റെ സ്ഥാനം.

അന്താരാഷ്ട്രതലത്തിലും അഖിലേന്ത്യ തലത്തിലും നിരവധി അംഗീകാരങ്ങൾ നേടുന്നതുൾപ്പെടെയുള്ള വസ്തുതകളെ അവഗണിക്കുകയും കേരള വിരുദ്ധ നുണകൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ തുറന്നുകാണിക്കേണ്ടത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.