Skip to main content

കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചത്

നമ്മുടെ ചരിത്രത്തിന്‍റെ വളവുതിരിവുകളാകെ പരിശോധിച്ചാൽ, കാലത്തിന്‍റെ പുരോഗതിയിൽ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ നിര്‍ണ്ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത് എന്നു കാണാം.

നാടിനു വഴികാട്ടുന്നതിൽ മുതൽ ബഹുജനാഭിപ്രായം രൂപീകരിക്കുന്നതിൽ വരെ അവര്‍ നിര്‍ണായക സ്വാധീന ശക്തിയായിരുന്നിട്ടുണ്ട്. നാടാകട്ടെ, എന്നും അവരുടെ അഭിപ്രായങ്ങള്‍ക്കു കാതോര്‍ത്തിട്ടുമുണ്ട്. കാരണം, അവര്‍ സ്വാര്‍ത്ഥതാ പര്യങ്ങളാലല്ല, സാമൂഹിക നന്മയുടെ താൽ പര്യങ്ങളാലാണു നയിക്കപ്പെടുന്നത് എന്നും അതുകൊണ്ടുതന്നെ അവര്‍ പറയുന്നതിൽ വസ്തുനിഷ്ഠമായ യാഥാർഥ്യങ്ങളുണ്ടെന്നും ജനങ്ങള്‍ കരുതുന്നു. നാട് കരുതുന്നു.
നാടിനെയും ജനങ്ങളെയും ആത്യന്തിക ശക്തിയായി കരുതുന്ന സംസ്ഥാന സര്‍ക്കാരും അതു തന്നെയാണു കരുതുന്നത്. ഭാവി കേരളം എങ്ങനെയാവണം എന്ന കാര്യം ഗൗരവപൂര്‍വ്വമുള്ള ആലോചനകള്‍ക്കു വിഷയമാവുമ്പോള്‍, ആദ്യം പരിഗണിക്കേണ്ടതു സാംസ്കാരിക രംഗത്തുള്ളവരുടെ അഭിപ്രായങ്ങളാണെന്നു സര്‍ക്കാര്‍ കരുതുന്നു. ആ ചിന്തയുടെ അടിസ്ഥാനത്തിലാണ് നിങ്ങളെല്ലാവരെയും ഇവിടേക്കു ക്ഷണിച്ചത്.
പലവിധ തിരക്കുകളുള്ളവരാണു നിങ്ങള്‍. സര്‍ഗ്ഗാത്മകമായ ചിന്തകളിൽ വ്യാപരിക്കുന്നവരാണു നിങ്ങള്‍. അതിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. എന്നിട്ടും ഈ ചടങ്ങിലേക്കു നിങ്ങള്‍ എത്തി. അത് കേരളത്തെക്കുറിച്ചുള്ള നിങ്ങളുടെ മനസ്സുകളിലെ കരുതൽ കൊണ്ടാണ്. ആ കരുതൽ എന്നും ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് സഹകരണത്തിന്‍റേതായ ഈ സന്മനോഭാവത്തിന് തുടക്കത്തിൽ തന്നെ നന്ദി പറയട്ടെ.

നവകേരള സദസ്സ് കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിക്കുന്ന വിധത്തിൽ വിജയകരമായി അടുത്ത കാലത്തു നടന്നത് നിങ്ങള്‍ക്കറിയാം. നിങ്ങളിൽ പലരെയും അന്നു കാണാന്‍ അവസരമുണ്ടായി. കേള്‍ക്കാന്‍ സന്ദര്‍ഭമുണ്ടായി. കൃത്യമായ ഒരു ഉദ്ദേശ്യത്തോടെയാണ് ആ സദസ്സു നടത്തിയത്. പുതിയ സഹസ്രാബ്ദ ഘട്ടത്തിനു ചേരുന്ന വിധത്തിൽ നമ്മുടെ കേരളത്തെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് ഉദ്ദേശം. വിജ്ഞാന സമ്പദ് ഘടന രൂപപ്പെടുത്തുക. അതിന്‍റെ അടിസ്ഥാനത്തിൽ ഒരു നവവിജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കുക. അങ്ങനെ ഒരു നവകേരളം രൂപപ്പെടുത്തുക.

ഉന്നതവിദ്യാഭ്യാസ രംഗത്തെ നവീകരിച്ചും നൈപുണ്യവികസനം സാധ്യമാക്കിയും കേരളത്തിലെ യുവാക്കളുടെ അറിവുകളെയും ശേഷികളെയും ലോകോത്തരമാക്കുകയാണ്. വിവിധ മേഖലകളിൽ മികവിന്‍റെ കേന്ദ്രങ്ങള്‍ ഒരുക്കിക്കൊണ്ട് കേരളത്തെ നൂതന ഗവേഷണങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ്. ഗവേഷണ കേന്ദ്രങ്ങളെയും വ്യവസായ സംരംഭങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് അറിവുകളെ ഉത്പന്നങ്ങളും സേവനങ്ങളുമാക്കി പരിവര്‍ത്തിപ്പിക്കുകയാണ്. അങ്ങനെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനാണ് ശ്രമിക്കുന്നത്. അങ്ങനെ ലഭ്യമാകുന്ന അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണത്തിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ്.
ഇതിനൊക്കെ അടിത്തറ ഒരുക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, ഗതാഗതം, സാങ്കേതികവിദ്യ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ ഒരുക്കുകയാണ്. അതേസമയം തന്നെ ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ അതിജീവന ശേഷിയുള്ളതും പ്രകൃതിസൗഹൃദവുമാക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഈ മുന്നേറ്റത്തിന്‍റെ പ്രയോജനം ലഭിക്കുന്നു എന്നുറപ്പുവരുത്താനായി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി സമന്വയിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അങ്ങനെ നവകേരളം സുസ്ഥിരവും ഉള്‍ച്ചേര്‍ക്കലിൽ അടിസ്ഥാനപ്പെട്ടതും ആണെന്ന് ഉറപ്പുവരുത്തുകയാണ്.
കാര്‍ഷിക വ്യാവസായിക രംഗങ്ങളിലെ വളര്‍ച്ചയുടെ അടിസ്ഥാനത്തിൽ കൈവരിക്കുന്ന സാമ്പത്തിക മുന്നേറ്റവും കേരളത്തിന്‍റെ മാതൃകാപരമായ സാമൂഹ്യക്ഷേമ ഇടപെടലുകളും മാത്രമായിരിക്കില്ല ഈ നവകേരളത്തിന്‍റെ സവിശേഷത. അതിനൂതന മേഖലകളിൽ ഉള്‍പ്പെടെ മാറ്റുരയ്ക്കാന്‍ കഴിയുന്ന നമ്മുടെ യുവാക്കളുടെ ഉന്നതമായ മാനവ വിഭവ ശേഷിയും ലോകത്താകമാനം ശ്രദ്ധിക്കപ്പെടുന്ന കേരളത്തിന്‍റെ കലാ-കായിക-സാംസ്കാരിക സംഭാവനകളും നവകേരളത്തിന്‍റെ സവിശേഷതകളായിരിക്കും. പുതിയ കാലത്തിന്‍റെ വെല്ലുവിളികളെ നേരിട്ട് ഇന്നത്തെയും ഭാവിയുടെയും തലമുറകളെ സുരക്ഷിതമാക്കാനുള്ള വഴിയാണത്.

ഇതു സര്‍ക്കാര്‍ മാത്രം വിചാരിച്ചാൽ സാധിക്കുന്നതല്ല. സമൂഹത്തെയാകെ ചലിപ്പിച്ചുകൊണ്ടേ സാധിക്കാനാവൂ. ഇവിടെയാണ് സാംസ്കാരിക രംഗത്ത്, അഭിപ്രായ രൂപീകരണ രംഗത്ത്, ബുദ്ധിജീവി സമൂഹത്തിന്‍റെ പങ്ക് പ്രധാനമാവുന്നത്. തുടക്കത്തിലേ പറഞ്ഞല്ലൊ, എല്ലാ ചരിത്ര ഘട്ടങ്ങളിലും പുരോഗതിയുടെ ചാലുകീറാന്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചവരാണു സാംസ്കാരിക നായകര്‍. ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഘട്ടമെടുത്താലും നവോത്ഥാന സമരത്തിന്‍റെ ഘട്ടമെടുത്താലും കീഴാള വിമോചനത്തിന്‍റെ ഘട്ടമെടുത്താലും തൊഴിലാളി മുന്നേറ്റത്തിന്‍റെ ഘട്ടമെടുത്താലും കാര്‍ഷിക മുന്നേറ്റത്തിന്‍റെ ഘട്ടമെടുത്താലും സാംസ്കാരികതയുടെ ഇടപെടൽ വളരെ സജീവമായിരുന്നതായി കാണാം.
മറ്റൊരു രൂപത്തിൽ പറഞ്ഞാൽ , സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള ഉ കണ്ഠകളിൽ നിന്നു മുഖം തിരിഞ്ഞുനിന്ന ചരിത്രമില്ല സാംസ്കാരിക നായകര്‍ക്ക്. സാമൂഹ്യോന്മുഖതയുടെ, മനുഷ്യോന്മുഖതയുടെ ഇടമുറിയാത്ത ചരിത്രമായിരുന്നിട്ടുണ്ട് അത് എന്നും. ഒറ്റപ്പെട്ട ചില അപവാദങ്ങള്‍ ഇതിനുണ്ടായേക്കാമെങ്കിലും.
എഴുത്തച്ഛന്‍ മുതൽ ക്കിങ്ങോട്ടെടുക്കാം.

