മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ കൂടി അംഗീകാരം ലഭിച്ചതോടെ ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് സഹകരണ മേഖലയുടെ വിജയമാണ്. നേരത്തെ ജസ്റ്റിസ് പി ഗോപിനാഥന്റെ സിംഗിൾ ബെഞ്ച് ലയനം ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ആ ഹർജി തള്ളിക്കൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. മുൻപ് സിംഗിൾ ബഞ്ച് ഉത്തരവ് വന്നപ്പോൾ സ്റ്റേ ആവശ്യവുമായി സുപ്രീം കോടതയിയെ സമീപിച്ചിരുന്നു. അന്ന് തന്നെ സ്റ്റേ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
മലപ്പുറം ജില്ലാ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിന് അനുമതി നൽകിയ ഉത്തരവിനെതിരെയാണ് കോടതിയെ സമീപിച്ചത്. സഹകരണ നിയമത്തിൽ 14( എ) യിലും 74( എച്ച്)ലും വരുത്തിയ നിയമഭേദഗതികൾ ബാങ്ക് റഗുലേഷൻ നിയമത്തിൽ 2020 ൽ വരുത്തിയ ഭേദഗതികൾക്കും ഡി.ഐ.ജി.സി ആക്ട് 1961 ലെ വ്യവസ്ഥകൾക്കും എതിരായതിനാൽ അത് റദ്ദാക്കണമെന്ന വാദമാണ് മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ലത്തീഫ് കേസില്‍ ഉന്നയിച്ചത്. ആദ്യം 14 ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തത്വത്തിൽ അനുമതി നൽകിയ റിസർവ് ബാങ്ക് ഈ കേസിൽ പരാതിക്കാരന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. സഹകരണ നിയമത്തിൽ വരുത്തിയ ഭേദഗതി ബാങ്കിങ്ങ് റെഗുലേഷൻ (അമന്റ്‌മെന്റ്) ആക്ടിലെ 45, 46 എന്നിവയ്ക്ക് വിരുദ്ധമാണ് എന്ന വാദവും ഉന്നയിച്ചിരുന്നു.
ഈ വിഷയങ്ങൾ പരിശോധിച്ച കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് സഹകരണ നിയമത്തിലെ 14(എ) 74(എച്ച്) എന്ന വ്യവസ്ഥകൾ ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ പരിധിയിൽ വരുന്നതാണെന്നും, അവ ഒരു കാരണവശാലും ബാങ്കിഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയല്ലായെന്നും അസന്നിഗ്ധമായി പ്രഖ്യാപിച്ചു. മാത്രമല്ല ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ ലിസ്റ്റ് 1 എൻട്രി 43 ൽ 'സഹകരണ സ്ഥാപനങ്ങളെ' വ്യക്തമായി ഒഴിവാക്കിയിട്ടുള്ളതാണ്, മാത്രമല്ല സഹകരണ നിയമത്തിലെ ഭേദഗതികൾ നിയമപരമാണെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.
റിസർവ് ബാങ്കിന്റെ വാദങ്ങളും അന്ന് സിംഗിൾ ബഞ്ച് നിരാകരിക്കുകയുണ്ടായി. ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെയാണ് റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവർ കേരള ഹൈക്കോടതിയിൽ വീണ്ടും അപ്പീൽ ഫയൽ ചെയ്യ്തത്. ആ അപ്പീലുകളാണ് കോടതി തള്ളിയത്. സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിന് റിസർവ് ബാങ്ക് നൽകിയ അനുമതി തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്തു അപ്പീൽ സമർപ്പിച്ചത് കൗതുകകരമാണെന്നും, ചിലപ്പോൾ ആശയക്കുഴപ്പം മൂലമാവാം ഇത് സംഭവിച്ചതെന്നും ഈ വിധിയോടെ ആശയക്കുഴപ്പം മാറുമെന്നും ഹൈക്കോടതി വിധി ന്യായത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. സഹകരണ മേഖലയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിധി.