Skip to main content

കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ അവഗണനയ്‌ക്കെതിരെ കേരളത്തിലെങ്ങും ജനരോഷം ഇരമ്പുകയാണ്

തെരഞ്ഞെടുപ്പ് കമീഷൻ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പുതന്നെ എൽഡിഎഫ് 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തിറങ്ങിക്കഴിഞ്ഞു. ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്തുനിർത്തുകയെന്ന ലക്ഷ്യം നേടുന്നതിന് പരിചയസമ്പന്നരും കഴിവുമുള്ള രാഷ്ട്രീയനേതാക്കളെയാണ് എൽഡിഎഫ് ഓരോ മണ്ഡലത്തിലും സ്ഥാനാർഥിയാക്കിയിട്ടുള്ളത്. സിപിഐ എം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കേരള കോൺഗ്രസ് എം ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. സിപിഐ എം സ്ഥാനാർഥികളിൽ ഒരു പിബി അംഗവും നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉണ്ട്. ഇതിൽ ഒരാൾ നിലവിൽ മന്ത്രിയാണ്. നാല് മുൻമന്ത്രിമാരും രണ്ട് എംഎൽഎമാരും മത്സരരംഗത്തുണ്ട്. സിപിഐയും ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിൽ പരിണതപ്രജ്ഞരായ നേതാക്കളെയാണ് സ്ഥാനാർഥികളാക്കിയിട്ടുള്ളത്. കേരള കോൺഗ്രസ് എം ആകട്ടെ സിറ്റിങ് എംപിയെയാണ് മത്സരരംഗത്ത് ഇറക്കിയിട്ടുള്ളത്.

ഒരു മുന്നണി സംവിധാനത്തിൽ സാധാരണ ഉണ്ടാകാറുള്ള നേരിയ തർക്കങ്ങൾക്കുപോലും ഇട നൽകാതെയാണ് എൽഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കിയിട്ടുള്ളത്. എൽഡിഎഫിനുള്ള വ്യക്തമായ രാഷ്ട്രീയ ദിശാബോധവും ഐക്യവുമാണ് ഇതിലൂടെ തെളിയുന്നത്. എൽഡിഎഫിന്റെ എല്ലാ സ്ഥാനാർഥികളും പ്രചാരണരംഗത്ത് സജീവമായതോടെ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ വ്യക്തമായ മേൽക്കൈ നേടാൻ എൽഡിഎഫിന് കഴിഞ്ഞിരിക്കുന്നു. വലതുപക്ഷ മാധ്യമങ്ങൾപോലും ഈ വസ്തുത അംഗീകരിക്കാൻ നിർബന്ധിതമായി.

എൽഡിഎഫിൽനിന്ന്‌ തീർത്തും വ്യത്യസ്തമായ ചിത്രമാണ് യുഡിഎഫിലുള്ളത്. അനൈക്യത്തിന്റെയും ലക്ഷ്യബോധമില്ലായ്മയുടെയും നേർചിത്രമാണ് യുഡിഎഫ് മുന്നോട്ടുവയ്‌ക്കുന്നത്. ആദ്യമായി തുടർഭരണം നേടിയ എൽഡിഎഫിന്റെ മുന്നേറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തടയുമെന്ന പ്രഖ്യാപനത്തോടെ കാസർകോട്ടുനിന്ന്‌ ആരംഭിച്ച കോൺഗ്രസിന്റെ സമരാഗ്നിയാത്ര തീ കോരിയിട്ടത് കോൺഗ്രസ് പാർടിയിലും മുന്നണിയിലുമാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിലുള്ള തെറിവിളിയും ആഭാസത്തരവുമായി ഈ യാത്ര മാറി. മുൻ കാലങ്ങളിലൊക്കെ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലാണ് യാത്ര നടന്നിരുന്നത്. എന്നാൽ, ഇക്കുറി കെപിസിസി അധ്യക്ഷനെ ഇകഴ്ത്തിക്കാണിക്കാനായി അദ്ദേഹത്തോടൊപ്പം പ്രതിപക്ഷനേതാവും ജാഥാനേതാവായി. ഇതിലുള്ള നീരസം ആലപ്പുഴയിലെത്തിയപ്പോൾ കെ സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചു. വാർത്താസമ്മേളനത്തിന് എത്താൻ വൈകിയ വി ഡി സതീശനെ മാധ്യമപ്രവർത്തകരെ സാക്ഷിനിർത്തി കെ സുധാകരൻ അസഭ്യം പറഞ്ഞു. ഓൺ ചെയ്ത കാമറയുടെയും മൈക്കിന്റെയും മുമ്പിൽ നടന്ന ഈ അസഭ്യവർഷം ഇരുവരും തമ്മിലുള്ള മൂപ്പിളമ പോരിന്റെ ദൃശ്യം മാത്രമായിരുന്നു. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനിടെ ആദ്യം ആര് സംസാരിക്കും എന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പരസ്യമായി കലഹിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ആർക്കാണെന്ന തർക്കമാണ് അന്നത്തെ പരസ്യമായ പോരിന് കാരണമായത്. മറ്റൊരു വേളയിൽ ഇംഗ്ലീഷിലുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യം വ്യക്തമാകാതിരുന്ന സുധാകരനെ സഹായിക്കാൻപ്പോലും സതീശൻ തയ്യാറായില്ല. ഏതായാലും സമരാഗ്നിയിൽ അസഭ്യമാണ് പുകഞ്ഞതെന്ന് മലയാള മനോരമയ്‌ക്കുപോലും തലക്കെട്ട് നിരത്തേണ്ടി വന്നു. സുധാകരന്റെ തെറിവിളിയിൽ കുപിതനായ വി ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ സന്നദ്ധനായെന്നും മനോരമ എഴുതി. ജ്യേഷ്‌ഠാനുജന്മാരാണെന്ന് പറഞ്ഞ് പ്രശ്നത്തിന്റെ കാഠിന്യം കുറയ്‌ക്കാൻ പിന്നീട് ശ്രമമുണ്ടായെങ്കിലും കോൺഗ്രസിലെ കാര്യങ്ങൾ ഒട്ടും ശുഭകരമല്ലെന്ന് ആലപ്പുഴയിലെ സംഭവം വ്യക്തമാക്കി. മുൻ പിസിസി പ്രസിഡന്റുമാർപോലും സമരാഗ്നിയുടെ ഭാഗമാകാൻ തയ്യാറാകാതിരുന്നത് ഇതാണ് സൂചിപ്പിക്കുന്നത്.