ആ രാഷ്ട്രീയ - സാംസ്കാരിക സാഹോദര്യമാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റിയത്.
സമാനമായ ഇടപെടലുകള്‍ സാംസ്കാരിക രംഗത്തു നിന്നുണ്ടാവേണ്ട ഘട്ടമാണിതും. സംസ്കാരം എന്നതു നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ മേൽ പ്പുരയാവുന്നതേയുള്ളു. അതിനു തനിച്ചായി ഒരു നിലനിൽപ്പില്ല. അതങ്ങനെ നിലനിൽക്കണമെങ്കി ശക്തിയുള്ള അടിത്തറ വേണം. ആ അടിത്തറ ഭൗതിക ജീവിത സാഹചര്യത്തിന്‍റേതാണ്. അത് അതിഗുരുതരമായ ഭീഷണികള്‍ നേരിടുകയാണ്.
ചുവരുണ്ടെങ്കിലല്ലേ, ചിത്രമെഴുതാന്‍ പറ്റൂ. ചുവര്‍ തന്നെ തകര്‍ന്നാലോ? ഈ ചുവര്‍, നമ്മുടെ ജാതി - മത ഭേദഗങ്ങള്‍ക്കതീതമായ ഒരുമയുടേതാണ്. ആ ഒരുമ തകര്‍ന്നാലോ? കലയ്ക്കും കലാകാരനും നിലനിൽ ക്കണമെങ്കിൽ , എഴുത്തും എഴുത്തുകാരനും നിലനി ക്കണമെങ്കിൽ , ജനമനസ്സുകളുടെ ഐക്യത്തിന്‍റെ ചുവര്‍ ഇവിടെ നിലനിൽക്കണം. ഫാസിസം കടന്നു വന്നു കഴിഞ്ഞാൽ പിന്നെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല. അത് നാം ഓര്‍ക്കേണ്ടതാണ്.
സമ്പന്നവും സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമാണു നമ്മുടെ സാംസ്കാരിക ചരിത്രം. അത് ഏകശിലാ രൂപിയല്ല. അതിനെ ഏകശിലാരൂപിയാക്കിയാൽ അതിനടിയിൽ വൈവിധ്യമാകെ ഞെരിഞ്ഞമര്‍ന്നു പോകും. സംസ്കാരം സംസ്കാരമല്ലാതായിത്തീരും. അതാണു ഫാസിസം. വിശ്വാസത്തെ വര്‍ഗ്ഗീയതയായും വര്‍ഗ്ഗീയതയെ ഭീകരതയായും ഒക്കെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ ജനാധിപത്യം ഫാസിസത്തിലേക്കു വഴുതി വീഴുകയാണ്. ഒരു ഭാഷ, ഒരു സംസ്കാരം, ഒരു മതം, ഒരു ജീവിതക്രമം, ഒരേ ഭക്ഷണരീതി എന്നൊക്കെയുള്ള ഏകത്വത്തിന്‍റെ സംസ്കാരം അടിച്ചേൽപ്പിക്കുമ്പൊഴും സംഭവിക്കുന്നത് അതു തന്നെയാണ്.

ഫെഡറൽ ഘടനയെക്കുറിച്ചുള്ള നമ്മുടെ സംവാദങ്ങള്‍ സാമ്പത്തിക രംഗത്തു മാത്രമായി പരിമിതപ്പെടേണ്ട ഒന്നല്ല. സാംസ്കാരിക രംഗത്തും ഫെഡറൽ സ്പിരിറ്റ് പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനയുടെ സത്തയാണത്. ഭാഷാപരവും വിശ്വാസപരവും ജീവിതശൈലീപരവും ഒക്കെയായ വൈജാത്യത്തിന്‍റെ നിലനിൽ പ്പിന് ഗ്യാരന്‍റി നൽകുന്നുണ്ട് സാംസ്കാരിക രംഗത്തെ ഫെഡറലിസം. ആ ഫെഡറലിസത്തെ തകര്‍ത്ത് യൂണിറ്ററി സമ്പ്രദായം കൊണ്ടുവന്നാലോ? നമ്മുടെ സാംസ്കാരിക വൈജാത്യവും അതിന്‍റെ അടിസ്ഥാനത്തിലുള്ള കലാ-സാഹിത്യങ്ങളും ഒക്കെ അപകടപ്പെടും. അതുണ്ടായിക്കൂട. അതുകൊണ്ടുതന്നെ ഫെഡറൽ ഘടനയ്ക്കു വേണ്ടിയുള്ള പോരാട്ടം സാമ്പത്തിക രംഗത്തു മാത്രമല്ല, സാംസ്കാരിക രംഗത്തും നടക്കണം. അധിനിവേശത്തിന്‍റെ സംസ്കാരത്തെ ചെറുത്തുകൊണ്ടേ ഇതു സാധിക്കാനാവൂ.

നമുക്ക് എല്ലാ രംഗത്തും ഒരു മലയാളത്തനിമയുണ്ട്. ആ തനിമ നശിച്ചുപൊയ്ക്കൂട. അതു സംരക്ഷിക്കപ്പെടണം. ഐക്യ കേരളം നാം രൂപപ്പെടുത്തിയെടുത്തതു പോലും ഈ മലയാളിത്തത്തിൽ ഊന്നിക്കൊണ്ടാണ്. ആ ഐക്യ കേരളത്തെ ജാതി പറഞ്ഞും മതം പറഞ്ഞും ജീവിതശൈലി പറഞ്ഞും അനൈക്യ കേരളമാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അത് അനുവദിച്ചുകൂട.
കേരളം മതമൈത്രിയുടെ, സഹവര്‍ത്തിത്വ ജീവിതത്തിന്‍റെ, സാഹോദര്യത്തിന്‍റെ ഒക്കെ ലാസ്റ്റ് ഔട്ട് പോസ്റ്റ് ആണ്. അതു വീണുപോയിക്കൂട. കേരളീയതയെ പരിരക്ഷിച്ചുകൊണ്ടു തന്നെ ഇന്ത്യ എന്ന വികാരത്തെ ശാക്തീകരിക്കാന്‍ കഴിയണം. കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സാണു കേരളത്തിൽ , മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും ജീവിതസാഹചര്യങ്ങളും സൃഷ്ടിച്ചത്; കേരളത്തെ മതസൗഹാര്‍ദം മുതൽ ജീവിത നിലവാരം വരെയുള്ള കാര്യങ്ങളിൽ മാതൃകാ സംസ്ഥാനമാക്കിയത്.
ആ ഇടതുപക്ഷ കേരളത്തെ വലതുപക്ഷ കേരളമാക്കാനും ഐക്യ കേരളത്തെ അനൈക്യ കേരളമാക്കാനും ശ്രമം നടക്കുന്നു.

കേരളത്തിന്‍റെ ഐക്യാധിഷ്ഠിതമായ നിലനി പ്പുതന്നെ വലിയ ഭീഷണി നേരിടുന്നു. ഒറ്റ മനസ്സായി നിന്ന് നമുക്ക് ഇതിനെ നേരിടാന്‍ കഴിയണം; കേരളത്തെ രക്ഷിച്ചുകൊണ്ട് ഇന്ത്യയെ ശക്തിപ്പെടുത്താന്‍ കഴിയണം.