കോൺഗ്രസിലെ സ്ഥിതി ഇതാണെങ്കിൽ യുഡിഎഫിലെ ആകെ ചിത്രവും വ്യത്യസ്തമല്ല. യുഡിഎഫിൽ കോൺഗ്രസിനോളം രാഷ്ട്രീയബലമുള്ള കക്ഷിയാണ് മുസ്ലിംലീഗ്. അവരുടെ പിന്തുണയില്ലെങ്കിൽ കോൺഗ്രസിന് നിയമസഭയിൽ അംഗത്വംപോലും ബുദ്ധിമുട്ടാകും. എന്നാൽ, കോൺഗ്രസിന്റെ സഹായമില്ലാതെയും ലീഗിന് സീറ്റ് ലഭിക്കും. എന്നിട്ടും മൂന്നാമതൊരു സീറ്റിനായി വേഴാമ്പലിനെപ്പോലെ കേഴുകയാണ് മുസ്ലിംലീഗ്. അവസാനം രാജ്യസഭാ സീറ്റ് കാട്ടി മുസ്ലിംലീഗിനെ ഒതുക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മുസ്ലിംലീഗിനെ വഞ്ചിച്ച് കോൺഗ്രസ് തടിയൂരിയെങ്കിലും ലീഗണികൾ നേതൃത്വത്തിന്റെ തീട്ടൂരമനുസരിച്ച് വോട്ട് ചെയ്യുമെന്ന് കരുതാനാകില്ല. ഹിമാചൽപ്രദേശിലും മഹാരാഷ്ട്രയിലും ബിഹാറിലും കോൺഗ്രസ് ജനപ്രതിനിധികൾ നിരനിരയായി ബിജെപിയിലേക്ക് ഒഴുകുന്നത് അവർ കാണുന്നുണ്ട്. കേരളത്തെ കടന്നാക്രമിക്കുന്ന ബിജെപിക്കെതിരെ സമരം നയിക്കാൻ മടിച്ചുനിൽക്കുന്ന കോൺഗ്രസ് എങ്ങനെയാണ് ദേശീയതലത്തിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ചോദ്യം ഓരോ മതനിരപേക്ഷവാദിയെയും അലട്ടുകതന്നെ ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം ജില്ലയിലെ മുദാക്കൽ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസ് ഒരു മടിയുമില്ലാതെ ബിജെപിയുമായി കൂട്ടുകൂടിയത് ഇവർ കാണുന്നുണ്ട്. ഹിമാചൽ ആവർത്തിക്കാൻ കേരളത്തിലെ കോൺഗ്രസുകാരും മടിക്കില്ല എന്നതിന്റെ സൂചനയാണ് മുദാക്കൽ നൽകുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിട്ടും സ്ഥാനാർഥികളെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ് ഉലയുകയാണ്. ലോക്‌സഭയിൽ നിലവിലുള്ള എംപിമാരെ വീണ്ടും നിർത്താനാണ് സാധ്യത എന്നാണ് മാധ്യമറിപ്പോർട്ടുകളിൽ കാണുന്നത്. എന്നാൽ, ഭൂരിപക്ഷം എംപിമാരുടെയും പ്രവർത്തനം മോശമാണെന്ന ആക്ഷേപം ജനങ്ങളിൽനിന്ന്‌ ഉയരുന്നതിനാൽ എളുപ്പത്തിൽ കാര്യങ്ങൾ തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. കേരളത്തിനു വേണ്ടിയോ ജനകീയവിഷയങ്ങൾ ഉയർത്തിയോ പാർലമെന്റിൽ ഒരു പോരാട്ടവും നടത്താൻ തയ്യാറാകാത്ത ഇവരെ എന്തിന് തെരഞ്ഞെടുത്ത് അയക്കണം എന്ന ചോദ്യമാണ് നാട്ടിൻപുറങ്ങളിൽനിന്ന്‌ ഉയരുന്നത്. കരുത്തരായ സ്ഥാനാർഥികളെ എൽഡിഎഫ് രംഗത്തിറക്കിയത് ഇവരുടെ തലവേദന വർധിപ്പിച്ചു. അവസാനം കേൾക്കുന്ന വാർത്ത കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മത്സരിക്കുമെന്നാണ്. ഇതിനർഥം കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ സുധാകരൻ ഉടൻ ഒഴിവാക്കപ്പെടുമെന്നാണ്. സുധാകരനെ നേതൃസ്ഥാനത്തുനിന്നു മാറ്റാനുള്ള എതിർപക്ഷത്തിന്റെ ചെപ്പടിവിദ്യയാണ് അദ്ദേഹത്തിനുള്ള സ്ഥാനാർഥിത്വം.