കേരളത്തെ രാജ്യമാകെ ഉറ്റുനോക്കുന്നുണ്ട്. ആ നോട്ടം വലിയ ഉത്തരവാദിത്വം നമ്മിൽ ഏൽപ്പിക്കുന്നുമുണ്ട്. ഒരേ മനസ്സായി നിന്ന് അതു നിര്‍വ്വഹിക്കാന്‍ നമുക്കു കഴിയണം. കൊച്ചു കേരളം എന്നല്ലാതെ മഹത്തായ കേരളം എന്നു പറയാന്‍ ശീലിക്കണം. ചെറിയ ഭാഷ എന്നല്ലാതെ മഹത്തായ ഭാഷ എന്നു പറയാന്‍ ശീലിക്കണം. കേരളത്തിന്‍റെ, മലയാളത്തിന്‍റെ മഹത്വം ആദ്യം നമ്മള്‍ മനസ്സിലുറപ്പിക്കണം. ആ ബോധ്യത്തിലുറച്ചു നിന്നുകൊണ്ട് കേരളീയതയുടെ ഓരോ അംശത്തെയും ഇല്ലാതാക്കുന്നതിനെതിരെ പൊരുതി മലയാളിസമൂഹം എന്ന നിലയ്ക്കുള്ള നമ്മുടെ സ്വത്വം ഉറപ്പിക്കാന്‍, അതിലൂടെ ദേശീയതയെ ശക്തിപ്പെടുത്താന്‍ നമുക്കു കഴിയണം.

ഈ കാഴ്ചപ്പാടോടെയാണ് സാംസ്കാരിക രംഗത്ത് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ തനതുകലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും കലാകാരന്മാരെ സംരക്ഷിക്കുന്നതിനും കല അവരുടെ ജീവനോപാധിയാക്കി മാറ്റുന്നതിനും ആവശ്യമായ ഇടപെടലുകളാണ് കഴിഞ്ഞ ഏഴര വര്‍ഷക്കാലയളവിൽ സര്‍ക്കാര്‍ നടത്തിവരുന്നത്. കലാപ്രവര്‍ത്തനങ്ങളെയും സാംസ്കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും, അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനും ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. അവയെക്കുറിച്ചെല്ലാം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിപാദിക്കുക അസാധ്യമാണ്. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട ചിലതിനെക്കുറിച്ചു മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

വജ്രജൂബിലി ഫെലോഷിപ്പ്

എല്ലാ വിഭാഗം ജനങ്ങളിലും കലാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വജ്രജൂബിലി ഫെലോഷിപ്പ് മികവുറ്റ രീതിയി മുന്നോട്ടുപോവുകയാണ്. സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കിവരുന്നത്. ഇതിലൂടെ കേരളീയ കലാരൂപങ്ങളായ ക്ലാസിക്കൽ കല, അഭിനയ കല, ചിത്രകല, ശില്പകല, ഫോക്ലോര്‍ കലാരൂപങ്ങള്‍ എന്നിവയിൽ സൗജന്യമായി പരിശീലനം നൽകുകയാണ്. അദ്ധ്യാപകരായ കലാകാരന്മാര്‍ക്ക് 17,500 രൂപയാണ് ഫെലോഷിപ്പായി നൽകുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം ഇതുവരെയായി 15.98 കോടി രൂപയാണ് ഈയിനത്തിൽ ചെലവഴിച്ചിട്ടുള്ളത്. 925 കലാകാരന്മാര്‍ ഇതിലൂടെ പരിശീലനം നേടിയിട്ടുണ്ട്.

കലാകാര പെന്‍ഷന്‍-ക്ഷേമപെന്‍ഷന്‍

വാര്‍ദ്ധക്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ആശ്വാസം പകരുന്നതിനായി നടപ്പാക്കിവരുന്നതാണ് കലാകാര പെന്‍ഷന്‍ പദ്ധതി. ഈ സര്‍ക്കാരിന്‍റെ കാലയളവിൽ 5,004 കലാകാരന്മാര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നൽകുന്നതിനായി 9.20 കോടി രൂപയാണ് ചെലവഴിച്ചത്.
ഇതുകൂടാതെ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ കലാകാരന്മാര്‍ക്ക് 4,000 രൂപ നിരക്കിൽ പെന്‍ഷന്‍ നൽകിവരുന്നുണ്ട്. ഈ സര്‍ക്കാരിന്‍റെ കാലയളവി 7,268 കലാകാരന്മാര്‍ക്കായി 31.97 കോടി രൂപയാണ് ചെലവഴിച്ചത്. ഇതോടൊപ്പം 8 പേര്‍ക്ക് ആശ്രിത പെന്‍ഷനും 539 പേര്‍ക്ക് കുടുംബ പെന്‍ഷനും നൽകിയിട്ടുണ്ട്.

ചികിത്സാ ധനസഹായം

സാംസ്കാരിക വകുപ്പിന്‍റെ ചികിത്സാധനസഹായ പദ്ധതി പ്രകാരം 30 കലാകാരന്മാര്‍ക്കായി 2.76 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.

എസ് സി - എസ് ടി വനിതാ സിനിമാ പദ്ധതി

സിനിമാരംഗത്ത് വനിതകളെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിൽ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്കാരിക വകുപ്പ് നടത്തിവരുന്ന എസ് സി, എസ് ടി, വനിതാ സിനിമാ പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. വനിതകളുടെ വിഭാഗത്തിലും, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലും രണ്ടു വീതം തിരക്കഥകള്‍ സിനിമയാക്കാന്‍ പരമാവധി 1.5 കോടി രൂപ വീതം വരെ സാമ്പത്തിക സഹായമായി ലഭ്യമാക്കുന്നുണ്ട്. ഇതുവരെ ഈ പദ്ധതിയിലൂടെ 4 സിനിമകള്‍ക്കായി 6 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

സാംസ്കാരിക സമുച്ചയങ്ങള്‍

കേരളത്തിന്‍റെ സാംസ്കാരികപെരുമ നിലനിര്‍ത്തി വരുംതലമുറയ്ക്ക് അതിനെക്കുറിച്ച് അറിവ് പകുരുന്നതിനായി കഴിഞ്ഞ എ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് ജില്ലാ സാംസ്കാരിക സമുച്ചയങ്ങള്‍. സംസ്ഥാനത്തിന്‍റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും അഭിപ്രായ, ആവിഷ്ക്കാര സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും അവ പൊതുഇടങ്ങളിൽ പ്രചരിപ്പിക്കുന്നതിനും ഇത്തരം സമുച്ചയങ്ങള്‍ സഹായകമാകും.
നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്കായി ജില്ലകള്‍ തോറും 50 കോടി രൂപ വീതമാണ് അനുവദിക്കുന്നത്. കിഫ്ബി സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ശ്രീനാരായണ ഗുരുവിന്‍റെ പേരി കൊല്ലം ആശ്രാമം മൈതാനത്ത് 58 കോടി രൂപ ചെലവിൽ നിര്‍മ്മിച്ച സമുച്ചയം നാടിനു സമര്‍പ്പിച്ചു കഴിഞ്ഞു. കാസര്‍ഗോഡ് മടിക്കൈയിൽ സ്വാതന്ത്ര്യസമര സേനാനി ടി എസ് സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ നാമധേയത്തിൽ നിര്‍മിക്കുന്ന സമുച്ചയം, വി ടി ഭട്ടതിരിപ്പാടിന്‍റെ പേരിൽ പാലക്കാട് യാക്കരയിൽ നിര്‍മ്മിക്കുന്ന സാംസ്കാരിക കേന്ദ്രം എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.

കിളിമാനൂര്‍ ആര്‍ട്ടിസ്റ്റ് റസിഡന്‍സി സ്റ്റുഡിയോ

വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ ജന്മദേശമായ കിളിമാനൂരിൽ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി രാജാ രവിവര്‍മ ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സി സ്റ്റുഡിയോ നിര്‍മ്മിച്ചിട്ടുണ്ട്.