ബിജെപിക്കാകട്ടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇടംനേടാൻ ഇനിയും കഴിഞ്ഞിട്ടില്ല. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കേരള പദയാത്രയെ ബിജെപിക്കാർപോലും ശ്രദ്ധിച്ച മട്ടില്ല. കോഴിക്കോട്ട് ജാഥയ്‌ക്കിടെ നടന്ന ജാതിവിവേചനവും പൊന്നാനിയിൽ "അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം’ എന്ന ഗാനവും യാത്രയെ വിവാദത്തിലാക്കി. ചൊവ്വാഴ്ച ജാഥ സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ ആശ്വസിച്ചത് ബിജെപി പ്രവർത്തകർതന്നെയായിരിക്കും. ജാഥ തുടർന്നാൽ കൂടുതൽ നാണക്കേട് സഹിക്കേണ്ടി വരുമെന്നതിനാലാണിത്. ജാഥാ സമാപനത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി മോദി രണ്ടക്ക സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെട്ടപ്പോൾ രാഷ്ട്രീയ കേരളം ചിരിച്ചു മണ്ണ് കപ്പുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റ് കടക്കുമെന്ന മോദിയുടെ അവകാശവാദം എത്രമാത്രം പൊള്ളയാണെന്ന് ഇതോടെ മലയാളികൾക്ക് ബോധ്യമായിട്ടുണ്ടാകും.

കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട സാമ്പത്തിക വിഷമങ്ങൾക്കിടയിലും ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേത്. മുഖ്യമന്ത്രിയും മന്ത്രിസഭയും ഒന്നടങ്കം ഒരു മാസത്തിലധികമെടുത്ത് കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ചെന്ന് കേന്ദ്ര അവഗണനയുടെ തിക്‌തഫലങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ഡിവൈഎഫ്‌ഐ ആകട്ടെ കേന്ദ്ര അവഗണനയ്‌ക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന്, കേരളത്തിലെ മന്ത്രിസഭയും എൽഡിഎഫ് എംഎൽഎമാരും എംപിമാരും ഡൽഹിയിൽ സമരം ചെയ്തു. നവകേരള സദസ്സിലേക്കും ഡൽഹി സമരത്തിലേക്കും പ്രതിപക്ഷത്തെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുത്തില്ല. ബിജെപിക്ക് മുമ്പിൽ നല്ലപിള്ള ചമയാനാണ്‌ അവർക്ക് താൽപ്പര്യം. പ്രേമചന്ദ്രൻ മോദിയുടെ ഉച്ചഭക്ഷണത്തിന് പോയതിന്റെ പിന്നിലുള്ള ചേതോവികാരവും ഇതുതന്നെയാണ്. കേരളത്തിന് അർഹമായത് നേടിയെടുക്കാനുള്ള സമരത്തിൽപ്പോലും പങ്കെടുക്കാത്ത യുഡിഎഫിനെ ജനങ്ങൾ ശിക്ഷിക്കാൻ തുടങ്ങിയെന്ന് ഈ മാസം 23 തദ്ദേശഭരണ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കി. അഞ്ച് സീറ്റ് മാത്രമുണ്ടായിരുന്ന എൽഡിഎഫ് സീറ്റ് ഇരട്ടിയാക്കി വർധിപ്പിച്ചു. യുഡിഎഫിന്റെ നാലും ബിജെപിയുടെ മൂന്നും സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. വലതുപക്ഷവും അവരെ അന്ധമായി പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ശ്രമിച്ചിട്ടും എൽഡിഎഫിനെ ജനങ്ങളിൽനിന്ന്‌ അകറ്റാൻ കഴിഞ്ഞില്ലെന്ന്‌ ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ, അവഗണനയ്‌ക്കെതിരെ കേരളത്തിലെങ്ങും ജനരോഷം ഇരമ്പുകയാണ്. ആ തീക്കാറ്റിൽ ബിജെപിയും അവരോടൊപ്പംചേർന്ന് എൽഡിഎഫ് സർക്കാരിനെ വേട്ടയാടുന്ന യുഡിഎഫും ചാമ്പലാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻമുന്നേറ്റംതന്നെ എൽഡിഎഫ് നടത്തും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.