ദേശീയ-അന്തര്‍ദേശീയ പ്രശസ്തരായ കലാകാരന്മാര്‍ക്ക് ഇവിടെ താമസിച്ച് കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സമം

ലിംഗ വിവേചനത്തിനെതിരെ ബോധവത്ക്കരണം ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന സമം പദ്ധതി വലിയ ഗുണഫലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ ക്യാമ്പയിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഗായിക കെ എസ് ചിത്രയാണ്. ഷീ റേഡിയോ, ഷോര്‍ട്ട് ഫിലിമുകള്‍, ശില്പശാലകള്‍, ഡോക്യുമെന്‍ററികള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങി വൈവിധ്യപൂര്‍ണമായ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുണ്ട്. ഇതിനു പുറമെ വിവിധ മേഖലകളിൽ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച 1,001 വനിതകളെ ആദരിക്കുന്നുമുണ്ട്. ഈ പദ്ധതിയുടെ നടത്തിപ്പിനായി ഇതുവരെ 1.05 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്

തിയേറ്റര്‍ നവീകരണം

ആധുനിക കാലഘട്ടത്തിലെ സിനിമാ അനുഭവങ്ങള്‍ക്ക് ഒപ്പം നിൽക്കുവാനായി കഴിഞ്ഞ എൽ ഡി എഫ് സര്‍ക്കാരിന്‍റെ അവസാന കാലഘട്ടത്തിൽ 13.5 കോടി രൂപ ചെലവിൽ കൈരളി, നിള, ശ്രീ എന്നീ തിയേറ്ററുകളുടെ നവീകരണത്തിന് തുടക്കമിട്ടിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് ആ പദ്ധതി പൂര്‍ത്തീകരിച്ചു. വനിതാ - ശിശു - ഭിന്നശേഷി സൗഹൃദ രീതിയിലാണ് ഈ തീയേറ്ററുകള്‍ നവീകരിച്ചിട്ടുള്ളത്.

കേരള സംസ്കാര വ്യാപനം

കേരളത്തിന്‍റെ തനിമയും സംസ്കാരവും ലോകരാജ്യങ്ങള്‍ക്ക് പകര്‍ന്നു ന കുന്നതിനും, വിദേശരാജ്യങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും സംസ്കാരം മലയാളികള്‍ക്ക് ബോധ്യപ്പെടുന്നതിനുമായി നടപ്പാക്കിവരുന്ന കേരള സംസ്കാര വ്യാപനം എന്ന പദ്ധതി വിജയകരമായി മുന്നോട്ടു പോവുകയാണ്.

പൈതൃകഗ്രാമം പദ്ധതി

പാരമ്പര്യകലകളെയും കലാരൂപങ്ങളെയും അന്യംനിന്നു പോകുന്ന ശില്പ നിര്‍മാണങ്ങളെയും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൈതൃകഗ്രാമം. ഒരു പ്രദേശത്തെ മുഴുവന്‍ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും കലാ കേന്ദ്രങ്ങളെയും സംയോജിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

കലാകാരന്മാരുടെ അഭയകേന്ദ്രം

ജീവിതത്തിന്‍റെ അവസാന നാളുകളിൽ ആരും സംരക്ഷിക്കാനില്ലാതെ കഴിയുന്ന കലാകാരന്മാരെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് അഭയകേന്ദ്രം. ഇതിനായി ആലപ്പുഴ ജില്ലയിലെ നൂറനാട്ട് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

സ്വാതന്ത്ര്യ സ്മൃതി പാര്‍ക്ക്

നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട ഏടുകള്‍ അടയാളപ്പെടുത്തുന്നതിനായി സ്വാതന്ത്ര്യ സ്മൃതി പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. പുതുതലമുറയ്ക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട അറിവ് പകരുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ആര്‍ട്ട് പെര്‍ഫോമന്‍സ് പ്രോഗ്രാം

കേരളത്തിലെ കലാകാരന്മാര്‍ക്ക് രാജ്യാന്തര നിലവാരമുള്ള കലാകാരന്മാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുന്നതിനായാണ് ആര്‍ട്ട് പെര്‍ഫോമന്‍സ് പ്രോഗ്രാം ആവിഷ്ക്കരിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള 10 കലാകാരന്മാര്‍ ബംഗ്ലാദേശിലേക്കും അവിടെനിന്ന് 10 പേര്‍ ഇവിടേക്കും വന്നിട്ടുണ്ട്.

ഒ ടി ടി പ്ലാറ്റ്ഫോം ڊ സി സ്പേസ്

സര്‍ക്കാര്‍ സംവിധാനത്തി ഒ ടി ടി പ്ലാറ്റ്ഫോം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുഖേന അവതരിപ്പിക്കുന്ന "സി സ്പേസ്" ഒടിടി പ്ലാറ്റ്ഫോം ലോഞ്ചിങ്ങിനു തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുക്കുന്ന സിനിമകള്‍ക്ക് മാത്രം പണം ന ൽകുന്ന രീതിയാണ് ഇതിലുണ്ടാവുക. തിയറ്റര്‍ റിലീസിങ്ങിനു ശേഷമായിരിക്കും സിനിമകള്‍ സി സ്പേസ് ഒ ടി ടിയിലേക്ക് എത്തുകയെന്നതിനാൽ ഈ സംവിധാനം തിയേറ്റര്‍ വ്യവസായത്തെ ഒരു തരത്തിലും ബാധിക്കുകയില്ല. പ്രേക്ഷകന്‍റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക ന കുന്ന "പേ പ്രിവ്യൂ' സൗകര്യമായതിനാൽ ഇതിലേക്ക് സിനിമ നൽകുന്ന ഓരോ നിര്‍മാതാവിനും പിന്നീടുള്ള വര്‍ഷങ്ങളിൽ ഇതിന്മേലുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം ലഭിക്കും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ പുരസ്കാരം നേടിയതുമായ ചിത്രങ്ങള്‍ സി സ്പേസ് - ഒ ടി ടിയി പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നൽകും.

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം

ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനു കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകോത്തര നിലവാരമുള്ള സ്റ്റുഡിയോയാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി ആവിഷ്ക്കരിച്ച പദ്ധതിയുടെ ആദ്യഘട്ടമായി 70 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട നിലവാരമുള്ള രണ്ട് സ്റ്റുഡിയോ റൂമുകള്‍, പ്രിവ്യൂ റൂമുകള്‍, റെക്കോര്‍ഡിംഗ് തിയേറ്റര്‍, താമസസൗകര്യം ഉള്‍പ്പെടെ സിനിമാ നിര്‍മാണത്തിന് ആവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 16 മാസം കൊണ്ട് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈക്കം സത്യഗ്രഹം ശതാബ്ദി

അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരമായി കണക്കാക്കപ്പെടുന്ന വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി വിപുലമായ നിലയി ആഘോഷിച്ചു. വിവിധ വകുപ്പുകളുടെയും സാംസ്കാരിക വകുപ്പിന് കീഴിലെ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 603 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളും ആലോചിച്ചിട്ടുണ്ട്.

സര്‍വ്വമത സമ്മേളന ശതാബ്ദി

ശ്രീനാരായണ ഗുരുവിന്‍റെ ചരിത്രപ്രസിദ്ധമായ സര്‍വ്വമതസമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട്, 7 ജില്ലകളിൽ വിപുലമായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണ്. പുതുതലമുറയിൽ മതനിരപേക്ഷ കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതിന് ഇത് സഹായകരമാകും.

ബാലകേരളം പദ്ധതി

നാലിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളി പാഠ്യേതര കലാ സാംസ്കാരിക, ശാസ്ത്ര സാമൂഹ്യ മേഖലകളിൽ താത്പര്യം വളര്‍ത്തുന്നതിന് നടപ്പാക്കുന്ന ബാലകേരളം പദ്ധതി അന്തിമ ഘട്ടത്തിലാണ്. കുട്ടികളി പൗരബോധം വളര്‍ത്തുന്നതിന് ഈ പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ നിലയിൽ സാംസ്കാരിക രംഗത്തെയും സാംസ്കാരിക പ്രവര്‍ത്തകരെയും മുന്നിൽ കണ്ടുകൊണ്ടുള്ള കാലാനുസൃതമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇവയെല്ലാം തന്നെ നമ്മുടെ സാമൂഹിക ജീവിതത്തിന്‍റെ സമഗ്രത ഉറപ്പാക്കാന്‍ പോരുന്നവയാണ്. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ മനുഷ്യനെ ഭിന്നിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് സാംസ്കാരിക രംഗത്ത് ശക്തമായ ഇടപെടൽ ആവശ്യമാണ്.
വര്‍ത്തമാനകാല ഇന്ത്യയിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുന്ന വിനാശകരമായ വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ സാംസ്കാരിക രംഗത്തെ ഫലപ്രദമായ ഇടപെടൽ അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ ജനകീയ പ്രശ്നങ്ങള്‍ സാംസ്കാരിക അജണ്ടയുടെ കേന്ദ്രത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.